തരൂരിനെന്തേ കൊന്പുണ്ടോ?

Shashi Tharoor
കയ്‌ച്ചിട്ട്‌ ഇറക്കാനും വയ്യ മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ്‌ കോണ്‍ഗ്രസ്‌. ദേശീയഗാനം പാടുമ്പോള്‍ എങ്ങനെ നില്‍ക്കണം എന്നകാര്യത്തില്‍പ്പോലും അമേരിക്കന്‍ രീതികള്‍ പിന്തുടരാനാഗ്രഹിക്കുന്ന ഈ ശശി തരൂര്‍ എന്ന ഗ്ലോബല്‍ ഡിപ്ലോമാറ്റിനെ പിടിച്ച്‌ സ്ഥാനാര്‍ത്ഥിയാക്കിയ നിമിഷത്തെ ശപിക്കുകയാവും സാക്ഷാല്‍ സോണിയ.

യുഎന്നിലെ അണ്ടര്‍ സെക്രട്ടറി പദവിപോലെതന്നെയുള്ള ഒരു തേന്‍കുടമാണ്‌ ഇന്ത്യയിലെ മന്ത്രിപദവുമെന്ന്‌ തെറ്റിദ്ധരിച്ചുകൊണ്ടാവണം തരൂര്‍ മത്സരിക്കാന്‍ നിന്നതും. അന്ന്‌ അദ്ദേഹം ഈ പുലിവാലുകളെക്കുറിച്ചൊന്നും ഓര്‍ത്തുകാണാനേ ഇടയില്ല. ഇന്ത്യയെ സേവിച്ചു കളയാം അല്ലെങ്കില്‍ തിരുവനന്തപുരത്തെ ജനങ്ങളെ സേവിച്ചുകളയാം എന്ന്‌ അതിമോഹിച്ച്‌ കയറി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.

ആരുടെ ഭാഗ്യം കൊണ്ടോ ഭാഗ്യദോഷം കൊണ്ടോ അദ്ദേഹം ജയിക്കുകയും ചെയ്‌തു. യുഎന്നില്‍ പണിചെയ്‌ത്‌ പലരാജ്യങ്ങളില്‍ സഞ്ചരിച്ചു, അവിടങ്ങളില്‍ ഉണ്ടാക്കിയ ബന്ധങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം നോക്കിയപ്പോള്‍ യുപിഎ അദ്ദേഹത്തിന്‌ വിദേശസഹമന്ത്രിസ്ഥാനം സമ്മാനിച്ചു.

പട്ടിണി കിടന്ന്‌ ആളുകള്‍ മരിക്കുന്ന ഇന്ത്യപോലെയുള്ള ഒരു രാജ്യത്തിന്റെ മന്ത്രിയായിരിക്കുമ്പോഴും മുന്തിയ താമസവും യാത്രയും ഭക്ഷണവും വേണമെന്ന്‌ വാശിപിടിക്കുകയും സ്വന്തം പാര്‍ട്ടിയിലെ മറ്റുള്ളവരെ കാലികളെന്നു വിളിക്കുകയും ചെയ്യുന്ന ഒരു മന്ത്രിയെ രാജ്യത്തിന്‌ ആവശ്യമുണ്ടോ?.

ചെലവ്‌ ചുരുക്കാനായി യുപിഎ അധ്യക്ഷ സോണിയ പോലും എക്കണോമി ക്ലാസില്‍ സഞ്ചരിച്ചിരിക്കെയാണ്‌ തരൂര്‍ ഇതിനെ കാലിത്തൊഴുത്തെന്നും സോണിയ ഉള്‍പ്പെടെയുള്ളവരെ വിശുദ്ധ പശുക്കളെന്നും വിശേഷിപ്പിച്ചിരിക്കുന്നത്‌. മന്ത്രിമാരില്‍ ഒട്ടുമിക്കപേരും തങ്ങള്‍ ഇനിമുതല്‍ വിമാനത്തില്‍ എക്കണോമി ക്ലാസില്‍ യാത്രചെയ്യുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. തരൂരിന്റെ അഭിപ്രായം വച്ച് നോക്കുന്പോള്‍ ഇവരെല്ലാം കാലിത്തൊഴുത്തിലെ വിശുദ്ധ പശുക്കളായിരിക്കും. ഇന്ത്യയെയും ഇന്ത്യക്കാരെയും പുച്ഛിക്കുന്ന പാശ്ചാത്ത്യരുടെ സംസ്‌കാരം പേറുന്ന ഈ മലയാളി ദേഹം ഇന്ത്യന്‍ ജനതയ്‌ക്ക്‌ ഏത്‌ തരത്തില്‍ ഉപകാരപ്പെടുമെന്ന്‌ കണ്ടുതന്നെ അറിയണം.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രാജ്യത്തുടനീളം ഗണേശവിഗ്രഹങ്ങള്‍ പാലുകുടിക്കുന്നുവെന്ന്‌ ബിജെപിക്കാരും ശിവസേനക്കാരും പ്രചരിപ്പിച്ചപ്പോള്‍ ഇതിന്‌ പിന്തുണയുമായി രംഗത്തെത്തി സ്വന്തം ബുദ്ധിശൂന്യത വെളിപ്പെടുത്തിയ ആളാണ്‌ ശശി തരൂര്‍. അക്കാര്യമൊക്കെ ഹൈക്കമാന്റും കൂട്ടരും മറന്നുപോയി.

എന്നാല്‍ അവസാനം സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പും, ദേശീയഗാന വിവാദവുമെല്ലാം വെറുതെയെങ്കിലും ഒന്നു പരിഗണിക്കാമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്‌ മന്ത്രിക്കസേരയെന്ന തേന്‍കുടം നല്‍കാതെ എംപിയായിത്തന്നെ വാഴിച്ചാലും മതിയായിരുന്നു. രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ ഒരവസരം നല്‍കാമായിരുന്നു.

എന്തായാലും ട്വിറ്ററില്‍ മഹാനായ തരൂര്‍ ഇപ്പോള്‍ എഴുതിവച്ചിരിക്കുന്ന ഈ ഭോഷ്‌ക്‌ എത്ര ഇന്ത്യക്കാര്‍ക്ക്‌ സഹിക്കാന്‍ കഴിയും. ഇതൊന്നും പുറത്തറിയില്ലെന്ന്‌ കരുതിയായിരിക്കുമോ അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ ട്വീറ്റിയത്‌. എന്തായാലും തരൂരിന്‌ സഹമന്ത്രിസ്ഥാനം ലഭിച്ചുവെന്ന വാര്‍ത്ത വന്നപ്പോള്‍ കുളിരുകോരിയ കേരളീയര്‍ക്ക്‌ വിശിഷ്യാ പാലക്കാട്ടുകാര്‍ക്ക്‌ ഇതൊരു വല്ലാത്ത ചതിയായിപ്പോയെന്ന്‌ തോന്നാതിരിക്കാനിടയില്ല.

ചെലവുചുരുക്കലിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടല്‍വാസം അവസാനിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ത്തന്നെ തരൂര്‍ ഏതാണ്ട്‌ ഇടഞ്ഞ നിലയിലായിരുന്നു കേരള ഹൗസിന്റെ 'ഠ'വട്ടത്തില്‍ കഴിയാന്‍ തനിക്കാകില്ലെന്ന്‌ തരൂര്‍ അദ്ദേഹം വ്യക്തമാക്കി. ദുബയിലും അമേരിക്കയിലും എല്ലാം ബംഗ്ലാവുകളില്‍ കഴിഞ്ഞ ഇദ്ദേഹം കേരള ഹൗസിലെത്തുമ്പോള്‍ സഹിക്കേണ്ടിവരുന്ന ഈ വിമ്മിഷ്ടത്തിന്‌ നമുക്കൊരു മാനുഷിക പരിഗണന കൊടുക്കാം.

എന്നാല്‍ വിമാനയാത്രക്ക്‌ ഇക്കണോമി ക്ലാസ്‌ മതിയെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ ഇഷ്ടന്റെ തനിനിറം പുറത്തായി. അധികാരത്തിന്റെ മറവില്‍ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച്‌ ജീവിക്കാനുള്ള ഒരു ഷോട്ട്‌ കട്ട്‌ മാത്രമായിട്ടാണ്‌ യുഎന്‍ വിട്ട അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തെ കണ്ടതെന്ന്‌ ഇതില്‍ക്കൂടുതല്‍ വെളിവാകാനില്ല.

എന്തായാലും ട്വിറ്ററില്‍ തരൂരിനോട്‌ ആ ചോദ്യം ചോദിച്ച മഹാനോട് ഇന്ത്യക്കാര്‍ക്ക്‌ നന്ദി പറയാം. അങ്ങനെ ആ മാന്യദേഹത്തിന്റെ ഉള്ളിലിരുപ്പ്‌ വെളിച്ചത്തുകൊണ്ടുവന്നല്ലോ. ജനങ്ങള്‍ കൊടുക്കുന്ന നികുതികൊണ്ട്‌ സുഖിച്ചുകളയാമെന്ന്‌ കരുതിപ്പോയ തരൂരിനെ നല്ലകുട്ടിയാക്കാന്‍ കോണ്‍ഗ്രസ്‌ എന്ത്‌ അച്ചടക്ക നടപടിയായിരിക്കും സ്വീകരിക്കുകയെന്നതാണ്‌ ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്‌.

സോണിയ കണ്ണുരുട്ടിപ്പേടിപ്പിക്കുമോ അതോ ഏത്തമിടാന്‍ പറയുമോ. അച്ചടക്ക നടപടി പ്രഖ്യാപിക്കുന്നവര്‍ക്കെതിരെ അദ്ദേഹം അമേരിക്കന്‍ ഇംഗ്ലീഷില്‍ പ്രതികരിക്കുമോ എന്നീ കാര്യങ്ങളില്‍ മാത്രമേ സംശയം വേണ്ടതുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+