മാപ്പപേക്ഷിച്ച് ഭാസി, ഷെയ്ന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കും; ഇരുവരുടേയും വിലക്ക് നീങ്ങി
കൊച്ചി: നടന്‍മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. അച്ചടക്കമില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്നായിരുന്നു ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും വിലക്കേര്‍പ്പെടുത്തിയത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമാപണം നടത്തി ശ്രീനാഥ് ഭാസി കത്ത് നല്‍കി. ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങള്‍ക്കായി വാങ്ങിയ അഡ്വാന്‍സ് തുക തിരികെ നല്‍കാനും ധാരണയായി. ഷെയ്ന്‍ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇരുവരുടേയും വിലക്ക് സിനിമാ സംഘടനകള്‍ നീക്കിയത്.

സിനിമാ ലൊക്കേഷനില്‍ ശ്രീനാഥ് ഭാസിയും ഷെയ്ന്‍ നിഗവും അച്ചടക്കമില്ലാതെയാണ് പെരുമാറുന്നതെന്നായിരുന്നു ഇരുവര്‍ക്കുമെതിരായ പ്രധാന ആരോപണം. നിലവില്‍ ഡബ്ബിംഗ് നടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ പുതിയ സിനിമകളില്‍ ഇവരുമായി സഹകരിക്കില്ലെന്നായിരുന്നു സംഘടനകള്‍ അറിയിച്ചത്. അതേസമയം നിര്‍മാതാക്കള്‍ക്ക് സ്വന്തം തീരുമാനത്തില്‍ ഇവരെ വച്ച് സിനിമ ചെയ്യാമെന്നും സംഘടന അറിയിച്ചിരുന്നു.
ശ്രീനാഥ് ഭാസി അമ്മയുടെ അംഗമല്ലാത്ത സാഹചര്യത്തില്‍ താരസംഘടന ആദ്യം വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. പിന്നീട് ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പായതിന് ശേഷം ശ്രീനാഥ് ഭാസിക്ക് അംഗത്വം നല്‍കിയാല്‍ മതിയെന്നായിരുന്നു അമ്മയുടെ നിലപാട്. വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ശ്രീനാഥ് ഭാസി അമ്മയില്‍ അംഗമായേക്കും.
അതേസമയം ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായിട്ടായിരുന്നു താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത് അറിയിച്ച് കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് അമ്മയുടെ മുന്‍കൈയില്‍ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് നീങ്ങിയിരിക്കുന്നത്.
ശ്രീനാഥ് ഭാസി ഒരേ സമയം ഒന്നിലധികം സിനിമകളുടെ കരാര്‍ ഒപ്പിടുന്നുണ്ടെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചുവെന്നുമായിരുന്നു നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നത്. എത്ര സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ടെന്ന ധാരണ പോലും ഭാസിക്കില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു.
ഷെയിന്‍ നിഗം സോഫിയ പോള്‍ നിര്‍മ്മിച്ച ആര്‍ ഡി എക്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ റോളിന് പ്രാധാന്യം കുറവാണെന്നും പറഞ്ഞ് പ്രശ്നമുണ്ടാക്കിയിരുന്നെന്നും എഡിറ്റിംഗ് കാണണം എന്ന് പറഞ്ഞ് നിര്‍ബന്ധം പിടിച്ചെന്നുമായിരുന്നു പരാതി. ഇരുവരും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വൈകിയാണ് എത്താറുള്ളത് എന്നും ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications