"ചില സീനുകൾ നെഞ്ചിന് ഭയങ്കര ഭാരം തോന്നുമെന്ന് പറഞ്ഞു, ലാലേട്ടന്റെ രണ്ട് സീനുകൾ ഒഴിവാക്കേണ്ടി വന്നു"
പൃഥ്വിരാജ് സംവിധാനം ചെയ്‌ത് ലൂസിഫർ ഫ്രാഞ്ചൈസിയിൽ രണ്ടാം ഭാഗമായി ഇറങ്ങിയ ചിത്രമായ എമ്പുരാൻ കളക്ഷൻ റെക്കോർഡുകൾ തീർത്ത സമയമാണ് ഇത്. മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്‌ത 'തുടരും' ആണ്. ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്‌റ്ററുകളിൽ നിന്ന് വ്യക്തമാവുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാൽ ഇത്തരമൊരു വേഷത്തിൽ എത്തുന്നത്.
ഷൺമുഖം എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. സാഗർ ഏലിയാസ് ജാക്കിക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ലളിത എന്ന വേഷത്തിൽ മോഹൻലാലിന്റെ ജോഡിയായാണ് ശോഭന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

ചിത്രം ഏപ്രിൽ 25നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയും തികഞ്ഞ പ്രതീക്ഷയിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകൾക്ക് ശേഷം എത്തുന്ന തരുൺ മൂർത്തിയുടെ ചിത്രമായതിനാൽ തന്നെ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ തരുൺ മൂർത്തി.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് തരുൺ മൂർത്തി മനസ് തുറന്നത്. 'തുടരും' എന്ന ചിത്രത്തെ കുറിച്ചും അതിൽ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചുമൊക്കെ തരുൺ മൂർത്തി വാചാലനായി. ചിത്രത്തിലെ ചില സീനുകൾ വായിക്കുമ്പോൾ നെഞ്ചിൽ ഒരു ഭാരം തോന്നുമെന്നാണ് തരുൺ മൂർത്തി പറയുന്നത്. മോഹൻലാലിന്റെ രണ്ട് സീക്വൻസുകൾ കട്ട് ചെയ്യേണ്ടി വന്നുവെന്നും സംവിധായകൻ പറഞ്ഞു.
തരുൺ മൂർത്തിയുടെ വാക്കുകൾ
ഒരു ഏഴാമത്തെയോ എട്ടാമത്തെയോ ഒക്കെ ഡ്രാഫ്റ്റ് എത്തുമ്പോഴാണ് നമുക്ക് ഒരു കോൺഫിഡൻസ് വരുന്നത്, ഈ സിനിമ ചെയ്യാമെന്നുള്ളത്. ഓപ്പറേഷൻ ജാവ ആണെങ്കിൽ പോലും നിർമ്മാതാവിനെ കാണാൻ പോവുന്നതിന് മുൻപ് ഒരുപാട് ഞാൻ റീ വർക്ക് ചെയ്‌തിരുന്നു. അന്ന് മൂഡ് അനുസരിച്ച് മാറ്റിയെഴുതും, അസിസ്‌റ്റൻസ് ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം ഞാൻ തന്നെയായിരുന്നു അന്ന് ചെയ്‌തു കൊണ്ട് ഇരുന്നത്. അങ്ങനെ വർക്ക് ചെയ്‌ത് ഏഴാമത്തെയോ എട്ടാമത്തെയോ ഡ്രാഫ്റ്റ് എത്തിയപ്പോഴാണ് അതിൽ സിനിമയുണ്ടെന്ന് മനസിലായത്.
അതിനിടയിൽ നമ്മൾ രണ്ടോ മൂന്നോ പേർക്ക് ഇത് വായിക്കാൻ ഒക്കെ കൊടുത്തിട്ട് അവരിൽ നിന്ന് ഫീഡ്ബാക്ക് ഒക്കെ എടുക്കും. എല്ലാ സിനിമകളും അങ്ങനെയൊക്കെ തന്നെയാണ്. ആ സമയം ആവുമ്പോൾ നമുക്ക് ചില സൂചനകൾ ഒക്കെ കിട്ടി തുടങ്ങും. ചിലപ്പോൾ സ്വപ്‌നത്തിൽ ഒക്കെയായിരിക്കും അത് തോന്നുക, അല്ലെങ്കിൽ അത് ചെയ്യാൻ ഒരു കൊതി തോന്നും. ഏറ്റവും ബെസ്‌റ്റ് എത്തിയാൽ ചിലപ്പോൾ പനി ഒക്കെ വരും, നമ്മുടെ ശരീരം തയ്യാറെടുക്കുകയാണ് എന്ന തോന്നൽ വരും.
