മഞ്ഞുമ്മല്‍ ബോയ്‌സ് വെെകും? ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്
കൊച്ചി: മലയാള സിനിമ ഫെബ്രുവരി മാസത്തില്‍ മികച്ച ഹിറ്റുകളുമായി തിരിച്ചുവന്നതിന് പിന്നാലെ പ്രതിഷേധ സമരം പ്രഖ്യാപിച്ച് ഫിയോക്. ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്നാണ് ഫിയോക് പറയുന്നത്. നിലവില്‍ പ്രേമലു, അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം പോലുള്ള സിനിമകള്‍ മികച്ച രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
വലിയ കളക്ഷനും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഈ സമയത്താണ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഫിയോക് പ്രതിഷേധം സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമം മലയാളം സിനിമകള്‍ക്ക് മാത്രമാണ് ഈ വിലക്കുണ്ടായിരിക്കുക. അന്യഭാഷ ചിത്രങ്ങള്‍ അടക്കം കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് തടസ്സങ്ങളില്ല.

നിര്‍മാതാക്കളുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വെക്കാനുള്ള അവകാശം ഉടമയില്‍ നിലനിര്‍ത്തുക, കരാര്‍ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഫിയോക് നിര്‍മാതാക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നു.
ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് പ്രതിഷേധ സമരവുമായി മുന്നോട്ട് പോകാന്‍ ഫിയോക് തീരുമാനിച്ചിരിക്കുന്നതെന്നും വിജയകുമാര്‍ വ്യക്തമാക്കി. അതേസമയം ഫെബ്രുവരി 22 മുതല്‍ വലിയ മലയാള ചിത്രങ്ങള്‍ തന്നെ റിലീസ് ചെയ്യാനുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് 22ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയാണ്.ഇതിനോടകം ട്രെയിലര്‍ അടക്കം ശ്രദ്ധിക്കപ്പെട്ട ചിത്രമാണിത്.
ചിത്രം റിലീസ് ചെയ്തില്ലെങ്കില്‍ മലയാള സിനിമയ്ക്ക് കാര്യമായ നഷ്ടങ്ങളും സംഭവിക്കാം. അതേസമയം 22ന് മുമ്പ് ഈ വിഷയത്തില്‍ എന്തെങ്കിലും ചര്‍ച്ചയോ തീര്‍പ്പോ ഉണ്ടായി കഴിഞ്ഞാല്‍ തീര്‍ച്ചയായും തിയേറ്ററിന്റെ സഹകരണം ഉണ്ടാവും. ഇതൊരു സമരമല്ല, പ്രതിഷേധമാണെന്നും വിജയകുമാര്‍ വ്യക്തമാക്കി.
നിലവില്‍ സിനിമ തിയേറ്ററിന് ഉള്ളില്‍ തിയേറ്ററിന് അനുയോജ്യമായ അല്ലെങ്കില്‍ തിയറ്റര്‍ ഓണര്‍ക്ക് ഇഷ്ടമായ പ്രൊജക്ടര്‍ വെക്കാനുള്ള അവകാശം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഡ്യുസേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഒരു നാലഞ്ച് പേര് ഒരു കമ്പനി രജിസ്റ്റര്‍ ചെയ്ത്, അവര്‍ ഒരു പുതിയ സര്‍വീസ് പ്രൊവൈഡര്‍മാരായി മാറിയിരിക്കുകയാണ് കേരളത്തില്‍. അവര്‍ പറയുന്ന പ്രൊജക്ടറേ വെക്കാന്‍ പാടുകയുള്ളൂ എന്നാണ് ആവശ്യപ്പെടുന്നത്. അത് സാധിക്കില്ലെങ്കില്‍ വെര്‍ച്വല്‍ പ്രിന്റ് ഫീസ് തിയേറ്റര്‍ ഉടമകള്‍ കൊടുക്കണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. ഇത് നിര്‍മാതാക്കളാണ് നല്‍കേണ്ടത്.
നിലവിലെ തിയേറ്ററുകളില്‍ ആളില്ലാത്ത അവസ്ഥയില്‍, അതും കൂടെ തിയേറ്റര്‍ കൊടുത്താല്‍ തിയേറ്റര്‍ എപ്പോള്‍ അടച്ച് പൂട്ടിയെന്ന് ചോദിച്ചാല്‍ മതി. അത്രത്തോളം ഭീകരമാണ് അവസ്ഥ. തിയേറ്റര്‍ ഉടമകളുടെ അവകാശത്തെ ഇല്ലാതാക്കി കൊണ്ട് അവര്‍ പറയുന്ന പ്രൊജക്ടര്‍ വെക്കണം എന്ന് പറയാനുള്ള അവകാശം ആര്‍ക്കും ഇല്ല. വേറെ ഒരു ഭാഷാ ചിത്രങ്ങള്‍ക്കും ഈ പ്രശ്‌നമില്ല. അതുകൊണ്ടാണ് ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തീരുമാനിച്ചതെന്നും വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications