മമ്മൂട്ടിക്ക് ഇരട്ട സൂപ്പർഹിറ്റ്; സംപൂജ്യരായി മോഹന്‍ലാലും ദിലീപും; 2024 ല്‍ ആകെ പിറന്നത് 25 ഹിറ്റ് സിനിമകള്‍
മുന്‍വർഷങ്ങളെ അപേക്ഷിച്ച് മലയാള സിനിമാലോകത്തിന് താരതമ്യേന ഭേദപ്പെട്ട വിജയങ്ങള്‍ സമ്മാനിച്ച വർഷമായി 2024. കളക്ഷന്‍ റെക്കോർഡുകള്‍ മറികടന്ന മഞ്ഞുമ്മല്‍ ബോയിസും അവേശവും പ്രേമലുവും അടക്കം 22 വിജയ ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ റിലീസ് ചെയ്തത്. ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിയ റൈഫില്‍ ക്ലബ്ബ്, മാർക്കോ, ഇഡി എന്നീ മൂന്ന് ചിത്രങ്ങളും മികച്ച അഭിപ്രായം നേടുന്നുണ്ട്. അങ്ങനെയെങ്കില്‍ കടന്നുപോകുന്ന വർഷം വിജയം കൈവരിക്കാനായ മലയാള ചിത്രങ്ങളുടെ എണ്ണം 25 തികയ്ക്കും.
ക്രിസ്മസ് ദിനത്തില്‍ റിലീസ് ചെയ്യാന്‍ പോകുന്ന മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ഫാന്റസി ത്രീഡി ബറോസ് കൂടെ കണക്കിലെടുത്താല്‍ 2024 ആകെ 207 ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എണ്ണത്തില്‍ 2023 നെ അപേക്ഷിച്ച് (222) നേരിയ ഇടിവും ഇത്തവണ രേഖപ്പെടുത്തി. വിജയ ചിത്രങ്ങളുടെ എണ്ണത്തില്‍ വർധനവുണ്ടായെങ്കിലും ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1000 കോടിയുടെ നഷ്ടമെങ്കിലും നിർമ്മാതാക്കള്‍ക്കുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.

തിയേറ്ററില്‍ നിന്ന് മാത്രം ലഭിച്ച വരുമാനം വിലയിരുത്തി ഫിലിം ചേംമ്പർ നടത്തിയ വിലയിരുത്തലില്‍ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് അടക്കം 11 ചിത്രങ്ങളാണ് സൂപ്പർ ഹിറ്റ് ചാർട്ടില്‍ ഇടം നേടിയിരിക്കുന്നത്. ടെലിവിഷൻ സാറ്റലൈറ്റ്, ഒടിടി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചേംബർ കണക്കാക്കിയിട്ടില്ല. റെഫില്‍ ക്ലബ്ബും മാർക്കോയും ഹിറ്റ് ചാർട്ടിലേക്ക് കയറുകയാണെങ്കില്‍ ആകെ ഹിറ്റ് ചിത്രങ്ങള്‍ 13 ആകും.
മഞ്ഞുമ്മൽ ബോയ്സിന് പുറമെ പ്രേമലു, ഭ്രമയുഗം, ആവേശം, ആടുജീവിതം, വർഷങ്ങൾക്കു ശേഷം, ഗുരുവായൂർ അമ്പല നടയിൽ, ടർബോ, വാഴ, എആർഎം, കിഷ്കിന്ധാകാണ്ഡം എന്നിവയാണ് സൂപ്പർ ഹിറ്റ് പടങ്ങള്‍. 3 എണ്ണമൊഴികെ ബാക്കിയെല്ലാം ചെയ്തത് യുവസംവിധായകരാണ് എന്നതാണ് ശ്രദ്ധേയം. മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ പട്ടികയിലുള്‍പ്പെട്ടപ്പോള്‍ മോഹന്‍ലാല്‍, ദിലീപ് എന്നിവർക്ക് 2024 ല്‍ ഒരു ഹിറ്റ് പോലുമില്ല. മലൈക്കോട്ടെ വാലിബന്‍ എന്ന ഒറ്റ ചിത്രമാണ് മോഹന്‍ലാലിന്റേതായി ഈ വർഷം പുറത്തിറങ്ങിയത്.
ഏബ്രഹാം ഓസ്‍ലർ, അന്വേഷിപ്പിൻ കണ്ടെത്തും, ബൊഗെയ്ൻവില്ല, ഹലോ മമ്മി, സൂക്ഷ്മദർശിനി, പണി എന്നീ ചിത്രങ്ങളെ ഹിറ്റുകളെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലവൻ, ഗോളം, നുണക്കുഴി, അഞ്ചക്കള്ള കോക്കൻ, ഉള്ളൊഴുക്ക് എന്നിവയും ആവറേജ് ഹിറ്റുകളായി. തിയേറ്റർ വരുമാനത്തിന് പുറമെ ടെലിവിഷൻ സാറ്റലൈറ്റ്, ഒടിടി വരുമാനം കൂടി ലഭിക്കുന്നതോടെ ഏതാനും സിനിമകള്‍ കൂടെ നിർമ്മാതാവിന്റെ കീശ ചോരാതെ കാക്കുമെങ്കിലും നഷ്ട ചിത്രങ്ങളുടെ കണക്ക് 150 -ഓളം വരും.












Click it and Unblock the Notifications