കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ പല കൊമ്പത്ത്

  • By Staff
Google Oneindia Malayalam News

സിപിഎമ്മും സിപിഐയും തമ്മിലുളള ബന്ധം ഏറ്റവും വഷളായ അവസ്ഥയാണ് ഇപ്പോഴത്തേത്. എസ്എഫ്ഐയും എഐഎസ്എഫും മുതല്‍ കാരാട്ടും ബര്‍ദ്വാനും വരെ അതിരൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലാണ്.

പരസ്പരം കൊച്ചാക്കാനോ എതിര്‍ക്കാനോ കിട്ടുന്ന ഒരവസരവും ആരും പാഴാക്കാറില്ല. സ്വാശ്രയ നിയമം മുതല്‍ നന്ദിഗ്രാം വരെ പല തവണയായി അതു വെളിപ്പെട്ടതാണ്.

യഥാര്‍ത്ഥ കമ്മ്യൂണിസ്റുകാര്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുളള വ്യഗ്രതയില്‍ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗിക്കുന്ന തന്ത്രങ്ങളും മുന്നണി മര്യാദയുടെ അതിരുകള്‍ വിടുന്നു.

ആദ്യത്തെ കമ്മ്യൂണിസ്റ് സര്‍ക്കാരിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്ന നയങ്ങളോട് അമ്പതു വര്‍ഷം കഴിയുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ പുലര്‍ത്തുന്ന സമീപനം വിലയിരുത്തേണ്ടതാണ്.

ഇന്ന് കുടിയൊഴിക്കാന്‍ പൊലീസും തോക്കും

അധികാരമേറ്റ് ആറു ദിവസത്തിനുളളില്‍ എല്ലാ കുടിയൊഴിക്കലും നിരോധിച്ചു കൊണ്ട് ഉത്തരവിട്ട സര്‍ക്കാരാണ് അമ്പത്തേഴിലേത്. ആ സര്‍ക്കാരിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന പാര്‍ട്ടി അധികാരത്തിലുളള മറ്റൊരു സംസ്ഥാനത്ത് കര്‍ഷകരെ വെടിവെച്ചു കൊന്ന് ഭൂമി വന്‍വ്യവസായികള്‍ക്ക് കൊടുക്കുന്നതായി ആരോപണമുയരുന്നു.

സ്വന്തം ഭൂമിയ്ക്കായി ദയനീയ സമരം നടത്തുന്ന ആദിവാസികളുടെ അവസ്ഥ കേരളത്തിലും വ്യത്യസ്ഥമല്ല. ആദിവാസികള്‍ക്കിടയില്‍ രൂപപ്പെടുന്ന സമരരൂപങ്ങളെ താത്ത്വികമായി വിലയിരുത്തുന്ന തിരക്കിലാണ് പാര്‍ട്ടി. അടിസ്ഥാന പ്രശ്നങ്ങള്‍ ഇരു പാര്‍ട്ടികളും എന്നേ മറന്നു.

ആദ്യ സര്‍ക്കാരിന്റെ ഏറ്റവും വിപ്ലവകരമായ നീക്കമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജോസഫ് മുണ്ടശേരി കൊണ്ടു വന്ന വിദ്യാഭ്യാസ ബില്ലാണ്. ആ ബില്ലിന്റെ അവതരണമാണ് കുപ്രസിദ്ധമായ വിമോചന സമരത്തിന് കാരണമായതും.

തകര്‍ന്ന് തരിപ്പണമായ പൊതുവിദ്യാഭ്യാസം

വിദ്യാഭ്യാസ ബില്ലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗവും നിലവാരവും പരിശോധിച്ചാല്‍ നാം അമ്പരന്നു പോകും. പൊതുവിദ്യാഭ്യാസ മേഖല നാനാവിധമായത് ഒരു വശത്ത്. കച്ചവടലക്ഷ്യം നേടാന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത വിദ്യാഭ്യാസ മുതലാളിമാരുടെ കോളജുകളില്‍ കമ്മ്യൂണിസ്റ് നേതാക്കളുടെ മക്കള്‍ പഠിച്ചിറങ്ങുന്ന വിചിത്രമായ കാഴ്ച.

അമ്പതു വര്‍ഷം ആര് ആരുടെ മുന്നിലാണ് കീഴടങ്ങിയത്? കാലത്തെയും സമൂഹത്തെയും മാറ്റാനിറങ്ങിയവര്‍ കാലത്തിനൊപ്പിച്ച് സ്വയം മാറാനുളള വ്യഗ്രതയില്‍ ലക്ഷ്യങ്ങളാകെ മറന്നിരിക്കുന്നു.

അമ്പതു വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങള്‍ എന്തൊക്കെയാണ്?

സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചാക്ലാസുകളും അടങ്ങുന്ന പ്രസംഗഭീകരതയാണ് അമ്പതാം വാര്‍ഷികത്തിന്റെ പേരില്‍ ഇരു പാര്‍ട്ടികളും സംഘടിപ്പിക്കുന്നത്. പ്രകാശ് കാരാട്ടും എ ബി ബര്‍ദാനും മുതല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വരെ അമ്പതാം വാര്‍ഷികത്തിന്റെ പെരുമ പെരുമ്പറ കൊട്ടിയറിയിക്കും.

അന്നും ഇന്നും

പ്രവൃത്തിയില്‍ എവിടെയാണ് ആദ്യ കമ്മ്യൂണിസ്റ് സര്‍ക്കാരിന്റെ പിന്‍ഗാമി പദം ഇന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് കിട്ടുന്നത്? സാമര്‍ത്ഥ്യവും ദീര്‍ഘവീക്ഷണവും സമന്വയിച്ച പ്രതിഭാധനരാണ് ആദ്യത്തെ കമ്മ്യൂണിസ്റ് സര്‍ക്കാരിന് നേതൃത്വം നല്‍കിയത്.

വെറും വാചകമടിയല്ലാതെ ലക്ഷ്യവേധിയായ ഒരു തീരുമാനവും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ എത്തിനില്‍ക്കുന്നത്. എന്നോ പഠിച്ചുറച്ചു പോയ സൈദ്ധാന്തികവാചകങ്ങളുടെ തടവറയില്‍ നിന്നും മോചനം നേടാനാവാത്ത അവസ്ഥ ഒരു വശത്ത്.

മറുവശത്ത് അനുനിമിഷം നടക്കുന്ന അധിനിവേശത്തിന്റെ മാസ്മരിതയ്ക്കു മുന്നില്‍ വ്യക്തിപരമായും സംഘടനാപരമായും അടിയറവ് പറഞ്ഞതിന്റെ ഭയാനകതയും.

വാക്കുകളില്‍ മാത്രമാണ് ഇവിടെ സാമ്യത. സാമൂഹിക മാറ്റത്തിനായുളള അടങ്ങാത്ത ബോധം അന്നത്തെ കമ്മ്യൂണിസ്റുകാര്‍ക്ക് മുന്നോട്ടുളള യാത്രയില്‍ വെളിച്ചമായെങ്കില്‍, കൈയില്‍ കിട്ടിയത് നഷ്ടപ്പെടാതിരിക്കാനുളള പ്രായോഗികത മാത്രമാണ് ഇന്നത്തെ ആദര്‍ശം.

പലപേരുകളില്‍ വിളിക്കപ്പെടുന്ന ഈ ആദര്‍ശമാണ് കേരളത്തിന്റെ ശാപം. അമ്പതു വര്‍ഷം മുമ്പ് സംഭവിച്ച ഒരത്ഭുതത്തിന്റെ അതിവൈകാരികമായ പ്രദര്‍ശനപരത നമുക്കെന്തിന്. ചരിത്രപരമായ പ്രസക്തി ഊട്ടിയുറപ്പിക്കപ്പെടുന്നത് നയങ്ങളിലെ സുതാര്യതയിലും പ്രവൃത്തിയിലെ സത്യസന്ധതയിലുമാവണം.

വ്യക്തിവൈരാഗ്യത്തിന്റെ ചുഴികളില്‍ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്ന മഹാപ്രസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് ഈ തിരിച്ചറിവ് ഉണ്ടോ എന്നതാണ് നമുക്കു മുന്നിലുളള പ്രശ്നം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X