"മോഹൻലാൽ എന്ത് ചിന്തിക്കുന്നുവെന്ന് മുഖത്ത് നോക്കിയാൽ മനസിലാവില്ല, മമ്മൂട്ടിയുടെ മനസിൽ നിറയെ സ്നേഹം"
മലയാളത്തിന്റെ അഭിമാനങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. അഞ്ച് പതിറ്റാണ്ടോളമായി ഇരുവരും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ഇക്കാലത്തിന് ഇടയിൽ നിരവധി പ്രഗത്ഭ സംവിധായകരുമായും എഴുത്തുകാരുമായും ഇവർ സഹകരിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകൻ വേണു ബി നായർ ഇപ്പോൾ ഇവരോടൊപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. മുൻപ് ഡെന്നിസ് ജോസഫിന് ഒപ്പം പ്രവർത്തിക്കുമ്പോൾ ഇവരോട് കഥ പറയാൻ പോയ സംഭവങ്ങളാണ് അദ്ദേഹം മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കവെ തുറന്ന് പറഞ്ഞത്.
വേണു ബി നായരുടെ വാക്കുകൾ ഇങ്ങനെ
ഡെന്നിസ് ജോസഫ് കഥ പറയുമ്പോൾ കുട്ടികളോട് കഥ പറയുന്ന രീതിയിലാണ് എന്നോട് പറയുന്നത്. കുളിച്ച് റെഡിയായി പ്രാർത്ഥന ഒക്കെ കഴിഞ്ഞിട്ടാണ് പുള്ളി വരിക. പുള്ളിയുടെ വീടിന്റെ മുകളിൽ ഒരു ഹട്ട് പോലെ ഉണ്ടായിരുന്നു. അവിടെയാണ് ഞാൻ താമസിച്ചിരുന്നത്. ഞാൻ അവിടെ പോവുമ്പോൾ പുള്ളി കഥ പറയും. നമ്മൾ വേറെ ഓരോ കാര്യങ്ങൾ സംസാരിച്ച ശേഷമാണ് കഥ പറഞ്ഞു തുടങ്ങുന്നത്. കഥയിലേക്ക് കടന്നു കഴിഞ്ഞാൽ പിന്നെ വേറെ ഒരു സംസാരവുമില്ല. അതിനെ കുറിച്ച് മാത്രമാണ് പിന്നെ സംസാരിക്കുക.

കഥ പറഞ്ഞു കഴിഞ്ഞാൽ എന്നോട് വെറുതെ കൊറച്ച് എഴുതാൻ പുള്ളി പറയും. എനിക്ക് അന്ന് അത് വളരെ വലിയ അതിശയമായിരുന്നു. ബാത്‌റൂമിൽ ഒക്കെ പോയി ഇരിക്കുമ്പോഴാണ് പുള്ളി അതൊക്കെ വായിക്കുന്നത്. വളരെ സ്‌പീഡിൽ ആയിരിക്കും ഇതൊക്കെ വായിക്കുക. നല്ല ഓർമ്മയിൽ നിൽക്കുകയും ചെയ്യും. അത് നമ്മുടെ കഥയുമായി സംയോജിപ്പിക്കും. അപ്പോൾ ആ കഥാപാത്രങ്ങളുമായി നല്ല രീതിയിൽ സിങ്ക് ആവും.
മൂന്ന് നാല് പ്രാവശ്യം അങ്ങനെ ആവുമ്പോൾ നമുക്ക് എവിടെ എങ്കിലും പോവാം എന്നിട്ട് എഴുതാമെന്ന് പുള്ളി പറയും. ഞങ്ങൾ പോയി കഴിഞ്ഞാൽ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം കൊണ്ടൊക്കെ പുള്ളി സ്ക്രിപ്റ്റ് എഴുതി തീർക്കും. അങ്ങോട്ട് ഒന്നും പറയാൻ സമ്മതിക്കില്ല പിന്നെ. നമ്മൾ പിന്നെ ആ സ്ക്രിപ്റ്റ് എന്തെങ്കിലും കറക്ഷൻ ഒക്കെ ഉണ്ടെങ്കിൽ ചെയുക മാത്രമാണ്. അതിനകത്തെ ഡയലോഗ്‌സിൽ ഒരു കുത്തും കോമയും പോലെ പുള്ളിക്ക് നിർബന്ധമായിരുന്നു.
ഓരോന്നിനും ഓരോ അർത്ഥങ്ങൾ ഉണ്ട്. വളരെ നാച്ചുറലായി ആണ് പറയുന്നത്. എനിക്ക് അതുമായി സിങ്കാവും. അതൊക്കെ കൊണ്ട് ഈ കഥാപാത്രത്തെ മറ്റൊരാളിലേക്ക് ഫീഡ് ചെയ്യാൻ എനിക്ക് എളുപ്പമാണ്. മമ്മൂട്ടി കഥയൊക്കെ ഇരുന്ന് കേൾക്കും. ശരിക്കും പറഞ്ഞാൽ മമ്മൂട്ടിയും ഡെന്നിസ് ജോസഫും തമ്മിൽ നല്ലൊരു ബന്ധമായിരുന്നു. മമ്മൂക്കയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ പുള്ളിക്ക് കഥ ഒരുപാടൊന്നും കേൾക്കേണ്ട.
വിശ്വാസമുള്ള ആളുകൾ പറഞ്ഞാൽ അത് മതി. ചിലർ എഴുതിയാൽ പുള്ളിക്ക് അത് മതി. അതുകൊണ്ട് പുള്ളിക്ക് ഒരു വിശ്വാസമുണ്ട്. ലൊക്കേഷനിൽ ചെല്ലുമ്പോൾ ആണ് പിന്നെ പുള്ളിക്ക് ഇത് വായിച്ചു കൊടുക്കുന്നത്. അവിടെ നിന്ന് പുള്ളി അത് കേൾക്കും പിന്നെ റീപ്രൊഡ്യൂസ് ചെയ്യുക ഒക്കെ ചെയ്യും. ഞാൻ കണ്ടിട്ടുള്ള ഒരു പൗരുഷമുള്ള വ്യക്തിയാണ് മമ്മൂക്ക. പുറമേ കാണിക്കില്ലെങ്കിലും ഉള്ളിൽ ഭയങ്കര സ്നേഹമുള്ള വ്യക്തിയാണ് മമ്മൂക്ക.
മുൻപ് നസീർ സാറിനെ മാത്രമാണ് ഞാൻ അങ്ങനെ കണ്ടിട്ടുള്ളത്. ലാലിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ പുള്ളി കഥ കേൾക്കും. മുഖത്ത് ഒരു ഭാവഭേദവും ഉണ്ടാവില്ല. പക്ഷേ, ആ സ്പോട്ടിൽ വരുമ്പോൾ അത് കൃത്യമായിരിക്കും. കഥ പറയുമ്പോൾ അത് ശ്രദ്ധിച്ചു കേൾക്കും. നമ്മളെ പഠിക്കും എന്നിട്ട് എല്ലാം മനസിലാക്കും. നമ്മൾ അതിശയിച്ചു പോവും അദ്ദേഹം അത് ചെയ്‌തു കഴിയുമ്പോൾ. അദ്ദേഹം ഒരു പ്രതിഭയാണ്.
നമുക്ക് പറയാൻ പറ്റില്ല, ഒരിക്കലും പ്രവചിക്കാൻ കഴിയില്ല. മുഖത്ത് നോക്കുമ്പോൾ അദ്ദേഹം എന്ത് ചിന്തിക്കുന്നുവെന്ന് നമുക്ക് കണ്ടുപിടിക്കാൻ കഴിയില്ല. പക്ഷേ അദ്ദേഹം അത് അവതരിപ്പിക്കുമ്പോൾ വളരെ ശ്രദ്ധയോടെ ഇരിക്കും. പുള്ളി ഒരു ഉപാസന പോലെയാണ് അത് ചെയ്യുന്നത്. എല്ലാം പഠിക്കുകയാണ്. എന്നിട്ട് ശരീരത്തിൽ അതിന്റെ താളങ്ങൾ നിലനിർത്തുന്നു. അന്നൊക്കെ മെയിൻ താരങ്ങൾക്ക് മാത്രമേ കഥ പറയേണ്ടൂ. ഇന്നതൊക്കെ മാറിയെന്ന് കേൾക്കുന്നു.












Click it and Unblock the Notifications