കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷധരാജ്യത്തിലെ രാജകുമാരന്‍

  • By Staff
Google Oneindia Malayalam News

അന്തരിച്ച കഥാകൃത്ത് എന്‍. മോഹനന്‍ നിഷധരാജ്യത്തിലെ രാജാവ് എന്ന തന്റെ കഥാസമാഹാരത്തിന് വേണ്ടിയെഴുതിയ ഞാന്‍ എന്റെ കഥ എന്ന ആമുഖത്തില്‍ നിന്നാണിത്.

എന്നാല്‍ മരണത്തോടൊപ്പമോ അതിന് മുമ്പോ കഥാപ്രേമികളുടെ പ്രിയപ്പെട്ട മോഹനന്‍ മറക്കപ്പെട്ടില്ല, ഇനി മറക്കുകയുമില്ല. സ്നേഹിക്കാന്‍ മാത്രമറിയുന്നതാണ് തന്റെ മനസെന്ന് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തിയവയായിരുന്നു അദ്ദേഹത്തിന്റെ കഥകള്‍. എന്‍. മോഹനന്‍ നമ്മോട് വിടപറഞ്ഞിട്ട് ഒക്ടോബര്‍ മൂന്നിന് രണ്ട് വര്‍ഷം തികയുകയാണ്.

മരിക്കുന്നതിന് ഏതാനും മാസം മുമ്പ് അദ്ദേഹം തന്റെ പ്രിയ സുഹൃത്ത് ഒഎന്‍വിയുടെ ഒരു ഗാനത്തെ കുറിച്ചും അതുണര്‍ത്തി വിട്ട ഓര്‍മകളെ കുറിച്ചും എഴുതിയ ഒരു കുറിപ്പ് മലയാളം ഇന്ത്യാ ഇന്‍ഫോ വായനക്കാര്‍ക്കായി നല്‍കുന്നു........

ഒരിടത്ത് ഒരു മോഹനന്‍

ഒരിക്കല്‍ ഒരിടത്ത് ഒരു ബാലനുണ്ടായിരുന്നു, പേര് മോഹനന്‍. ഒരു 10-12 വയസ് പ്രായമുണ്ടാകും. പെണ്‍കുട്ടികളെ അടുത്തറിയാനും അവരുമായി അടുത്തിടപഴകാനും രഹസ്യമായി കൊതിക്കുന്ന പ്രായം. ഞങ്ങള്‍ താമസിച്ചിരുന്നത് കൊട്ടാരക്കര താലൂക്കിലെ കോട്ടവട്ടം എന്ന സുന്ദരമായ ഗ്രാമത്തിലും.അന്നത്തെ എന്റെ കൂട്ടുകാരി അമ്മിണിക്കുട്ടിയായിരുന്നു. ഇത് ശരിയായ പേരല്ല, യഥാര്‍ത്ഥ പേര് അവിടെ നില്‍ക്കട്ടെ. ഇരുനിറമുള്ള മെലിഞ്ഞ പെണ്‍കുട്ടി. എന്നെക്കാള്‍ ഒന്നോ രണ്ടോ വയസ് ഇളപ്പമുള്ളവള്‍, കഴുത്തില്‍ ഒരു ചരടും അതില്‍ ഒരു മോതിരവും കോര്‍ത്തിട്ടിരിക്കും.....

കൂടെയുള്ള ആണ്‍കുട്ടികള്‍ കളിയാക്കുമ്പോഴും അവളോടൊപ്പം കളിക്കുവാന്‍ പൂക്കളും മാങ്ങയും പറിക്കുവാനും ഇണങ്ങാനും പിണങ്ങാനും ഞാന്‍ പോയി. ഞങ്ങള്‍ സ്ഥിരമായി നെല്ലിക്കയും പൂവും പെറുക്കാന്‍ പോകുന്നത് വയലിന്റെ നടുവിലുള്ള ഒരു പറമ്പിലായിരുന്നു. അവിടെ ഒരു പാലയുമുണ്ടായിരുന്നു.

