സുരേഷ് ഗോപി സ്വര്‍ണ തളിക ഒരുക്കി; നരേന്ദ്ര മോദിക്ക് സമ്മാനിക്കും... പരിശോധിച്ച് എസ്പിജി
തൃശൂര്‍: മകളുടെ വിവാഹ തിരക്കിലാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിനിമാ താരങ്ങളുമെല്ലാം പങ്കെടുക്കുന്ന അപൂര്‍വ ചടങ്ങാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാകാനുള്ള ഒരുക്കത്തില്‍ കൂടിയാണ് സുരേഷ് ഗോപി. അതുകൊണ്ടുതന്നെ ഗുരുവായൂരില്‍ വച്ച് വിവാഹം നടക്കുമ്പോള്‍ മോദി എത്തുന്നത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുമെന്ന് തീര്‍ച്ച.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍ താരങ്ങളും വിവാഹ ചടങ്ങിനുണ്ടാകും. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ തൃശൂരിലെത്തും. ഗുരുവായൂരില്‍ വിവാഹ ചടങ്ങിലും തൃപ്രയാര്‍ ക്ഷേത്രത്തിലെ ദര്‍ശനവും കഴിഞ്ഞ ശേഷമാകും മോദിയുടെ മടക്കം. കനത്ത സുരക്ഷയാണ് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരുക്കിയിട്ടുള്ളത്. ചില സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധിയും നല്‍കിയിട്ടുണ്ട്.

അതിനിടെ നരേന്ദ്ര മോദിക്ക് സുരേഷ് ഗോപി വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കുമെന്നാണ് പുതിയ വാര്‍ത്ത. സ്വര്‍ണം കൊണ്ട് നിര്‍മിച്ച തളികയാണ് സമ്മാനിക്കുക. എത്രത്തോളം തൂക്കം വരുന്നതാണ് തളിക എന്ന് വ്യക്തമല്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകള്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘം പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം ലൂര്‍ദ് പള്ളിയിലെത്തി മാതാവിന് സ്വര്‍ണ കിരീടവും സുരേഷ് ഗോപി സമര്‍പ്പിച്ചിരുന്നു.
മോദിക്ക് അമൂല്യമായ സമ്മാനം നല്‍കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആഗ്രഹം. തുടര്‍ന്നാണ് സ്വര്‍ണത്തളിക നിര്‍മിച്ചിരിക്കുന്നത്. ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന് സ്വര്‍ണ കിരീടം നിര്‍മിച്ച അനു ആനന്ദന്‍ തന്നെയാണ് മോദിക്കുള്ള സ്വര്‍ണ തളികയും നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ വിശദമായ പരിശോധന എസ്പിജി പൂര്‍ത്തിയാക്കി. ആരാണ് നിര്‍മിച്ചത്, എവിടെയാണ് നിര്‍മിച്ചത് തുടങ്ങി എല്ലാ വിവരങ്ങളും കേന്ദ്ര ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
നരേന്ദ്ര മോദി വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ വച്ച് സുരേഷ് ഗോപി തളിക സമ്മാനിക്കും. ലൂര്‍ദ് കത്തീഡ്രലിലെ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാന്‍ സുരേഷ് ഗോപി മകള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണ് കഴിഞ്ഞ ദിവസം എത്തിയിരുന്നത്. പെരുന്നാളിന് എത്തിയപ്പോള്‍ നേര്‍ന്നത് പ്രകാരമായിരുന്നു സ്വര്‍ണ കിരീടം സമ്മാനിച്ചത്.
ഏകദേശം അഞ്ച് പവനിലാണ് കിരീടം നിര്‍മിച്ചത് എന്നാണ് വിവരം. പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. രണ്ടാഴ്ച കൊണ്ടാണ് കിരീടം പണിതത് എന്ന് അനു അനന്ദന്‍ പറഞ്ഞു. ഏറ്റവും ഭംഗിയായ കിരീടം വേണമെന്ന് മാത്രമാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി തന്ന സ്വര്‍ണത്തിലാണ് കിരീടം പണിതതെന്നും നിര്‍മാണത്തിന് ശേഷം ബാക്കി വന്ന സ്വര്‍ണം സുരേഷ് ഗോപിക്ക് തന്നെ കൈമാറിയെന്നും അനു അനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications