തസ്നി ഖാന്‍ പറഞ്ഞത് കേട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി: പക്രുവിനൊപ്പം ബസിലുണ്ടായ അനുഭവം പറഞ്ഞ് ടിനി ടോം
കലാരംഗത്തേക്ക് കടന്ന് വന്നപ്പോള്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് യാത്രകള്‍ പോകാന്‍ കഴിയും എന്നുള്ളതാണെന്ന് നടന്‍ ടിനി ടോം. ആളുകള്‍ നമ്മളെ പരിപാടികള്‍ക്കായി വിളിച്ചുകൊണ്ടുപോകും. പ്രത്യേകിച്ച് സ്റ്റേജ് പെർഫോമന്‍സുകാർക്ക് ഇത്തരത്തില്‍ കൂടുതല്‍ അവസരം ലഭിക്കും. അത്തരത്തില്‍ കുറേയാത്രകള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. ദൈവം തന്ന ഒരു ഭാഗ്യമായിരിക്കാം അതെന്നും ടിനി ടോം പറയുന്നു.
കുട്ടിക്കാലത്തൊക്കെ യാത്ര ചെയ്യാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല. പഠിക്കുന്ന കാലത്ത് ഒരു ടൂറ് പോലും പോകാത്ത വ്യക്തിയാണ് ഞാന്‍. വീട്ടില്‍ അത്തരമൊരു സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. എനിക്ക് ചോദിക്കാനും മടിയായിരുന്നു. 400-500 രൂപയൊക്കെ വലിയ തുകയായിരുന്നു. ചോദിച്ചാല്‍ ചിലപ്പോള്‍ വീട്ടുകാർ തരുമായിരിക്കും പക്ഷെ ഞാന്‍ ചോദിക്കില്ലായിരുന്നുവെന്നും കൗമുദി ടിവിയിലെ ടിനിക്കഥകള്‍ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറയുന്നു.

കോളേജില്‍ പഠിക്കുന്ന സമയത്ത് സോളമന്‍ എന്ന സുഹൃത്തിന്റെ സഹായത്തോടെ ടൂർ പോയിട്ടുണ്ട്. പൈസ ഇല്ലാതിരുന്നിട്ടും ടൂർ സംഘടിപ്പിക്കുന്ന അദ്ദേഹം എന്നെ കൂട്ടുകയായിരുന്നു. ആ ആദ്യത്തെ യാത്ര ഇന്നും ഞാന്‍ ഓർക്കുന്നു. ആ ഞാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു. നയാഗ്ര വെള്ളച്ചാടത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. പല ലോകാത്ഭുതങ്ങളും കണ്ടു. അതെല്ലാം മിമിക്രിക്കാരന്‍ ആയതുകൊണ്ട് മാത്രം നടന്നത്.
യാത്രകളില്‍ പ്രധാനമായും ഓർക്കുന്നത് ബസ് യാത്രയാണ്. പക്രുവും ഞാനും ചേർന്നതോടെ അവന്‍ കോട്ടയത്ത് നിന്നും വരണം. അവിടെ നിന്ന് അച്ഛന്‍ കയറ്റി വിടുകയും അങ്കമാലിയിലോ ആലുവയിലോ എത്തുമ്പോള്‍ ഞാന്‍ പോയി കൂട്ടിക്കൊണ്ട് വരികയും ചെയ്യും.
പരിപാടി കഴിഞ്ഞ് പലപ്പോഴും ബസ്സിന്റെ ബാക്ക് സീറ്റില്‍ കിടന്നു കൊണ്ടാണ് ഞങ്ങള്‍ വരിക. മറ്റുള്ളവർ നോക്കിയാല്‍ അമ്മയും കുഞ്ഞും കിടക്കുന്നത് പോലെയുണ്ടാകും. ഇടക്ക് ബസ് ബ്രേക്കിടുമ്പോള്‍ അവന്‍ സീറ്റില്‍ നിന്ന് തെറിച്ച് മുന്നിലേക്ക് പോകും. ബാക്ക് സീറ്റ് ആയതുകൊണ്ട് പിടിക്കാനൊന്നും സ്ഥലം ഉണ്ടാകില്ലാലോ, മാത്രവുമല്ല ഉറക്കവുമാണ്.
ഒരിക്കല്‍ കണ്ണൂരില്‍ പരിപാടി അവതരിപ്പിച്ച് വരുന്നതിന് ശേഷം സീറ്റില്‍ ഇവനേയും ഇരുത്തി ഞാന്‍ പുറത്ത് എന്തോ സാധനം വാങ്ങിക്കാന്‍ പോയി. തിരിച്ച് വന്ന് നോക്കുമ്പോള്‍ ഇവനെ കാണാനില്ല. വേറെ ഒരുത്തന്‍ ഇവനെ എടുത്ത് നിലത്ത് വെച്ച് അവിടെ കയറി ഇരിക്കുകയാണ്. പെട്ടെന്ന് എനിക്ക് വല്ലാതെ ദേഷ്യം വരികയും അവന്റെ കഴുത്തിന് കയറി പിടിക്കുകയും ചെയ്തു. അന്ന് വലിയ ബഹളമായി.
പുറത്ത് നിന്ന് തസ്നി ഖാന്‍ ഇത് കാണുന്നുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ തസ്നി ഖാന്‍ പറഞ്ഞത് കേട്ട് എന്റെ കണ്ണ നിറഞ്ഞ് പോയിരുന്നു. നിങ്ങള്‍ക്കൊക്കെ ജീവിതത്തില്‍ ഒരു വാഹനം വാങ്ങിക്കാനുള്ള ഭാഗ്യമെങ്കിലും ദൈവം കൊടുക്കണമേയെന്ന് അന്ന് ഞാന്‍ പ്രാർത്ഥിച്ചിരുന്നുവെന്നായിരുന്നു തസ്നി ഖാന്‍ പറഞ്ഞതെന്നും ടിനി ടോം വ്യക്തമാക്കുന്നു.
ഇപ്പോള്‍ എനിക്ക് ഒന്നില്‍ കൂടുതല്‍ വാഹനം ദൈവാനുഗ്രഹത്താല്‍ എനിക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിനെല്ലാം കാരണം അന്ന് നേരിട്ട കഷ്ടപ്പാടുകളായിരിക്കും. അന്ന് ആ കഷ്ടപ്പാടുകളെല്ലാം നമ്മള്‍ ആസ്വദിച്ചിരുന്നുവെന്നതാണ് സത്യം.
ഞാന്‍ ഒരു മാരുതി കാർ എടുത്തതിന് ശേഷം പക്രു പറയുമായിരുന്നു നമുക്ക് ഇതുപോലത്തെ കാർ അല്ല വേണ്ടതെന്ന്. സ്കോർപിയോ എടുക്കണം എന്നായിരുന്നു അവന്‍ പറഞ്ഞോണ്ടിരുന്നത്. മാസം വലിയ അടവാണ് വരുന്നത്, അതുകൊണ്ട് തന്നെ നമുക്ക് ചിന്തിക്കാന്‍ കഴിയാത്ത രീതിയിലുള്ളതായിരുന്നു അത്. എന്നാല്‍ അവന്‍ പറയുക 'ഇത്രയുള്ള എന്നെപ്പോലുള്ള ഒരാള്‍ക്ക് ഇങ്ങനെ ജീവിക്കാന്‍ കഴിയുമെങ്കില്‍ നിനക്കും സാധിക്കും' എന്നായിരുന്നു.
ഒടുവില്‍ എന്നെ പ്രകോപിപ്പിച്ച് അവന്‍ വണ്ടിയെടുപ്പിച്ചു. അതിന്റെ പിറ്റേ ദിവസം അവന്‍ പറയുകയാണ് "എന്റെ ആഗ്രഹമായിരുന്നു, നിന്നെക്കൊണ്ട് വണ്ടിയെടുപ്പിക്കണം എന്നുള്ളത്, എന്നെക്കൊണ്ട് നടക്കില്ല, പക്ഷെ എനിക്ക് സുഖിച്ച് യാത്ര ചെയ്യണം, നീ എങ്ങനേലും അടച്ചോ" എന്നും പറഞ്ഞ്. അവനെ സംബന്ധിച്ച് അതൊരു കാരവാനായിരുന്നുവെന്നും ടിനി ടോം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications