Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൃഥ്വിരാജിന്റെ പുറകേ ഒരുപാട് നടന്നുമടുത്തു, താരങ്ങൾക്ക് എന്തിനാണ് ഇത്രയും പൈസ'; ചോദ്യവുമായി വിജു വർമ്മ

സിനിമാ താരങ്ങളുടെ ഉയർന്ന ശമ്പളവും അത് നിർമ്മാതാക്കൾക്ക് മേൽ ബാധ്യതയാകുന്നതും ഒക്കെ കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമ ചർച്ച ചെയ്യുന്ന സുപ്രധാന വിഷയങ്ങളാണ്. നിർമ്മാതാക്കൾ ഭാരിച്ച ചിലവിനെ ക്കുറിച്ചും സിനിമകളുടെ പരാജയത്തെ കുറിച്ചും മനസ് തുറന്നതോടെയാണ് മോളിവുഡിൽ സമരത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. പ്രശ്‌ന പരിഹാരം ആയില്ലെങ്കിൽ ഇൻഡസ്ട്രി സ്‌തംഭിപ്പിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

അതിനിടയിൽ താരങ്ങളുടെ ശമ്പളകാര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ പല സംവിധായകരും നിർമ്മാതാക്കളും രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത് നാം കണ്ടതാണ്. ഇപ്പോഴിതാ പ്രമുഖ സംവിധായകൻ വിജു വർമ്മയും ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കുകയാണ്. താരങ്ങൾക്ക് എന്തിനാണ് ഇത്രയധികം ശമ്പളമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ടെക്‌നീഷ്യൻമാർക്ക് പ്രതിഫലം കുറവാണെന്നും അദ്ദേഹം പറയുന്നു.

vijuvarmanew

അവരുടെ മാർക്കറ്റ് വാല്യൂ ആണ് പ്രതിഫലം തീരുമാനിക്കുന്നതെങ്കിൽ പടം ജയിക്കുമെന്ന് ഉറപ്പ് നൽകാൻ കഴിയണമെന്നും വിജു വർമ്മ ചൂണ്ടിക്കാട്ടി. പൃഥ്വിരാജിനെ ഒരു കഥയുമായി സമീപിച്ചതും എന്നാൽ അത് നടക്കാതെ പോയതും അദ്ദേഹം പറയുന്നുണ്ട്. നടൻ ജോജു ജോർജിനെ കുറിച്ചും വിജു വർമ്മ മനസ് തുറക്കുകയുണ്ടായി. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. വിജു വർമ്മയുടെ വാക്കുകൾ.

ഓടും രാജയ്ക്ക് ശേഷം ഞാൻ അടുത്ത സിനിമയ്ക്ക് വേണ്ടി ഒരു സബ്‌ജക്റ്റ് എഴുതിയിരുന്നു. ഞാൻ അന്ന് സൗദിയിൽ മറ്റൊരു പ്രൊജക്‌ടുമായി ബന്ധപ്പെട്ട് പോയതായിരുന്നു. എന്റെ ആബ്‌സൻസിൽ റൈറ്ററായ വിനു എബ്രഹാമാണ് പൃഥ്വിരാജിനെ കണ്ടത്. അന്ന് അദ്ദേഹം ആ സബ്‌ജക്‌റ്റിൽ ഓക്കേ പറഞ്ഞിരുന്നു. വളരെ സന്തോഷത്തോടെയാണ് വിനു എബ്രഹാം അക്കാര്യം എന്നോട് പറഞ്ഞത്. പക്ഷേ ചില കാരണങ്ങൾ മൂലം ഞാൻ സൗദിയിൽ നിന്ന് വരാൻ വൈകി.

ഒരു വർഷത്തോളം കഴിഞ്ഞാണ് ഞാൻ നാട്ടിലെത്തിയത്. പിന്നീട് പൃഥ്വിരാജിന് തിരക്കേറിയതാവാം, പല തവണയായി നടന്ന മീറ്റിംഗുകളും ഫോൺ കോളുകളും ഒക്കെയുണ്ടായിരുന്നു. ഒടുവിൽ നടന്നുമടുത്തിട്ടാണ് ഞാൻ അത് വിട്ടത്. ആ കഥയും കൊണ്ട് ന്യൂജനറേഷനിലെ ചിലരോടൊക്കെ സംസാരിച്ചിരുന്നു. പക്ഷേ അതൊന്നും സെറ്റായില്ല.

