Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുട്ടി ഉണ്ടായിപ്പോയില്ലേ ശ്രീകുമാറിനെ വെളുപ്പിക്കണ്ടേ, ഭർത്താവ് പോയാൽ പെടുമല്ലോ';മറുപടിയുമായി സ്നേഹ ശ്രീകുമാർ

ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ അടുത്തിടെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നത്. സീരിയലിലിടെ നടി തന്നെയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആരോപണം.

അതേസമയം പരാതിക്ക് പിന്നാലെ ശ്രീകുമാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നടിയും ഭാര്യയുമായ സ്നേഹ രംഗത്തെത്തിയിരുന്നു. ഇതോടെ കടുത്ത അധിക്ഷേപമാണ് അവർക്ക് നേരിടേണ്ടി വന്നത്. എന്നാൽ തന്റെ ഭർത്താവിന്റെ നിരപരാധിത്വം അറിയുന്നത് കൊണ്ടാണ് പിന്തുണച്ചതെന്നായിരുന്നു അവർ വ്യക്തമാക്കിയത്. എന്നാൽ കേസിനെ കുറിച്ച് കൂടുതൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വിശദമായി സംസാരിക്കുകയാണ് സ്നേഹ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് സ്നേഹയുടെ പ്രതികരണം.

sneha2-1

'ശ്രീക്കെതിരെ ആരോപണം ഉയർന്നപ്പോൾ എന്തുകൊണ്ടാണ് സംസാരിക്കാതിരുന്നത് എന്നത് പലരും ചോദിച്ചിരുന്നു. അതിന് വ്യക്തമായ കാരണം ഉണ്ടായിരുന്നു. ഈ സമയത്താണ് ആ വിഷയത്തിൽ എന്തെങ്കിലും പ്രതികരിക്കാനുള്ള അവസ്ഥയിലേക്ക് ഞങ്ങൾ എത്തിയത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഞാൻ ഇക്കാര്യം വന്ന് സംസാരിച്ചിരുന്നു. അപ്പോൾ പലരും വന്ന് കമന്റ് ചെയ്തത് നിങ്ങൾ വൈകിപ്പോയി, ഇപ്പോഴല്ല പറയേണ്ടിയിരുന്നത്, മുൻപേ പറയണമായിരുന്നുവെന്നൊക്കെയാണ്. അങ്ങനെ കമന്റ് ചെയ്ത എല്ലാവരോടും പറയാനുള്ളത് ഈ കേസ് അത്ര സിമ്പിൾ അല്ലെന്നതാണ്. പ്രത്യേകിച്ച് സ്ത്രീകൾ കൊടുക്കുന്ന പരാതി.

തനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ നിവിൻ പോളി വന്ന് സംസാരിച്ചില്ലേ, എന്തുകൊണ്ട് ശ്രീ അങ്ങനെ വന്ന് സംസാരിച്ചില്ലെന്ന ചോദ്യവും ഉയർന്നു. ഓരോ കേസിനും ഓരോ രീതിയുണ്ട്, സ്വഭാവമുണ്ട്. അതുകൊണ്ട് തന്നെ ചിലർക്ക് അപ്പോൾ തന്നെ പ്രതികരിക്കാൻ പറ്റിയേക്കും, ചിലർക്ക് ഒരാഴ്ച കഴിഞ്ഞോ മാസം കഴിഞ്ഞോ ഒക്കെയെ പറയാൻ സാധിക്കൂ. ചിലർക്ക് ഇതിനെ കുറിച്ച് സംസാരിക്കാനേ കഴിയാത്ത അവസ്ഥയുണ്ടാകും. ചിലർക്ക് ഈ കേസ് കഴിഞ്ഞ് രണ്ട് മൂന്ന് വർഷം എടുത്തേക്കും. അങ്ങനെയൊക്കെയുള്ള സ്വഭാവം ഈ കേസുകൾക്ക് ഉണ്ട്.

ഞാനും ശ്രീയും ഒരു ഉത്സവത്തിൽ പങ്കെടുക്കുമ്പോഴാണ് ഇത്തരമൊരു കേസ് വന്നതിനെ കുറിച്ച് അറിയുന്നത്. ആ വാർത്ത കാണുമ്പോൾ മാത്രമാണ് ഈ സംഭവത്തെ കുറിച്ച് അറിയുന്നത്. ആ സമയത്ത് എനിക്ക് ആഗ്രഹമുണ്ടായിരുന്നു ഇത് അങ്ങനെയല്ല ഇങ്ങനെയാണെന്ന്. പക്ഷെ നമ്മളോട് ഏറ്റവും അടുത്ത നമ്മുടെ സുഹൃത്ത് ഈ കേസിന്റെ സ്വഭാവം ബോധ്യപ്പെടുത്തുകയായിരുന്നു. ഇന്നയാൾ എനിക്കൊരു കേസ് കൊടുത്തിട്ടുണ്ട്, അതല്ല നടന്നത് ഇതാണ് സത്യമെന്നൊക്കെ വന്നിരുന്ന് പറഞ്ഞാൽ തീരുന്ന കേസ് അല്ലിത്. ജാമ്യം എടുക്കണമായിരുന്നു. നിയമ വ്യവസ്ഥയിൽ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്. സത്യം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഈ വിഷയത്തിൽ നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ഒരുപാട് പേർ പിന്തുണ പ്രഖ്യാപിച്ചപ്പോൾ ചിലർ കടുത്ത വിമർശനം ഉയർത്തി. ഭർത്താവ് എന്ത് തോന്നിയവാസവും കാണിച്ചാലും ന്യായീകരിക്കുന്നു വെളിപ്പിക്കുന്നു, ഒരു കുട്ടി ഉണ്ടായിപ്പോയില്ലേ വെളുപ്പിക്കണ്ടേ, ഭർത്താവ് കൈവിട്ട് പോയാൽ പിന്നെ എന്ത് ചെയ്യും പിന്നെ വേറെ ആരെ കിട്ടും എന്നൊക്കെയാണ് കമന്റ്. ഇവരോടൊക്കെ പറയാനുള്ളത് വളരെ കൃത്യമായി ചിന്തിക്കാനും സംസാരിക്കാനും കഴിവുള്ള ആളാണ് ഞാൻ. അത്യാവശ്യം വിദ്യാഭ്യാസവും ഉണ്ട്. എന്ത് കാണിച്ചാലും ന്യായീകരിക്കുന്ന ആളല്ല ഞാൻ, അതിന് ഞാൻ നിൽക്കില്ല, ഇതുവരെ നിന്നിട്ടുമില്ല. എനിക്ക് കംഫേർട്ട് അല്ല എന്ന് തോന്നുന്ന സ്ഥലത്ത് നിന്ന് മാറി പോകലാണ് എന്റെ രീതി. തെറ്റ് ചെയ്ത ഒരാളെ ന്യായീകരിച്ച് വെളുപ്പിച്ച് അയാളുടെ കൂടെ തുടരേണ്ട മാനസിക നില അല്ല എന്റേത്.

പഠിക്കുന്ന കാലം മുതൽ ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് എന്ത് ചെയ്താലും കണ്ണടച്ച് ഇരുട്ടാക്കി ഒരാൾക്കൊപ്പം ജീവിക്കണം എന്നൊരു മാനസികാവസ്ഥ എനിക്ക് ഇല്ല. ശ്രീയുടെ കൂടെ നിൽക്കാൻ കാരണം ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന കൃത്യമായ ധാരണ ഉള്ളതുകൊണ്ടാണ്. അത് പക്ഷെ പൊതു ഇടത്ത് പറയാൻ സാധിക്കാത്തത് നിയമം അനുവദിക്കാത്തതിനാലാണ്. ഒരുനാൾ ഞാൻ സത്യം തുറന്ന് പറയുക തന്നെ ചെയ്യും.

