'ഡിസംബർ 14ന് ഞാൻ നിവിൻ ചേട്ടന്റെ കൂടെയാണ് ആ സീൻ ചെയ്തത്'; തെളിവുമായി പാർവതിയും
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതിയിൽ നടന് അനുകൂലമായ തെളിവുകൾ പുറത്തുവിട്ട് നടി പാർവതി ആർ കൃഷ്ണ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം താൻ നിവിന്‍ പോളിക്കൊപ്പം 'വർഷങ്ങൾക്ക് ശേഷം' സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്നുവെന്നാണ് പാർവതി പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയയോിലാണ് പാർവതി ഇക്കാര്യം വിശദമാക്കുന്നത്. അന്നത്തെ വീഡിയോയും ചിത്രങ്ങളുമെല്ലാം പാർവതി പങ്കുവെച്ചിട്ടുണ്ട്.
'ഞാനൊരു വിഡിയോ കാണിക്കാം. 2023 ഡിസംബർ 14നെടുത്ത വിഡിയോയാണിത്. ഈ വീഡിയോയിൽ കാണുന്ന കോസ്റ്റ്യൂം നിങ്ങളിൽ കുറച്ച് പേർക്കെങ്കിലും മനസിലായി കാണും. അല്ലെങ്കിൽ ഞാൻ തന്നെ പറയാം. വിനീതേട്ടന്റെ 'വർഷങ്ങൾക്കുശേഷം' എന്ന സിനിമയിൽ ഞാനൊരു ചെറിയ ക്യാരക്ടർ ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബർ 14ന് ഞാൻ നിവിൻ ചേട്ടന്റെ കൂടെയാണ് ആ സീൻ ചെയ്തത്. ആ പറയുന്ന സ്റ്റേജിലെ ഷൂട്ടിൽ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസേജ് ചെയ്തിട്ടുണ്ടായിരുന്നു. അപ്പോൾ ഞാൻ പറയണ്ടേ? തീർച്ചയായും പറയണം. കാരണം അതാണ് സത്യം', പാർവതി കൃഷ്ണ പറഞ്ഞു.

ഡിസംബർ 14, 15, 16 തീയതികളാണ് തന്നെ നിവിൻ പോളി ദുബായിൽ വെച്ച് പീഡിപ്പിച്ചത് എന്നായിരുന്നു നേര്യമംഗലം സ്വദേശിയായ പരാതിക്കാരി ആരോപിച്ചത്. മുറിയിൽ കെട്ടിയിട്ട് ലഹരി തന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്. എന്നാൽ പരാതിക്കാരി ആരോപിക്കുന്ന ദിവസങ്ങളിൽ നിവിൻ തങ്ങൾക്കൊപ്പം ഷൂട്ടിലായിരുന്നുവെന്ന് വ്യക്തമാക്കി വിനീത് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു.
'14 മുതൽ 15 ന് പുലര്‍ച്ചെ വരെ തനിക്കൊപ്പമായിരുന്നു നിവിൻ. എറണാകുളത്ത് നൂക്ലിയസ് മാളിലും ക്രൗൺ പ്ലാസയിലും വെച്ചാണ് ഷൂട്ടിങ് നടന്ന്. അതുകഴിഞ്ഞ് ഞങ്ങൾ കുറച്ച് സമയം സംസാരിച്ച് കഴിഞ്ഞാണ് പോയത്. ക്രൗൺ പ്ലാസയിലാണ് ഞങ്ങൾ ഉണ്ടായത്. അവൻ എന്നോട് പറഞ്ഞത് ഫാർമ എന്ന വെബ് സീരിസിന്റെ ഷൂട്ടിന് പോകുകയാണെന്ന് പറഞ്ഞാണ് പോയത്. നാട്ടിൽ തന്നെയായിരുന്നു അതിന്റെ ഷൂട്ടിങ്ങ്. ക്രൗൺ പ്ലാസയിൽ ചോദിച്ചാൽ നിവിന്റെ സിസിടിവി ഫൂട്ടേജ് കിട്ടും. 300 ൽ അധികം ജൂനിയർ ആർട്ടിസ്റ്റുകൾ അന്ന് നിവിനൊപ്പം ഉണ്ടായിരുന്നു സെറ്റിൽ. ഇവരൊക്കെ സാക്ഷികളാണ്. അന്ന് നിവിനൊപ്പം ഷൂട്ടിങ്ങിൽ നടി കൂടിയായ പാർവതി കൃഷ്ണയും ഉണ്ടായിരുന്നു. ആരോട് ചോദിച്ചാലും നിവിൻ അവിടെ ഉണ്ടായിരുന്നുവെന്ന് അറിയാം. അത്തരത്തിൽ നിരവധി തെളിവുകൾ ഉണ്ട്. ഒറ്റയ്ക്ക് വഴിവെട്ടി വന്നനാട എന്ന് പറയുന്ന ആ സീനുകളുടെ ഷൂട്ടൊക്കെ ഈ ദിവസങ്ങളിലാണ് നടന്നത്', എന്നായിരുന്നു വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്.
അതേസമയം പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ പരാതിക്കാരിയും കേരളത്തിൽ തന്നെയുണ്ടെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഇത് സംബന്ധിച്ച് പോലീസ് വിശദമായ പരിശോധന നടത്തും. പരാതിക്കാരിയുടെ യാത്ര വിവരങ്ങൾ പോലീസ് പരിശോധിക്കും. നിവിൻ താമസിച്ചെന്ന് പറയുന്ന ഹോട്ടലിൽ നിന്നുളള വിവരവും ശേഖരിക്കും. നേരത്തേ പരിശോധനയിൽ 2021 ന് ശേഷം ആരോപിക്കപ്പെടുന്ന ഹോട്ടലിൽ നിവിൻ മുറി എടുത്തിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തിയത്.












Click it and Unblock the Notifications