'മിമിക്രി പോലും നേരെ ചൊവ്വേ ചെയ്യാൻ അറിയാത്തവനാണ് ടിനി ടോം, മണിയടി കൊണ്ട് ജീവിക്കുന്ന നടൻ'; ആലപ്പി അഷ്‌റഫ്
കഴിഞ്ഞ ദിവസമാണ് നടൻ ടിനി ടോമിനെതിരെ പ്രേം നസീറിന്റെ ബന്ധുവും പ്രമുഖ നടനും സംവിധായകനുമായ എംഎ നിഷാദ് രംഗത്ത് വന്നത്. അടുത്തിടെ ടിനി ടോം നടത്തിയ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. സിനിമകൾ ഇല്ലാതായ സമയത്ത് പ്രേം നസീർ മേക്കപ്പ് ഇട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹുദൂറിന്റെയും വീടുകളിൽ പോയി കരഞ്ഞിട്ടുണ്ട് എന്നായിരുന്നു ടിനി പറഞ്ഞത്.
ഇതിനെതിരെ ശക്തമായ ഭാഷയിൽ ആയിരുന്നു എംഎ നിഷാദിന്റെ പ്രതികരണം. തലയിൽ വിഗ് വച്ച് ആളെപ്പറ്റിക്കാൻ ഇറങ്ങിയ വ്യക്തി ആയിരുന്നില്ല പ്രേം നസീർ എന്നും ടിനി ടോമിനെതിരെ എംഎ നിഷാദ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി ടിനിയും രംഗത്ത് വന്നു. താൻ പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് എന്നായിരുന്നു ടിനിയുടെ മറുപടി.

ഇപ്പോഴിതാ ടിനിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. മര്യാദയ്ക്ക് മിമിക്രി ചെയ്യാൻ പോലും അറിയാത്ത ആളാണ് ടിനി ടോമെന്നും സ്വന്തം ശബ്‌ദമാണ് ആരെ അനുകരിച്ചാലും കിട്ടുകയെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രേം നസീറിനെ കൊണ്ട് ഇനി ഒരു ഗുണവും കിട്ടാനില്ലെന്ന് ടിനിയ്ക്ക് അറിയാമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
പ്രേം നസീർ സിനിമയില്ലാതെ സ്‌റ്റാർഡം നഷ്‌ടമായി മനസ് വിഷമിച്ച് അടൂർ ഭാസിയുടെയും ബഹുദൂറിന്റെയും വീടുകളിൽ പോയിരുന്നു കരഞ്ഞുവെന്നും എല്ലാ ദിവസവും മേക്കപ്പ് ഇട്ട് പുറത്തിറങ്ങി കരഞ്ഞു കരഞ്ഞാണ് അദ്ദേഹം മരിച്ചതെന്നും ടിനി ടോം പറയുന്നു. മിമിക്രി പോലും നേരെ ചൊവ്വേ മര്യാദയ്ക്ക് ചെയ്യാൻ അറിയാത്തവനാണ് ടിനി ടോം. ഏത് നടന്റെ ശബ്‌ദം അനുകരിച്ചാലും സ്വന്തം ശബ്‌ദമായി തന്നെയാണ് പുറത്തുവരിക.
മണിയടി കൊണ്ടും സോപ്പിടൽ കൊണ്ടുമൊക്കെ ഉപജീവനം നടത്തുന്ന നടനാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും പോലും ഏറെ ബഹുമാനത്തോടെ കാണുന്ന ഇന്നത്തെ സംവിധായകർ പോലും ഗുരുതുല്യനായ കാണുന്ന നടനാണ് പ്രേം നസീർ.
നസീർ സാർ ആരാണെന്ന് ഈ തള്ളൽ വീരൻ മനസിലാക്കിയിട്ടില്ല. ആ മഹാൻ നന്മയുടെ, മനുഷ്യത്വത്തിന്റെ പ്രതീകമാണ്. താൻ ആദ്യം അദ്ദേഹത്തിന്റെ ജീവചരിത്രം എടുത്തൊന്ന് വായിക്കാൻ നോക്കൂ. എത്ര നീചമായ വാക്കുകൾ ഉപയോഗിച്ചാണ് അദ്ദേഹത്തെ ഇയാൾ അപമാനിച്ചത്. ഇത് അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് വലിയ വിഷമമാണ്. മോദി അധികാരമേറ്റപ്പോൾ അദ്ദേഹത്തിന് ഗദ്ദാഫിയുടെ ഗതി വരുമെന്നാണ് ടിനി പറഞ്ഞത്.
അത് വലിയ പ്രതിഷേധത്തിന് കാരണമായി. പിന്നീട് സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആവുന്നത് വരെ ഇത്തിൾക്കണ്ണിയായി പറ്റിക്കൂടി, അവസാനം അയാൾക്കിട്ടും ഒരു താങ്ങ് കൊടുത്തു. ബിഗ് ബോസിൽ പങ്കെടുത്ത ഡോ. രജിത് കുമാറിനെ അനുകൂലിച്ച ഒരു സ്ത്രീയെ വിളിച്ച് അശ്ലീലം പറഞ്ഞതിന്റെ തെളിവുകൾ ഇപ്പോഴും പലരുടെയും കൈയിൽ ഉണ്ട്.
നസീർ ഫൗണ്ടേഷന്റെ ഭാരവാഹികൾ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് അറിയിച്ചു കഴിഞ്ഞു. നസീർ സാറിനെ മോശമായി പരാമർശിച്ചവനെ അമേരിക്കയിൽ വച്ച് ചെവിക്കല്ലിന് അടികൊടുത്ത ആളാണ് നിർമ്മാതാവ് ജി സുരേഷ് കുമാർ. അത് നസീർ സാറിനോടുള്ള സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി തന്നെ കണക്കാക്കാം.
തമിഴ്‌നാട്ടിൽ ജെമിനി ഗണേശനെ കുറിച്ചുള്ള ഒരു കഥയുണ്ട്, അത് അതേപടി ഇങ്ങോട്ട് മാറ്റിയതാവാം. ഇയാൾ പറയുന്നു ഞാൻ അമ്മ സംഘടനയിൽ ഏഴ് വർഷം എക്‌സിക്യൂട്ടീവ് ആയി പ്രവർത്തിച്ചിട്ടുണ്ടെന്ന്. അതിന്റെ ഫലമാണ് ഇന്ന് അമ്മ സംഘടന അനുഭവിക്കുന്നത്. തിലകനും പിജെ ആന്റണിക്കും നെടുമുടി വേണുവിനും ശേഷം ഇടമുള്ള അഭിനേതാവാണ് താനെന്ന് വിശ്വസിക്കുന്ന വിഡ്ഢി കൂശ്മാണ്ടമാണ് ഇയാൾ.
നസീർ സാറിനെ കൊണ്ട് ഇനി തനിക്ക് ഒരു ഗുണവുമില്ലെന്ന് ടിനിക്ക് നന്നായി അറിയാം. നസീർ സർ അസുഖ ബാധിതനായി കിടക്കുന്നത് വരെയും അദ്ദേഹത്തിന് ആവശ്യത്തിലും അധികം ചിത്രമുണ്ടായിരുന്നു. അന്ന് ഭരിച്ചിരുന്ന ഗവൺമെന്റ് ഗവർണർ സ്ഥാനമോ അംബാസിഡർ സ്ഥാനമോ നസീർ സാറിന് നൽകാൻ തയ്യാറായിരുന്നു.












Click it and Unblock the Notifications