അമ്മിണിക്കുട്ടി എന്റെ ആരായിരുന്നു? എന്റെ ബാല്യത്തെ ഞാന്‍ തിരിച്ചറിഞ്ഞത് അമ്മിണിയിലൂടെയായിരുന്നു. അവള്‍ എന്റെ ഇണക്കുയിലായിരുന്നോ? എങ്കില്‍ ഒടുവില്‍ അവള്‍ പിണങ്ങിപ്പറന്നുപോയി, 14ാം വയസില്‍ അവള്‍ വസൂരി വന്ന് മരിച്ചു. പിന്നെ ഞാന്‍ നാടും വീടും വിട്ടു. എല്ലാവരും അമ്മിണിക്കുട്ടിയെ മറന്നുകാണും, ഒരു പക്ഷേ അവളുടെ അച്ഛനും അമ്മയും പോലും....

ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം.... എന്ന പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍ തെളിയുന്നത് അമ്മിണിക്കുട്ടിയാണ്, അവളോടൊപ്പം എല്ലാം മറന്ന് കളിച്ചും ചിരിച്ചും നടന്ന ബാല്യമാണ്.

ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊരു ഓര്‍മ്മയുണ്ടാകുന്നു എന്ന് സുഹൃത്തായ ഒഎന്‍വിയോട് പറഞ്ഞിട്ടില്ല. പക്ഷേ ആ കവിത വായിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, അത് ഹൃദയത്തില്‍ തൊട്ടാണ് എഴുതിയിരിക്കുന്നതെന്ന്. വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം എന്ന വരികള്‍ എന്റെ ഒരു കഥാസമാഹാരത്തില്‍ ആമുഖമായി ചേര്‍ത്തിട്ടുമുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാനവിടെ പോയിരുന്നു. ആനക്കാട് മലയിലേക്കുള്ള വഴിത്താരയിലൂടെ നടന്നു. ആ പാലയുടെ ചുവട്ടില്‍ ആരോ വിളക്ക് കത്തിക്കുന്നു. അവിടെ യക്ഷിയുണ്ടത്രേ. എങ്കില്‍ അത് അമ്മിണിക്കുട്ടിയല്ലേ? പാലയില്‍ നിറയെ വിരിഞ്ഞുനില്‍ക്കുന്ന പൂവുകള്‍ അവളുടെ ചിരിയാവില്ലേ? കള്ളിപ്പൂവുകളുടെ മണം അവളുടെ മണമാവില്ലേ?

ഞാന്‍ അവളെ വെയില്‍ വെളിച്ചത്തിന്റെ ഉടുപുടവ അണിയിച്ചു. പൂക്കളുടെ സൗന്ദര്യവും സുഗന്ധവും കൊടുത്തു. ആകാശനീലിമയിലൂടെയും വനാന്തരംഗത്തിലെ ഹരിതദലമര്‍മ്മരങ്ങളിലൂടെയും അവളുമായി സംവദിച്ചു. കിളികള്‍ എന്റെ പ്രണയഗാനം പാടികേള്‍പ്പിച്ചു. എന്നിട്ടും അവള്‍ അറിഞ്ഞില്ല! ആഴക്കടലിനെക്കാള്‍ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തേക്കാള്‍ വലിയതായിരുന്നു എന്റെ ഇഷ്ടം.

എന്നിട്ടും അവള്‍ അറിഞ്ഞില്ലല്ലോ! ഇപ്പോള്‍ ഈ വൈകിയ വേളയില്‍ പ്രപഞ്ചാന്ത്യത്തില്‍ കോരിച്ചൊരിയുന്ന ഈ പേമാരി എന്റെ കണ്ണുനീരാകുന്നു എന്ന സത്യം മാത്രം അവള്‍ അറിയുന്നുവത്രെ........ഹാ ! കഷ്ടം !!

എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് എന്നെ പരിചരിച്ച പണ്ടത്തെ പെണ്‍കുട്ടീ! നിനക്ക് എന്നും നല്ലതു വരട്ടെ.

(ഒരിക്കല്‍ എന്ന കഥയില്‍ നിന്ന്)

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X