കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിര്‍ള കുടുംബത്തില്‍ സ്വത്ത് തര്‍ക്കം

  • By Staff
Google Oneindia Malayalam News

ബിര്‍ള വ്യവസായസാമ്രാജ്യത്തിന്റെ ഭാഗമായ എം.പി. ബിര്‍ള ഗ്രൂപ്പ് ഓഫ് കമ്പനീസ് കയ്യടക്കാന്‍ ബിര്‍ള കുടുംബാംഗമല്ലാത്ത വ്യക്തി ശ്രമിയ്ക്കുന്നതിനെച്ചൊല്ലി ബിര്‍ള കുടുംബത്തില്‍ കൊടുങ്കാറ്റ്.

എം.പി. ബിര്‍ള ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍പേഴ്സണായ പ്രിയംവദ ബിര്‍ള(72) അന്തരിച്ചതിനെ തുടര്‍ന്നാണ് സ്വത്ത് തര്‍ക്കം ഉയര്‍ന്നത്. പ്രിയംവദയുടെ വില്‍പ്പത്രത്തില്‍ എം.പി. ബിര്‍ള ഗ്രൂപ്പിന്റെ കൈവശമുള്ള 5,000 കോടിയുടെ സ്വത്തുക്കളെല്ലാം തനിയ്ക്ക് നല്കാന്‍ അറിയിച്ചിട്ടുണ്ടെന്ന കമ്പനിയുടെ കോ-ചെയര്‍മാനായ രാജേന്ദ്ര എസ്. ലോധയുടെ വെളിപ്പെടുത്തലാണ് ഭൂകമ്പമുണ്ടാക്കിയത്. പ്രിയംവദ അന്തരിച്ച് 10 ദിവസം കഴിഞ്ഞപ്പോഴാണ് രാജേന്ദ്ര എസ്. ലോധയാണ് ഏതാനും ബിര്‍ള കുടുംബാംഗങ്ങളുടെ മുന്നില്‍വച്ച് പ്രിയംവദയുടെ വില്‍പ്പത്രം തുറന്നത്.

ഇരുപതു വര്‍ഷമായി ബിര്‍ള കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാജേന്ദ്ര എസ്. ലോധ. അഞ്ചു വര്‍ഷം മുമ്പാണ് ഇദ്ദേഹം എം.പി. ബിര്‍ള ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കോ-ചെയര്‍മാനായത്.

എന്നാല്‍ ബിര്‍ള കുടുംബത്തിന്റെ സ്വത്ത് ബിര്‍ളകുടുംബക്കാരനല്ലാത്ത ഒരാള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന പിടിവാശിയിലാണ് ബിര്‍ള കുടുംബാംഗങ്ങള്‍. രാജേന്ദ്ര എസ്. ലോധയുടെ നീക്കത്തിനെതിരെ ബിര്‍ള കുടുംബാംഗങ്ങള്‍ യോജിച്ച് നിയമയുദ്ധം തുടങ്ങിക്കഴിഞ്ഞു.

ബിര്‍ള കുടുംബത്തിലെ മൂന്ന് തലമുറക്കാരായ വ്യവസായ പ്രമുഖര്‍, കുടുംബ ക്കാരണവരായ ബി.കെ. ബിര്‍ളയുടെ നേതൃത്വത്തിലാണ് യുദ്ധത്തിനൊരുങ്ങുന്നത്. ഇതിന് ബിര്‍ള കുടുംബത്തിലെ വിവിധ വ്യവസായങ്ങള്‍ കയ്യാളുന്ന കൃഷ്ണകുമാര്‍ ബിര്‍ള, ബസന്ത് കുമാര്‍ ബിര്‍ള, ഗംഗപ്രസാദ് ബിര്‍ള, സുധര്‍ശന്‍ കുമാര്‍ ബിര്‍ള, കുമാര്‍ മംഗലം ബിര്‍ള, യശോവര്‍ധന്‍ ബിര്‍ള എന്നിവരുടെ പിന്തുണയുണ്ട്.

ഈ വില്‍പ്പത്രത്തിനെതിരെ നിയമപരമായി പോരാടുന്നതിന് സാധുതയുണ്ടെന്നാണ് കരുതുന്നതെന്നും ഈ കേസില്‍ തങ്ങള്‍ വിജയം വരിയ്ക്കുമെന്നും ബി.കെ. ബിര്‍ള പറയുന്നു. രാജേന്ദ്ര എസ്. ലോധയ്ക്ക് മുഴുവന്‍ സ്വത്തിന്റെയും അധികാരം നല്കുന്ന ഈ വില്‍പ്പത്രം എങ്ങിനെ രാജേന്ദ്ര എസ്. ലോധയുടെ കൈവശം വയ്ക്കാന്‍ പ്രിയംവദ അനുവദിച്ചു എന്ന കാര്യത്തിലും ബിര്‍ള കുടുംബത്തിന് സംശയമുണ്ട്. എന്തായാലും വില്‍പ്പത്രം വ്യാജമാണോ അല്ലയോ എന്നൊന്നും തല്ക്കാലം ബിര്‍ള കുടുംബം വാദിയ്ക്കുന്നില്ല. പകരം ബിര്‍ള കുടുംബത്തിലെ ഒരാള്‍ മരിച്ചാല്‍ ആ സ്വത്ത് മക്കള്‍ക്കോ അല്ലെങ്കില്‍ ബിര്‍ള കുടുംബത്തിലെ ഏറ്റവും അടുത്ത രക്തബന്ധമുള്ളയാള്‍ക്കോ പോകണം എന്നാണ് കുടുംബം വാദിയ്ക്കുന്നത്.

എം.പി. ബിര്‍ല ഗ്രൂപ്പിന്റെ സ്ഥാപകനായ മാധവപ്രസാദ് ബിര്‍ളയാണ് പ്രിയംവദയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് മക്കളില്ല. മാധവപ്രസാദ് ബിര്‍ളയുടെ മരണശേഷം 1990ലാണ് പ്രിയംവദ ബിര്‍ള കമ്പനിയുടെ ചുമതല ഏറ്റെടുത്തത്.

പ്രിയംവദയുടെ മരണശേഷം സ്വത്ത് ഏറ്റവുമടുത്ത രക്തബന്ധമുള്ള യശോവര്‍ധന് നല്കണമെന്ന അഭിപ്രായമാണ് ബിര്‍ള കുടുംബത്തിന്റേത്. മാധവപ്രസാദ് ബിര്‍ളയുടെ സഹോദരന്‍ പരേതനായ ഗജാനന്‍ ബിര്‍ളയുടെ പുത്രനായ അശോക് വര്‍ധന്റെ മകനാണ് യശോവര്‍ധന്‍ ബിര്‍ള.

രാജേന്ദ്ര എസ്. ലോധയ്ക്കെതിരെ നിയമയുദ്ധത്തിനായി കൊല്‍ക്കത്തയിലെ ഖെയ്ത്താന്‍ ആന്റ് കമ്പനി, എന്‍ജി ഖെയ്ത്താന്‍ ആന്റ് കമ്പനി എന്നീ സോളിസിറ്റര്‍ സ്ഥാപനങ്ങളെ സമീപിച്ചിരിക്കുകയാണ് ബിര്‍ള കുടുംബം. പ്രിയംവദയുടെ വില്‍പ്പത്രത്തെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു എന്നാണ് പ്രിയംവദയോട് അടുപ്പമുള്ള ബിര്‍ള കുടുംബത്തിലെ അംഗങ്ങള്‍ പറയുന്നത്.

പിലാനി ഇന്‍വെസ്റ്മെന്റ്സില്‍ 25 ശതമാനം ഓഹരിയാണ് എം.പി. ബിര്‍ള ഗ്രൂപ്പിനുള്ളത്. ഇത് ലോധയ്ക്ക് പോകുന്നതിനെക്കുറിച്ച് ബിര്‍ള കുടുംബത്തിന് ചിന്തിയ്ക്കാനേ കഴിയുന്നില്ല. സെഞ്ച്വറി ടെക്സ്റ്റൈല്‍സ്, കേശോരാം ഇന്‍ഡസ്ട്രീസ്, മംഗളം സിമന്റ്, മൈസൂര്‍ സിമന്റ്സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ, ഇന്ത്യന്‍ റെയോണ്‍, ജയശ്രീടീ, മാംഗ്ലൂര്‍ റിഫൈനറി, ഓറിയന്റ് പേപ്പര്‍, സൗരാഷ്ട്ര കെമിക്കല്‍സ്, സുവാരി ഇന്‍ഡസ്ട്രീസ്, ബിര്‍ള വിഎക്സ്എല്‍, ബീഹാര്‍ കോസ്റിക് ആന്റ് കെമിക്കല്‍സ് തുടങ്ങി ഒട്ടേറെ കമ്പനികളില്‍ പിലാനി ഇന്‍വെസ്റ്മെന്റ്സിന് ഓഹരിയുണ്ട്. പിലാനി ഇന്‍വെസ്റ്മെന്റ്സില്‍ ഓഹരി ഉടമസ്ഥാവകാശമുള്ള ഒരാള്‍ക്ക് ബിര്‍ള കുടുംബവ്യവസായത്തില്‍ ഇടപെടാന്‍ അധികാരം വന്നുചേരും എന്നതാണ് യാഥാര്‍ത്ഥ്യം. രാജേന്ദ്ര എസ്. ലോധയ്ക്ക് ഈ അധികാരം ലഭിയ്ക്കുന്നത് ബിര്‍ള കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നു.

എന്തായാലും ഇന്ത്യയുടെ വ്യവസായ മേഖലയിലെ അസാധാരണമായ ഈ കേസിനെ ഇപ്പോള്‍ ലോകമാകെ ഉറ്റുനോക്കുകയാണ്. ഇന്ത്യയിലെയും പുറത്തെയും ക്രെഡിറ്റ് ഏജന്‍സികളും ഈ കേസിന്റെ വിധി എന്തായിരിക്കുമെന്ന് ഉറ്റുനോക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X