കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ പ്രവേശനം: നീതിപീഠം കാണാതെ പോകുന്നത്

  • By Soorya Chandran
Google Oneindia Malayalam News

മെഡിക്കല്‍, ഡെന്റല്‍ മേഖലകളില്‍ ഏകീകൃത പൊതു പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയത് പണക്കൊഴുപ്പുള്ളവര്‍ക്ക് കാര്യം കാണാന്‍ എളുപ്പമാകും എന്ന സൂചനയാണ് നല്‍കുന്നത്. ഭരണ ഘടനയേയും 1956 ലെ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തേയും അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവന. മൂന്ന് ജഡ്ജിമാരില്‍ ഒരാള്‍ മെഡിക്കല്‍ കൗണ്‍സിലിനെ അനുകൂലിച്ചും വിധിയെഴുതി.

ഒരു കേസ് തന്നെ മൂന്ന് ജഡ്ജിമാര്‍ പരിഗണിക്കുമ്പോള്‍ വ്യത്യസ്ത വിധിന്യായങ്ങള്‍ വരുന്നതിനെ മാനുഷികം എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താം. പക്ഷെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം എന്ന് പറയുമ്പോള്‍ ചില സംശയങ്ങള്‍ ഉയരുന്നു.

Supreme Court

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും അവ നടത്താനും ഭരണഘടന അനവദിക്കുന്നുണ്ട്. അതിന് വിരുദ്ധമാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും അവ നടത്തുന്നതിനും മെഡിക്കല്‍ കൗണ്‍സില്‍ എതിര് നിന്നിട്ടില്ല. പക്ഷേ അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് നിശ്ചിത നിലവാരം ഉണ്ടാകണമെന്ന് പറയുന്നതില്‍ എന്താണ് ന്യൂനപക്ഷ വിരുദ്ധം എന്ന് മനസ്സിലാകുന്നില്ല. ഇക്കാലമത്രയും സ്വാശ്രയ മേഖലയിലെ മെഡിക്കല്‍ കോളേജുകളിലും ഡെന്റര്‍ കോളേജുകളിലും പണക്കൊഴുപ്പിന്റെ മാത്രം പിന്‍ബലത്തില്‍ കയറിപ്പറ്റിയവര്‍ക്ക് കിട്ടിയ 'ആനുകൂല്യം' വരും നാളുകളിലും തുടരണമെന്നാണോ കോടതിയുടെ അഭിപ്രായം എന്ന് സംശയിച്ചുപോകും.

ഇത് വെറും പണം കൊടുത്ത് വിദ്യാഭ്യാസം നേടേണ്ട ഒരു മേഖലയല്ലെന്ന് കോടതി തിരിച്ചറിയുന്നില്ലേ. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ബാധ്യസ്ഥരായവരാണ് ഡോക്ടര്‍മാര്‍. പണം കൊടുത്താല്‍ ആര്‍ക്കും ഡോക്ടറാകാം എന്ന സ്ഥിതി തുടര്‍ന്നാല്‍ നാളെ നമ്മുടെ ആരോഗ്യ മേഖലയുടെ അവസ്ഥ എന്താകുമെന്ന് ചിന്തിക്കാതിരിക്കാനാകുമോ?

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ അധ്യയനവും അധ്യാപനവും നിലവാരവുമെല്ലാം ഈ സംവിധാനങ്ങള്‍ തുടങ്ങിയ കാലം മുതലേ സംശയത്തിന്റെ കണ്ണിലാണ്. പലയിടത്തും നല്ല അധ്യാപകരെ കിട്ടാനില്ല. കുട്ടികള്‍ക്ക് വേണ്ടത്ര പരിശീലനം കിട്ടുന്നില്ല. ലാബ് സൗകര്യങ്ങള്‍ ഇല്ല. ചിലപ്പോള്‍ ഇന്റേര്‍ണല്‍ മാര്‍ക്ക് വാരിക്കോരിക്കൊടുത്തും കോപ്പിയടിക്കാന്‍ അവസരമൊരുക്കിക്കൊടുത്തുമൊക്കെയാണ് പല സ്ഥലങ്ങളിലും ഡോക്ടര്‍മാര്‍ 'ജനിക്കുന്നത്'.

സ്വാശ്രയ കോളേജുകളില്‍ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍ പറപ്പിച്ച് കോടികള്‍ വരെ മെഡിക്കല്‍ സീറ്റുകള്‍ക്ക് വാങ്ങിക്കുന്നു. ഇതെല്ലാം പലപ്പോഴായി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്. പക്ഷേ ഔദ്യോഗിക നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. നാട്ടിലെ നീതിന്യായ വ്യവസ്ഥ ഇതൊന്നും കാണുന്നില്ലേ എന്ന് സംശയിക്കേണ്ടി വരും ചിലകാര്യങ്ങള്‍ കേള്‍ക്കുന്പോള്‍.

1956 ലെ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു എന്നതാണ് മറ്റൊരു വസ്തുത. സ്വാശ്രയ മെഡിക്കല്‍ കോളേജുകളോ , പണം കൊടുത്ത് വാങ്ങാവുന്ന മെഡിക്കല്‍ ബിരുദങ്ങളോ ഇല്ലാതിരുന്ന കാലത്തുണ്ടാക്കിയ നിയമല്ലേ. അതിന് പോരായ്മകള്‍ കാണും. ആ പോരായ്മകള്‍ പരിഹരിച്ചിട്ട് വേണമായിരുന്നു സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്കിറങ്ങാന്‍. വലിയ നിയമഞ്ജരൊക്കെ കൂടെയുണ്ടെങ്കിലും ഇത്തരം വെല്ലുവിളികളെ മറികടക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനും സര്‍ക്കാരിനും എന്ത്‌കൊണ്ട് കഴിഞ്ഞില്ല എന്നും ചിന്തിക്കേണ്ടതുണ്ട്. പണ്ട് എംഎ ബേബി കേരളത്തില്‍ കൊണ്ടുവന്ന സ്വാശ്രയ ബില്ലിനെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോള്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിഷ്‌കാരങ്ങള്‍.

പരമോന്നത നീതി പീഠത്തിന്റെ ഉത്തരവ് അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എങ്കിലും സംശയങ്ങള്‍ തീരുന്നില്ല. ദേശീയ തലത്തില്‍ ഒറ്റപ്രവേശന പരീക്ഷയെന്നത് പ്രായോഗികമല്ലെന്നാണ് കോടതി നിരീക്ഷിക്കുന്നത്. അത് പ്രായോഗികമാക്കാനുള്ള ബാധ്യത സര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സിലിനുമുണ്ടെന്ന കാര്യം എന്ത്‌കൊണ്ട് കോടതി പരിഗണിച്ചില്ല. ഇപ്പോള്‍ തന്നെ പല വിഷയങ്ങളില്‍ ദേശീയ തലത്തില്‍ ഒറ്റ പ്രവേശന പരീക്ഷകള്‍ നടക്കുന്നുണ്ടല്ലോ. അപ്പോള്‍ മെഡിക്കല്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ എന്താണ് പ്രത്യേകതയെന്നും സംശയിച്ച് പോകുന്നു.

'ദേശീയ തലത്തില്‍ വിദ്യാഭ്യാസ നിലവാരം ഒന്നല്ല.ഓരോ സംസ്ഥാനത്തിനും സ്വന്തമായ സംവിധാനങ്ങളും രീതികളും ഉണ്ട്. പഠിപ്പിക്കുന്ന ഭാഷയും വ്യത്യസ്തമാണ്.' കോടതി നിയമ തടസ്സങ്ങള്‍ക്ക് പുറമേ ഉന്നയിച്ച് തടസ്സങ്ങളാണ് ഇവ. ആളുകളുടെ ജീവന്‍വച്ചുകളിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ദേശീയ തലത്തില്‍ ഒരു ശരാശരി നിലവാരമെങ്കിലും വേണ്ടെ. ചില സംസ്ഥാനങ്ങളില്‍ നല്ല ഡോക്ടര്‍മാരും ചിലയിടങ്ങളില്‍ മോശം ഡോക്ടര്‍മാരും മതിയെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി കണക്കാക്കുമെന്ന് എന്തായാലും കരുതുന്നില്ല.

English summary
The Supreme Court squashed the recommendation of Medical Council Of India for a national entrance test for the medical and dental degree and post graduation. But supreme court forget to consider some key issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X