കമന്റ് ചെയ്യുന്നവരോട് അതുകൊണ്ട് പറയാനുള്ളത് എന്റെ കുടുംബത്തിനോ എനിക്കോ ഇല്ലാത്ത ആകുല ഈ ബന്ധത്തിൽ നിങ്ങൾക്ക് വേണ്ടെന്നതാണ്. എനിക്ക് പറ്റില്ലെന്ന് തോന്നിയാൽ പറ്റില്ല. അത്രയേ ഉള്ളൂ. പിന്നെ കഴിഞ്ഞ ദിവസത്തെ അഭിമുഖം കണ്ട് ചിലർ പറഞ്ഞത് കൂടുതൽ സംസാരിക്കുന്നത് സ്നേഹയാണ്, ശ്രീകുമാറിന് അതിനെ കുറിച്ച് സംസാരിക്കാൻ പ്രശ്നമുണ്ട്, മുഖം കണ്ടോയെന്നൊക്കെയാണ്. ശ്രീ വളരെ ഇൻട്രോവേർട്ടാണ്. വിവാഹം കഴിഞ്ഞത് മുതൽ ഇങ്ങോട്ടുള്ള ഏത് അഭിമുഖം എടുത്താലും മനസിലാകും ആൾ സംസാരിക്കുന്നത് കുറവാണ്. ഞാനാണ് കൂടുതലായി സംസാരിക്കാറുള്ളത്.

കേസൊക്കെ ഉണ്ടായി അഭിമുഖത്തിൽ ചിരിച്ച് സംസാരിക്കുന്നുവെന്നൊക്കെയുള്ള വിമർശനങ്ങളും വന്നു. ആളുകൾക്ക് മുന്നിൽ വന്നിരുന്ന് കരഞ്ഞ് കൊണ്ട് കണ്ണീര് കാണിച്ചുകൊണ്ട് ഒരാളുടെ വിശ്വാസവും നേടിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതല്ലാതെ തന്നെ എന്നെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. അതുമതി. അല്ലാതെ കള്ളക്കണ്ണീരുകൊണ്ട് ഒന്നും നേടാൻ ഉദ്ദേശിക്കുന്നില്ല.

ഈ കേസിൽ നിന്നും പിന്നോട്ട് പോകില്ല, മുന്നോട്ട് പോകും, സത്യം തെളിയിക്കുക തന്നെ ചെയ്യും. എന്നെ സംബന്ധിച്ച് ഞാൻ ഒരാളേയും ഉപദ്രവിക്കാൻ പോയിട്ടില്ല. കംഫേർട്ട് അല്ലാത്ത സ്ഥലത്ത് നിന്ന് മാറി നിൽക്കുക അല്ലാതെ അയാളെ പാര വെച്ച് പുറത്ത് ചാടിക്കാനോ അവരുടെ തൊഴിൽ നഷ്ടപ്പെടുത്താനോ ഒന്നും നിന്നിട്ടില്ല. ഇതൊക്കെ പറയുമ്പോഴും ഒരു എനർജിയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. നമ്മുടെ കർമ്മം ആണ് ദൈവം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 24 മണിക്കൂറും പ്രാർത്ഥിച്ചിട്ട് മറ്റുള്ളവരെ ദ്രോഹിച്ച് കഴിഞ്ഞാൽ ഒരു കാര്യവുമില്ല. അതിൽ നിന്നും ഒരു നേട്ടവും ഉണ്ടാകില്ല. മറ്റുള്ളവരെ സഹായിച്ചില്ലേലും ദ്രോഹിക്കാതിരിക്കുക. മറ്റുള്ളരെ ഉപദ്രവിച്ചിട്ട് പൊങ്കാല ഇട്ടിട്ടോ ചോറ്റാനിക്കരയിൽ മകം തൊഴാൻ പോയിട്ടോ ഒന്നും ഒരു കാര്യവുമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ദൈവത്തിൽ എനിക്ക് വിശ്വാസമുണ്ട്. എന്നാൽ നമ്മുടെ പ്രവൃത്തിയും കൂടി ശരിയായാൽ മാത്രമേ ദൈവം എന്ന ആ എനർജി നമ്മുടെ കൂടെ നിൽക്കുകയുള്ളൂവെന്നാണ് ഞാൻ വിശ്വസിക്കുന്നത്', സ്നേഹ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+