പിന്നെയാണ് ജോജുവിനെ വെച്ച് ആലോചിക്കുന്നത്. അദ്ദേഹം കഴിവുള്ള അഭിനേതാവാണ്. എന്റെ സുഹൃത്ത് കൂടിയാണ്. സിനിമയിലൊക്കെ ഇത്രയധികം തന്റേടം കാണിക്കുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല. ഒരു മനുഷ്യൻ വളർന്നു വരുന്നത് കണ്ണിന്റെ മുൻപിൽ കണ്ടത് ജോജുവിന്റേതാണ്. കോവിഡ് കാരണമാണ് ജോജുവുമായുള്ള ഒരു പ്രൊജക്റ്റ് നടക്കാതെ പോയത്.

ഒരു സിനിമയുടെ ചിന്ത തുടങ്ങുന്നത് തൊട്ട് അതിന്റെ അവസാന വിജയമോ പരാജയമോ വരെ ഏറ്റുവാങ്ങാനുള്ളത് സംവിധായകനും നിർമ്മാതാവുമാണ്. പക്ഷേ അതിൽ ഏറ്റവും കൂടുതൽ പ്രതിഫലം നടൻമാർക്കാണ്. അതിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇത്രയധികം സിനിമകളിൽ ഇറങ്ങിയിട്ട് എത്രയെണ്ണം വിജയമായി. താരങ്ങൾ ഇത്രയധികം പ്രതിഫലം വാങ്ങുമ്പോൾ ആ വിജയവും അവർ ഉറപ്പ് നൽകണം.

സിനിമയുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കിൽ അവർ പ്രതിഫലം കുറയ്ക്കണം. എന്തിനാണ് ഇത്ര കോടികൾ ചിലവാക്കുന്നത്. എവിടേക്കാണ് ഈ പൈസ, എന്തിനാണ് ഈ പൈസ. ഇത് കൊറേ കഴിഞ്ഞാൽ കാർ വാങ്ങാം, വീട് വാങ്ങാം. എനിക്കൊന്നും ദിവസക്കൂലി കണക്കാക്കിയാൽ പോലും കിട്ടാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.

എന്തിന് ഇത്രയും ചിലവാക്കുന്നു. സിനിമയുടെ എണ്ണം കൂടണ്ടേ.. അതിലെ കണ്ടന്റ് കൂടണ്ടേ. അതിന്റെ ഭംഗി കൂടണ്ടേ.. ക്രിയേറ്റിവ് മേഖലകളിൽ എല്ലാം നല്ല രീതിയിൽ ഗുണനിലവാരം മെച്ചപ്പെടട്ടെ. എന്താണ് ശരിക്കും സിനിമയ്ക്ക് ഗുണം. വീണ്ടും അതേ പ്രൊഡ്യൂസർ പടം ചെയ്യണം എന്നതായിരിക്കണം ഏതൊരു നടന്റെയും ആഗ്രഹം. സ്‌റ്റാർഡം ആണ് ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായും താരങ്ങൾ ചിത്രത്തിൽ കാര്യമായി ഇടപെടുകയും ചെയ്യും.

ഞാൻ ചെയ്‌ത സിനിമ ഒരിക്കലും സ്‌റ്റാർഡം നോക്കിയിട്ടായിരുന്നില്ല. അതൊരു വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിർമ്മാതാവിന് ഒരു പരാതിയും ഉണ്ടായിരുന്നില്ല. എന്നാൽ എല്ലാ പൈസയും ഒരാളിലേക്ക് മാത്രം ചുരുങ്ങുകയാണ്. ശരിക്കും പറഞ്ഞാൽ മണിക്കൂറുകളോളം കഷ്‌ടപ്പെടുന്ന ഒരാൾക്ക് ഇത്രയും വേദനയുണ്ടോ..

അത്രയും അധ്വാനിക്കുന്ന ആൾക്ക് ഇത്രയും പണം നൽകിയാൽ മതിയോ. രണ്ട് പടം ചെയ്‌ത എനിക്ക് ഫെഫ്ക്കയുടെ മെമ്പർഷിപ്പ് എടുക്കാൻ പോലുമുള്ള പണം കിട്ടിയിട്ടില്ല. അതിലൊരു പരാതിയുമില്ല. ഇതൊരു പാഷൻ കൂടിയല്ലേ. എന്നിട്ടോ പ്രമോഷന് പോലും വേണ്ടി ചില ആർട്ടിസ്‌റ്റുകൾ വരുന്നില്ലെന്ന് കേട്ടിട്ടില്ലേ. അത് നടക്കുന്നുണ്ട് നമ്മുടെ നാട്ടിൽ.

അത്രയും പണം കൈപ്പറ്റിയിട്ടും പ്രമോഷൻ പരിപാടികൾക്ക് ഒന്നും വരാതെ മൂടുംതട്ടി അങ്ങ് പോവുകയാണ്. ഇതെന്താണ്, എന്തൊരു രീതിയാണിത്. അവർ ഈ പൈസയുടെ വലിയൊരു പങ്കും കൊണ്ട് പോവുകയും ചെയ്യുക പേരിന് പോലും പ്രമോഷന് വരാതിരിക്കുകയും ചെയ്യുന്ന എന്ന് പറയുമ്പോൾ അതെന്തൊരു അവസ്ഥയാണ്.

ഇപ്പൊ പറയുന്നു റൈറ്റ്സ് കൊടുക്കുന്നുവെന്ന്. അങ്ങനെയൊക്കെ നാം കേൾക്കുന്നില്ലേ. ഓവർസീസ് റൈറ്റ് കൊടുത്തു തുടങ്ങി. താരങ്ങൾക്ക് നൂറ് കണ്ടീഷനുകൾ ആയിരിക്കും. ഒരു കലാകാരൻ തന്നെ പറയുകയാണ് ഇന്നയിന്ന ആളുകൾ വേണ്ട, ഇയാളെ വേണ്ട. അയാളുടെ ജാതകം എനിക്കൊന്ന് പരിശോധിക്കണം എന്നൊക്കെ പറയാറുണ്ട്.

ഇതെല്ലാം ഉണ്ടാക്കിയിട്ട് പ്രൊഡ്യൂസർ അവസാനം വീടില്ലാതെ കഷ്‌ടപ്പെടുന്നത് കാണേണ്ടി വന്നിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാൻ എനിക്കൊരു പിടിയുമില്ല, അതിലൊട്ടുക്ക് മടിയുമില്ല. എന്തിനാണ് ഈ പൈസ. ഈ ഇരുന്ന ഇരുപ്പിൽ വടിയായി പോവും. പിന്നെയാണോ ഈ പൈസയുടെ കാര്യം വലുതായി കൊണ്ട് നടക്കുന്നത്. എത്ര വർഷമാണ് നമ്മളെ ഇങ്ങനെ നടത്തിക്കുന്നത്.

ഇപ്പോഴത്തെ താരങ്ങളോട് ഞാൻ കഥകൾ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെയാണ് ഒരു ആർട്ടിസ്‌റ്റിനോട് സബ്‌ജെക്റ്റ് പറയാൻ എന്തൊരു പാടാണ്. ഇപ്പോൾ അവർക്ക് സമയമില്ല. വേണമെങ്കിൽ ക്രിയേറ്റിവ് ആയിട്ടൊള്ളോരു ആളെ മാനേജർ ആയിട്ട് വച്ചുകൂടെ. തമിഴിലൊക്കെ അങ്ങനെയുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. മലയാളത്തിൽ എങ്ങനെ ആണെന്ന് എനിക്ക് അരിയില്ല.

എനിക്ക് ഇത്തരം അനുഭവങ്ങൾ വേറെയുമുണ്ട്. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഒരാളുടെ അടുത്ത് കഥയുമായി ഞാൻ ചെന്നു. ഫോണിലൂടെ ആയിരുന്നു ഞങ്ങൾ സംസാരിച്ചിരിക്കുന്നത്. ഞാൻ ഏത് മേഖലയിലെ സിനിമയാണെന്ന് വരെ അയാൾക്ക് വിശദീകരിച്ച് കൈ നൽകി. എന്നാൽ ഇത്തരം സിനിമ ഇഷ്‌ടമല്ലെന്നും അടിപ്പടം, മസിൽ കാണിക്കുന്നത് ഒക്കെ വേണമെന്നുമാണ് ആ നടൻ പറഞ്ഞത്.

അതേസമയം, ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് വേണ്ടി വിജു വർമ്മ ചെയ്‌ത സിനിമയായ ഓടും രാജ ആടും റാണി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണികണ്ഠൻ പട്ടാമ്പിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചിരിക്കുന്നത്. ടിനി ടോം, ജോജു ജോർജ് ഉൾപ്പെടെയുള്ള വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

ചിത്രം ബോക്‌സ് ഓഫീസിൽ പരാജമായിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിനെ പ്രധാന വേഷത്തിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന് ഭാഗമാവാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവേ ചാന്തുപൊട്ട് സിനിമയേയും അതിന്റെ അണിയറ പ്രവർത്തകരെയും വിജു വർമ്മ വിമർശിച്ചിരുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തെ മോശമായി ചിത്രീകരിക്കുകയാണ് ചിത്രം ചെയ്‌തത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നായകനായ ദിലീപിനെയും സംവിധായകൻ പേരെടുത്ത് വിമർശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+