ഓപ്പറേഷൻ ജാവ ഭാര്യ വെറുതെ വായിച്ചു എന്നേ ഉള്ളൂ. സൗദി വെള്ളക്ക വായിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞിരുന്നു. എന്നെ പെപ്പെ എന്നാണ് ഭാര്യ വിളിക്കുന്നത്. ഈ സിനിമ പെപ്പെയുടെ ലൈഫിൽ, കരിയറിൽ ഉണ്ടാവണം. ആ വാശി അവൾ തന്നതിന്റെ പുറത്താണ് ഞാൻ അത് തുടങ്ങിയത്. ഒരു ദിവസം രാത്രിയിൽ ഈ കഥ പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. അപ്പോൾ അതെനിക്ക് ഒരു സൂചനയായിരുന്നു. അതേ ഫീലിൽ എടുത്താൽ ഒരുപാട് ആളുകളുടെ കണ്ണ് നിറയുന്ന സിനിമയാണ് അതെന്ന് എനിക്ക് തോന്നി.
തുടരും എന്ന ചിത്രവും ഒരു സ്‌റ്റേജ് എത്തിയപ്പോൾ ഞാൻ വായിച്ചുനോക്കാൻ പറഞ്ഞിരുന്നു. അത് വായിച്ചു നോക്കീട്ട് അവൾ പറഞ്ഞത് നെഞ്ചിന് ഭയങ്കര ഭാരം തോനുന്നു ചില സീനുകൾ എന്നായിരുന്നു. എഴുത്തിൽ ഉണ്ടാക്കിയത് പോലെ എനിക്ക് മേക്കിംഗിലും ഉണ്ടാക്കാൻ കഴിഞ്ഞാൽ ആ ഭാരം താനേ വരും. അത്തരത്തിൽ ഞാൻ ഒരുപാട് ഫീഡ്ബാക്കുകൾ എടുക്കാറുണ്ട്. അവരാണല്ലോ ആദ്യത്തെ ഓഡിയൻസ്.
കൺമണി പൂവേ എന്ന പാട്ടാണ് ഇപ്പോൾ ഏറ്റവും ഹിറ്റായിരിക്കുന്നത്. അത് എഴുതിയ രീതി കണ്ടാൽ ആർക്കും അങ്ങനത്തെ പാട്ടുകൾ മാത്രമേ ഉണ്ടാക്കാൻ തോന്നൂ. ജേക്ക്‌സിനോട് ആദ്യം മുതലേ ഞാൻ പറഞ്ഞത് നമുക്കൊരു നൊസ്‌റ്റുവാണ് വേണ്ടത് എന്നായിരുന്നു. ആളുകൾ കേട്ടോട്ടിരിക്കുമ്പോൾ പല ഇമോഷൻസ് വരണം. പണ്ട് വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടുകൾ പോലെ വേണം. അല്ലെങ്കിൽ ഇളയരാജ പാട്ട് പോലെ.
ഇപ്പോൾ കേൾക്കുന്നത് ഏഴാമത്തെയോ എട്ടാമത്തെയോ വേർഷനാണ്. എന്നിട്ടും പാട്ടിൽ എന്തോ മിസ്സിംഗ് പോലെയെന്ന് എന്നോട് ജേക്ക്‌സ് പറഞ്ഞു. ഒരു ഹമ്മിംഗിൽ തുടങ്ങിയാലോ എന്നാണ് ചോദിച്ചത്. അങ്ങനെ കുട്ടികളെ വച്ചുള്ള ഹമ്മിംഗ് കൊടുത്തു. ശരിക്കും ജീവിതത്തിൽ നോ പറയാൻ വളരെ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. അത് ഞാൻ പഠിച്ചു വരുന്നതേയുള്ളൂ.
ലാലേട്ടൻ ആയാലും ശോഭന മാം ആയാലും ഒക്കെ ഇത് ചെയ്‌തു നോക്കട്ടേ എന്നേ ചോദിക്കാറുള്ളൂ. ചിലതൊക്കെ നല്ലതാവുമെന്ന് നമ്മൾ പറയും. ചിലതൊക്കെ വർക്ഔട്ട് ആവുമോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞാൽ അത് കുഴപ്പമില്ല നമുക്ക് വേറെ ചെയ്യാം എന്നാണ് പറയാറുള്ളത്. എല്ലാം ഒരു ഗിവ് ആൻഡ് ടെക്ക് മൂഡിലാണ് പോവാറുള്ളത്. എന്നോട് ഏറ്റവും കൂടുതൽ സജഷൻസ് പറയുന്ന ആളാണ് ബിനു പപ്പു.
അദ്ദേഹത്തിന്റെ സജഷൻസ് സിനിമയെ ഒരുപാട് ഗുണം ചെയ്‌തിട്ടുണ്ട്. ആരൊക്കെ എന്തൊക്കെ സജഷൻസ് പറയുമ്പോഴും സിനിമയ്ക്ക് അത് ഗുണമാണോ ദോഷമാണോ എന്ന് അറിയേണ്ടത് സംവിധായകനാണ്. ഇപ്പോൾ ലാലേട്ടൻ ആയാലും സെറ്റിൽ വെള്ളം കൊണ്ട് വരുന്ന ആളായാലും പറഞ്ഞാൽ നമ്മൾ ഈഗോ ഇല്ലാതെ എടുക്കണം.
ക്യാമറാമാൻ ഷാജി ചേട്ടൻ ഇതിൽ അവസാനം വരെ എന്നോടൊപ്പം ഉണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ സഹായം പലപ്പോഴും എനിക്ക് ഗുണം ചെയ്‌തിട്ടുണ്ട്. ചിലപ്പോൾ ജേക്ക്‌സ് ആയാലും അയച്ചുകൊടുത്താൽ അവിടെ ഇന്നയോരു പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞാൽ നമ്മൾ അത് നോക്കും, ആവശ്യമില്ലെങ്കിൽ കൺവിൻസ് ആയാൽ അവിടെ കട്ട് ചെയ്യും.
നിർമ്മാതാവ് ആണെങ്കിൽ പോലും, അടിച്ചേൽപ്പിക്കലുകൾ ഒന്നുമില്ല. ഓവറോൾ ഒരു ടീം വർക്കാണ് സിനിമ എന്ന് പറയുന്നത്. ഈ സിനിമ എന്നല്ല, എല്ലാം അങ്ങനെ തന്നെയാണ്. ഒരു പതിനഞ്ച് മിനിറ്റോളം അടുത്തുള്ള സീനുകൾ ഡിലീറ്റ് ആയിപോയിട്ടുണ്ട്. ലാലേട്ടന്റെ നല്ല രണ്ട് പെർഫോമൻസ് സീക്വൻസുകൾ എനിക്ക് കട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ സിനിമയ്ക്ക് അത്രയും വേണ്ട എന്ന് തോന്നിയത് കൊണ്ടാണ്, പേഴ്‌സണലി എനിക്ക് ഇഷ്‌ടപ്പെട്ട സീനുകൾ ആയിരുന്നു അത്.
തിരക്കഥ കേട്ടപ്പോൾ തന്നെ ലാലേട്ടൻ ചോദിച്ചത് നമ്മൾ ഇത് വളരെ റിയലിസ്‌റ്റിക് ആയിട്ടല്ലേ, സാധാരണക്കാരുടെ ജീവിതം പോലെ എടുക്കുകയല്ലേ എന്നാണ്. അതിനപ്പുറത്തേക്ക് ഒന്നും ചോദിച്ചിട്ടില്ല. അതിൽ ചക്കവെട്ടുന്ന ഒരു സീനുണ്ട്. അത് എങ്ങനെയെന്ന് ഒന്നും ലാലേട്ടൻ ചോദിച്ചിട്ടില്ല. ആര് പറഞ്ഞു കൊടുത്തിട്ടാണ് എന്ന് എനിക്കറിയില്ല, ചുറ്റുപാടുമുള്ള ഒബ്‌സർവേഷൻ ആയിരിക്കും. അങ്ങനെയാണ് ഒരു നടൻ എന്നത്.












Click it and Unblock the Notifications