'കേരളത്തില്‍ കാല് കുത്തിയാല്‍ അവന്റെ കാല് തല്ലിയൊടിക്കും'; ധ്യാന്റെ 'മുന്നറിയിപ്പ്' ആര്‍ക്കിട്ട്
അഭിനയത്തേക്കാള്‍ ഉപരി അഭിമുഖങ്ങളിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ മലയാളി പ്രേക്ഷരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. അവതാരകന്റെ ചോദ്യങ്ങളോടുള്ള കുറിക്കു കൊള്ളുന്ന മറുപടികളും നര്‍മ സംഭാഷണങ്ങളും ധ്യാനിന്റെ അഭിമുഖങ്ങള്‍ക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. താന്‍ കടന്നു വന്ന വഴികളും നേരിട്ട പ്രതിസന്ധികളുമൊക്കെ ഒരു മറയുമില്ലാതെ താരം വെളിപ്പെടുത്തിയിട്ടുണ്ട്. വിവാദ ചോദ്യങ്ങളോടും മുഖംതിരിക്കാതെ കൃത്യമായ നിലപാട് ധ്യാന്‍ പങ്കുവെച്ചിട്ടുണ്ട്.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ കുപ്രസിദ്ധി നേടിയ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയക്കെതിരേയും ഹാസ്യതാരം ജസ്പ്രീത് സിങ്ങിനെതിരേയും ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന വിവാദ ഷോയ്ക്കിടെയായിരുന്നു ഇത്തരം അശ്ലീല പരാമര്‍ശങ്ങള്‍. മലയാളികളെ കളിയാക്കിയതിന്റെ പേരിലാണ് ജസ്പ്രീത് സിങ് എയറിലായത്. ജസ്പ്രീതിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മലയാളികള്‍ കൂട്ടത്തോടെയാണ് തങ്ങളുടെ എതിര്‍പ്പറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെയാണ് ജസ്പ്രീത് സിങ് കളിയാക്കിയത്. 'കേരള സര്‍, 100 % ലിറ്ററസി സര്‍......' എന്നാണ് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ ജസ്പ്രീത് പറഞ്ഞത്.

അതേസമയം, ഷോയ്ക്കിടെ മത്സരാര്‍ത്ഥിയുടെ മാതാപിതാക്കളെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയാണ് രണ്‍വീര്‍ എയറിലായത്.
കേരളത്തെ പറ്റിയുള്ള ജസ്പ്രീതിന്റെ പരാമര്‍ശത്തെക്കുറിച്ച് യുവതാരങ്ങള്‍ക്കിടയില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രാമോഷനോടനുബന്ധിച്ച് ഒരു കോളജിലെത്തിയപ്പോഴാണ് ധ്യാനിന്റെ പ്രതികരണം. കേരളത്തില്‍ കാല് കുത്തിയാല്‍ അവന്റെ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ധ്യാനിന്റെ മറുപടി. പരിപാടിക്കു ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളായിരുന്നു വിവാദം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ജസ്പ്രീതിന്റെ പരാമര്‍ശത്തെ പറ്റിയായിരുന്നു ചോദ്യമെങ്കിലും രണ്‍വീറിന്റെ പേര് പറഞ്ഞായിരുന്നു ധ്യാന്‍ മറുപടി നല്‍കിയത്.
ധ്യാനിനെക്കൂടാതെ നിരവധി യൂട്യൂബര്‍മാരാണ് ജസ്പ്രീതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്. അധിക്ഷേപ പരാമര്‍ശങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചതോടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. സംഭവം പൊലീസ് കേസായതോടെ യുട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയ മാപ്പ് പറഞ്ഞ് തടിതപ്പി. എന്നാല്‍ വലിയ വിമര്‍ശനമുണ്ടായിട്ടും കേരളത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജസ്പ്രീത് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications