മോഹന്‍ലാലും മമ്മൂട്ടിയും അല്ല, അമ്മയിലെ ഒന്നാം നമ്പറുകാരന്‍ സുരേഷ് ഗോപി: കാരണം അന്ന് കൊടുത്ത ആ 25000
മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റെടുത്ത് കഴിഞ്ഞു. പ്രസിഡന്റായി മോഹന്‍ലാല്‍ തുടരുമ്പോള്‍ സിദ്ധീഖാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതുതായി എത്തിയത്. 25 വർഷത്തിലേറെയായി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന ഇടവേള ബാബുവിന് പകരക്കാരനായിട്ടാണ് സിദ്ധീഖിന്റെ വരവ്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന്‍ എന്നിവരെ സിദ്ധീഖ് പരാജയപ്പെടുത്തുകയായിരുന്നു. വൈസ് പ്രസിഡന്റുമാരായി ജയന്‍ ചേർത്തലയും ജഗദീഷും ജോയിന്റെ സെക്രട്ടറിയായി ബാബു രാജും വിജയിച്ചു. സംഘടനയുടെ ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദന്‍ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.

കൊച്ചിയില്‍ നടന്ന അമ്മയുടെ വാർഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കേന്ദ്ര മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് താരങ്ങള്‍ ഊഷ്മളമായ സ്വീകരണവും ഒരുക്കിയിരുന്നു. ഇടക്കാലത്ത് സംഘടനയുമായി അകന്നെങ്കിലും അമ്മ സംഘടനയുടെ അംഗത്വത്തിലെ ഒന്നാം നമ്പറുകാരന്‍ സുരേഷ് ഗോപിയാണ്.
1994 ല്‍ സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്നാണ് സംഘടനയ്ക്ക് രൂപം കൊള്ളുന്നതെന്നാണ് മണിയന്‍പിള്ള രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സംഘടന രൂപീകരിക്കാനായി 25000 രൂപയും അദ്ദേഹം അന്ന് തന്നു. തുടർന്ന് ഞാനും ഗണേഷ് കുമാറും 10000 രൂപ വീതം ഇട്ട് തിരുവനന്തപുരത്ത് ആദ്യ യോഗം വിളിച്ചു. സംഘടനയിലെ ഒന്നാം നമ്പറുകാരന്‍ സുരേഷ് ഗോപിയും രണ്ട് ഗണേഷ് കുമാറും മൂന്നാമത് ഞാനുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മണിയന്‍പിള്ള രാജുവിന്റെ ഈ വാക്കുകള്‍ സിനിമാ പ്രേക്ഷകർക്കിടയില്‍ പലർക്കും പുതിയ ഒരു അറിവായിരുന്നു. സംഘടനയ്ക്ക് അമ്മ എന്ന പേര് നിർദേശിച്ചത് മുരളിയാണെന്നതും പലരെ സംബന്ധിച്ചും പുതിയ അറിവായിരുന്നു. ഇതെല്ലാം വ്യക്തമാക്കിക്കൊണ്ട് പത്മിനി കെ ധനേഷ് എന്നരു പ്രേക്ഷകന്‍ സിനിമ ആരാധക കൂട്ടായ്മയായ സിനിഫൈലില്‍ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
'അമ്മ' സംഘടനയിലെ അഗംത്വത്തിന്‍റെ ഒന്നാം നമ്പര്‍ സുരേഷ് ഗോപിയുടേതാണ്, രണ്ട് ഗണേഷ് കുമാര്‍, മൂന്ന് മണിയന്‍പിള്ള രാജു. 1994ല്‍ സുരേഷ് ഗോപിയാണ് മണിയന്‍പിള്ള രാജുവിനോട് പറയുന്നത് ബാക്കി എല്ലാവര്‍ക്കും സംഘടന ആയിട്ടുണ്ട്. നമുക്ക് മാത്രം എന്ത്കൊണ്ട് സംഘടന ഇല്ലെന്ന്..?
രാജുചേട്ടന്‍ ഇതിന് മുന്നിട്ടിറങണം എന്ന് പറഞ്ഞ് ഇരുപത്തായ്യായിരം രൂപ കൈയ്യില്‍ വച്ച് തന്നൂ. ശേഷം പതിനായിരം രൂപ ഞാനും,ഗണേഷ് കുമാറും ഇട്ടാണ് തിരുവനന്തപുരത്ത് പഞ്ചായത്ത് ഹാളില്‍ 85 പേരെ വച്ച് ആദ്യത്തെ മീറ്റിങ് നടക്കുന്നത്. 'അമ്മ' എന്ന പേരുണ്ടാക്കുന്നത് മുരളി ആണെന്നും അറിഞത് ഇന്നലെയാണ്.
ഇന്നലെ സുരേഷ് ഗോപിക്ക് പ്രത്യേക ക്ഷണിതാവായി അമ്മയിലേക്ക് എത്തിയപ്പോഴും ഒരു സൂപ്പര്‍ സ്റ്റാര്‍ പട്ടമുള്ള നായകനെപ്പോലെ തന്നെയാണ് വന്നത്. കേന്ദ്രമന്ത്രിയാണെന്ന ഒരു ഭാവവും അവിടെ കണ്ടില്ല.
പകരം പലരുടേയും സ്നേഹവും പരിലാളനയും കൊണ്ട് കീഴ്പ്പെടുന്ന ഒരു മനുഷ്യനെയാണ് കണ്ടത്.
പ്രസംഗത്തിന്‍റെ അവസാനത്തെ കൈകൂപ്പലുകളില്‍ അദ്ദേഹത്തിന്‍റെ കണ്ണ് ഈറനണിഞത് സദസ്സിലുള്ളവരുടേയും കണ്ണിലേക്കത് പകര്‍ന്നൂ. തന്നെ നായകനാക്കിയത് തനിക്ക് വേണ്ടി തല്ലുകൊണ്ട പലരുടേയും കഷ്ടപ്പാടുകളും, രാജന്‍ പി ദേവ് ,നരേന്ദ്രപ്രസാദ്, എന്‍ എഫ് വര്‍ഗ്ഗീസ് എന്ന വില്ലന്മാരും ഉള്ളതുകൊണ്ടാണെന്ന് പറഞപ്പോള്‍, അതിലൊരു ചരിത്രപരമായ ധ്വനി ഉണ്ടായിരുന്നൂ.
അതേസമയം, അമ്മയുടെ ഒരു സ്റ്റേജ് ഷോ നടത്തി പരാജയം ആയപ്പോൾ സുരേഷ്ഗോപിയുടെമേൽ കുറ്റം ചാർത്തിയ മാഫിയ അംഗങ്ങൾ. ആ സംഘടനയിൽ കേറാൻ പോലും തോന്നാതെ വർഷങ്ങളോളം സുരേഷ് ഗോപി മാറി നിന്നു. തട്ടിപ്പ്കാരൻ എന്ന് മുദ്ര കുത്തി അന്ന് ചോദ്യം ചെയ്തു നിന്നവർ ആണല്ലോ ഇന്നു ഇതിന്റ മുൻനിരയിൽ നിന്ന് കെട്ടിപിടിച്ചു സ്വീകരിക്കാൻ പുഞ്ചിരിയോടെ നിൽക്കുന്നത്. എത്ര ഒക്കെ ചിരിച്ചാലും അവിടെ നിൽകുമ്പോൾ സുരേഷ് ഗോപിയ്ക്ക് പഴയത് ഒന്നും മറക്കാൻ ആകില്ല....പറഞ്ഞവരെയും' എന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിച്ചത്.












Click it and Unblock the Notifications