കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാടിന്റെ മുറിവുകള്‍ ഉണങ്ങുമോ?

  • By Staff
Google Oneindia Malayalam News

ഒരു കാലത്ത് സാമുദായിക മൈത്രിയില്‍ ജീവിച്ചിരുന്ന മാറാട് എങ്ങിനെ വര്‍ഗ്ഗീയതയുടെ വിഷഭൂമിയായി? ഇതിന് രാഷ്ട്രീയവിദഗ്ധര്‍ കുറ്റപ്പെടുത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെയാണ്.

അന്നന്ന് കടലില്‍ പോയി കഷ്ടപ്പെട്ട് അത്താഴത്തിന് വകയുണ്ടാക്കുന്നവരായിരുന്നു മാറാട് സ്വദേശക്കാര്‍. കടലില്‍ വറുതിയുള്ളപ്പോള്‍ അവര്‍ പട്ടിണിയില്‍ കഴിഞ്ഞു. പക്ഷെ അപ്പോഴൊന്നും അവിടെ മുസ്ലീമെന്നോ ഹിന്ദുവെന്നോ വേര്‍തിരിവില്ലായിരുന്നു. മുസ്ലിമിന്റെ ആഘോഷത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ ആഘോഷങ്ങളില്‍ മുസ്ലിമും പങ്കാളിയായി.

പക്ഷെ പിന്നീട് ഒരു മതവിഭാഗത്തിന്റെ ദുരിതത്തിന് കാരണം മറ്റു മതത്തില്‍പ്പെട്ടവരാണെന്ന് പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ വിജയിച്ചു. വറുതിയുടെ കഷ്ടപ്പാടുകള്‍ക്കിടയില്‍ ഈ ആശയം മെല്ലെമെല്ലെ അവരുടെ തലയ്ക്ക് പിടിച്ചു. അങ്ങിനെ മാറാട് ഹിന്ദുവും മുസ്ലിമും ആയി വേര്‍തിരിഞ്ഞു. അവിടെ ഹിന്ദു ബോട്ടുകളും മുസ്ലിം ബോട്ടുകളും ഉണ്ടായി. ഹിന്ദുവിന്റെ ബോട്ടില്‍ മുസ്ലിം പണി ചെയ്തില്ല. മുസ്ലിമിന്റെ ബോട്ടില്‍ ഹിന്ദുവും പണിയെടുത്തില്ല. ഇരു സമുദായക്കാരുടെ ബോട്ടുകള്‍ക്ക് പ്രത്യേകം പ്രത്യേകം കൊടികളും നിറങ്ങളുമായി.

ഇങ്ങിനെ ഒരു വര്‍ഗ്ഗീയകലാപത്തിന് പാകപ്പെട്ടു കിടന്നിരുന്ന മാറാട് ആളിക്കത്താന്‍ ഒരു തീപ്പൊരി മാത്രം മതിയായിരുന്നു. അങ്ങിനെയിരിയ്ക്കെ 2002ലെ പുതുവര്‍ഷപ്പുലരിയില്‍ ആദ്യത്തെ കലാപത്തിന്റെ വിത്ത് വീണു. വര്‍ഗ്ഗീയമായി നേരത്തെ ചേരിതിരഞ്ഞവര്‍ പരസ്പരം ചോരപ്പുഴയൊഴുക്കി. അന്ന് മൂന്ന് ജീവന്‍ പൊലിഞ്ഞു.

ഭീതിയുടെ,വറുതിയുടെ നിഴലില്‍ മാറാട്

ഇപ്പോഴത്തെ വര്‍ഗ്ഗീയ കലാപം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ആസൂത്രിതമായിരുന്നു. അതായത് കഴിഞ്ഞ കലാപത്തില്‍ നഷ്ടമുണ്ടാവര്‍ ഇക്കുറി എല്ലാ പദ്ധതികളും നേരത്തെ തയ്യാറാക്കിയിരുന്നു എന്നര്‍ത്ഥം. ഇതിന് അവര്‍ക്ക് എവിടെ നിന്നെല്ലാമാണ് സഹായം ലഭിച്ചതെന്ന് അറിയില്ല. വെറും പതിനഞ്ച് മിനിറ്റിനുള്ളില്‍ ഒമ്പത് ജഡങ്ങള്‍ മാറാട് കടപ്പുറത്തെ മണലില്‍ വീണു.

ഈ കലാപത്തിന് ശേഷം മാറാട് ശരിയ്ക്കും ശവപ്പറമ്പായിരിക്കുന്നു. ഇവിടെ ഭീതിയുടെ നിഴല്‍ മാഞ്ഞിട്ടില്ല. ബേപ്പൂരിലെയും പുതിയാപ്പയിലെയും ഫിഷിംഗ് ഹാര്‍ബറുകള്‍ ചലനമറ്റ് കിടക്കുന്നു. ഇനിയും ആക്രമണമുണ്ടാകുമോ എന്ന ഭയത്താല്‍ പലരും കടലിലേക്ക് പോകുന്നില്ല. കടലില്‍ കോസ്റ് ഗാര്‍ഡുകളും മറ്റും റോന്ത് ചുറ്റുന്നുണ്ടെങ്കിലും ഇനിയും ആക്രമണമുണ്ടാകുമോ എന്ന് അവര്‍ ഭയപ്പെടുന്നു.

ഇപ്പോള്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്കുന്നുണ്ട്. പക്ഷെ മാറാടിന്റെ ദു:ഖം കണ്ട് മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയക്കാര്‍ അതേ വികാരം അനുഭവിയ്ക്കുന്നുണ്ടോ? മഴക്കാലം കൊണ്ടുവരാനിരിക്കുന്ന വറുതിയ്ക്ക് മുമ്പേ വര്‍ഗ്ഗീയകലാപം മാറാട് മറ്റൊരു വറുതികാലം വിതച്ചിരിക്കുന്നു. ഇല്ലായ്മയുടെ ദുരിതങ്ങള്‍ മാറാടിനെ പതുക്കെപ്പതുക്കെ വിഴുങ്ങുകയാണ്. കടലില്‍ പോകുന്നവരുടെ വരുമാനം കൊണ്ട് മാത്രം കുടുംബം പോറ്റുന്നവര്‍ ഇപ്പോള്‍ ആ മാര്‍ഗ്ഗവും അടഞ്ഞതോടെ തീരാവറുതിയില്‍ മുങ്ങിയിരിക്കുന്നു.

നീണ്ടകര, മുനമ്പം എന്നിവിടങ്ങളില്‍ നിന്ന് മാറാട്ടെത്തി മീന്‍പിടിച്ചിരുന്ന ബോട്ടുകള്‍ തിരിച്ചുപോയി. മത്സ്യമെടുക്കാന്‍ വരുന്ന കച്ചവടക്കാരുടെയോ വണ്ടികളുടെയോ തിരക്ക് എങ്ങുമില്ല. ബോട്ടുകള്‍ ഹാര്‍ബറില്‍ ഭീതിയുടെ പ്രതീകങ്ങളായി ചത്ത് കിടക്കുന്നു. സുരക്ഷാഏര്‍പ്പാടുകള്‍ എല്ലാം ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് വിശ്വാസമായിട്ടില്ല.

പുതിയാപ്പയില്‍ ഏതാനും ബോട്ടുകള്‍ കത്തിയതോടെ ഈ ബോട്ടുകളെ ആശ്രയിച്ചുകഴിഞ്ഞിരുന്ന തൊഴിലാളികളുടെ രക്ഷാമാര്‍ഗ്ഗങ്ങള്‍ അടഞ്ഞു. മിയ്ക്ക വീടുകളും ഒഴിഞ്ഞുകിടക്കുന്നു. 500 ഓളം കുടുംബങ്ങളാണ് അക്രമം നടന്ന മാറാട് നിന്ന് ഒഴിഞ്ഞുപോയത്. ചില വീടുകളില്‍ സ്ത്രീകളും കുട്ടികളും മാത്രം തിരിച്ചെത്തിയിട്ടുണ്ട്. പുരുഷന്മാര്‍ അക്രമത്തെപ്പേടിച്ച് ഒളിവിലാണ്. പല കുടുംബങ്ങളിലെയും പുരുഷന്മാരെക്കുറിച്ച് സ്ത്രീകള്‍ക്ക് ഒന്നുമറിയില്ല. ഇനി കുട്ടികളുടെ കാര്യമോ? വേനലവധികഴിഞ്ഞ് സ്കൂള്‍ തുറന്നാല്‍ ഈ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാവുമോ? മക്കളുടെ വിദ്യാഭ്യാസം ഒരു ചോദ്യചിഹ്നമാണ്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X