കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്ചന്ദ്രനും പിന്നെ നിയമസഭയും

  • By ഹരി
Google Oneindia Malayalam News

മധ്യതിരുവിതാം കൂറിലെ ഒരു നിയമസഭാ സാമാജികനാണു ബേബിസാര്‍. നാട്ടുകാരുടെ കണ്ണിലുണ്ണി വീട്ടുകാര്‍ ഇട്ടപേരു ബേബി എന്നാണ്. രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ അദ്ദേഹം സ്വയം അതു ബേബിസാര്‍ ആക്കി. ആരെക്കണ്ടാലും ചോദിക്കും 'ബേബിസാര്‍ മോനെന്താ ചെയ്തു തരേണ്ടത്'?' ഏതു വീട്ടിലും ഇടിച്ചുകയറി ചെല്ലും. വിദ്യ ഫലിച്ചു. ഇപ്പോള്‍ തൊട്ടിലിയില്‍ കിടക്കുന്ന കുട്ടി മുതല്‍ അന്ത്യ കൂദാശ കൈക്കൊള്ളുന്ന വയസ്സന്‍ വരെ ചോദിക്കുന്നത് 'ബേബിസാര്‍ വന്നില്ലേ' എന്നാണ്.

കല്യാണമോ, മരണമോ നടന്നാല്‍ ബേബിസാര്‍ അവിടെ എത്തിയിരിക്കും.എല്ലാത്തിനും ഒരു ചിട്ടയുണ്ട്. കാറില്‍ നിന്നിറങ്ങി ഓടി വീട്ടിലേക്കു കയറും. 'എന്തിയേ കല്യാണച്ചെറുക്കന്‍'. അവന്റെ പള്ളയ്‌ക്കൊന്നു കുത്തും. 'കൊച്ചു കള്ളാ, പതുങ്ങിയിരുന്നു പണി പറ്റിച്ചു കളഞ്ഞല്ലോ' പിന്നെ ചെറുക്കന്റെ അപ്പന്റെ പുറത്തു ചെറുതായി ഒന്നടിക്കും 'ഭാഗ്യവാന്‍'. അടുക്കള ഭാഗത്തേയ്ക്കു തല നീട്ടും 'ചേട്ടത്തി എന്തിയേ?'

കല്യാണത്തലേന്നായിരിക്കും ഈ സന്ദര്‍ശനം. ആരെങ്കിലും ദിവ്യപാനീയം തോര്‍ത്തില്‍ പൊതിഞ്ഞു കൊണ്ടുവരുന്നത് വാങ്ങി മടമടാന്നടിക്കും. 'ടച്ചിംഗ്‌സ് ഒന്നുമില്ലേ?'. രണ്ടുകഷ്ണം എടുത്തു വായിലിടും. അപ്പോഴാണ് ചാകാറായ വല്യപ്പന്‍ കട്ടിലിലിരുന്നു വലിക്കുന്നത് കാണുന്നത്. അയാളെ കമ്പിളിയോടെ കൂട്ടിപ്പിടിച്ചു ഞെക്കിയിട്ട് 'പോട്ടെ' എന്നു ചോദിച്ച് ഓടിയിറങ്ങി കാറില്‍ കയറും.

ആര്‍ക്കും ബേബിസാറിന്റെ വീട്ടിലോ, കിടപ്പുമുറിയിലോ, അടുക്കളയിലോ കയറാം. ഏതു നേരത്തും കാണാം. ശുപാര്‍ശക്കത്തു ചോദിക്കുന്നവര്‍ക്കെല്ലാം കൊടുക്കും. കാശു കൊടുത്താല്‍ ഏതു കാര്യവും നടത്തിത്തരും. നിങ്ങളുടെ ഓട അടഞ്ഞുപോയാലോ, തെരുവു വിളക്കു കത്തായാതായാലോ, കക്കൂസു നിറഞ്ഞാലോ ആദ്യമെത്തുന്നതു ബേബിസാറായിരിക്കും.

എന്തൊരു തങ്കപ്പെട്ട മനുഷ്യന്‍? ഒരഹങ്കാരവുമില്ല! നമ്മള്‍ക്കൊരാവശ്യമുണ്ടെങ്കില്‍ അവിടെയുണ്ട്. ഇന്നിപ്പോള്‍ ബേബി സാറിന്റെ മാതൃക അനുകരിച്ച് പ്രവര്‍ത്തിക്കുന്ന പത്തുറുപത് എംഎല്‍എ മാരെങ്കിലുമുണ്ട്. വന്നുവന്നിപ്പോ എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ വിവരം അതീവ രഹസ്യമായി സൂക്ഷിക്കും. ഇല്ലെങ്കില്‍ ഒരു നേതാവ് അഞ്ചെട്ട് അനുയായികളുമായി വന്ന് 'ചേച്ചിയേ മധുരം ഒന്നും ഇല്ലേ' എന്നു ചോദിച്ച് അവിടെയും കേറിച്ചെന്നു കളയുമത്രേ!

അടുത്ത കാലത്തിറങ്ങിയ നിവിന്‍ പോളി ചിത്രമാണ് 'ആക്ഷന്‍ ഹീറോ ബിജു'. ഒരു സബ്ബിന്‍സ്‌പെക്ടറുടെ ജോലി എന്താണെന്നും എങ്ങിനെ ചെയ്യണമെന്നും നിവിന്‍ പോളി കാണിച്ചു തരുന്നു. നിര്‍ഭാഗ്യവശാല്‍ സുരേഷ് ഗോപിയുടെ കമ്മീഷണര്‍ ചിത്രങ്ങളിലെ കമ്മീഷണര്‍മാര്‍ ചെയ്യുന്നതും ഈ എസ്.ഐയുടെ പണിയാണ്. ബാക്കി സമയം തട്ടു പൊളിപ്പന്‍ പ്രസംഗങ്ങളും. അപ്പോള്‍ കമ്മീഷണര്‍ ചെയ്യേണ്ട ജോലികള്‍ ആരു ചെയ്യും?

action-her-biju-nivin-pauly

പ്രിയ സുഹൃത്തുക്കളെ പഞ്ചായത്തംഗത്തിന്റെ ജോലി കവര്‍ന്നെടുത്ത് കല്യാണവീട്ടിലും, മരണവീട്ടിലും, കയറിയിറങ്ങി നടക്കുന്ന നിയമസഭാംഗങ്ങളെ വീട്ടില്‍ ഇരുത്തേണ്ട സമയം ആയില്ലേ?. ഭാവിയില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ജീവിക്കാന്‍ പറ്റുന്ന ഒരു സ്ഥലമാക്കി കേരളത്തെ നിലനിര്‍ത്താന്‍ കെല്പുള്ള സാമാജികരെ അല്ലേ നമുക്കു വേണ്ടത്.

നാടിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് അവ നിയമസഭയില്‍ അവതരിപ്പിച്ച് അവയ്ക്കു പരിഹാരമുണ്ടാക്കുകയാണ് എം.എല്‍.എയുടെ ജോലി. അതിനു പകരം സദാസമയം മണ്ഡലത്തില്‍ നടന്ന് ജനങ്ങളെ പല്ലിളിച്ചു കാട്ടുകയും, പഞ്ചായത്തു മെമ്പറോ,

വാര്‍ഡുകൗണ്‍സിലറോ ചെയ്യേണ്ട ജോലികള്‍ ചെയ്യുകയും ചെയ്താല്‍ എം.എല്‍.എ.യുടെ ജോലി ആരു ചെയ്യും?

മുപ്പതു വര്‍ഷവും, നാല്പതു വര്‍ഷവും എം.എല്‍.എ. ആയിരുന്നവര്‍ നിയമസഭയില്‍ ഏതെങ്കിലും വിഷയത്തില്‍ ആളുകള്‍ ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒരു വിഷയം പഠിച്ചവതരിപ്പിച്ചിട്ടുണ്ടോ? കേരളത്തില്‍ ചൂട് ഒരു ഡിഗ്രി കൂടി, തണ്ണീര്‍തടം മുഴുവന്‍ നികന്നു, കാടും കായലും തീരാറായി, 40,000 അധ്യാപകര്‍ പഠിപ്പിക്കാന്‍ കുട്ടികളില്ലാതെ ശമ്പളം വാങ്ങുന്നു, ആവശ്യത്തിനു പോലീസുകാര്‍ ഇല്ല സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാതാവുന്നു, സര്‍ക്കാരാശുപത്രികളിലെ സൗകര്യങ്ങള്‍ ഇല്ലാതാവുന്നു, ആദിവാസികളും ഇല്ലാതാവുന്നു. ഇതൊന്നും നോക്കാന്‍ ആരുമില്ല.

കേരളത്തിലെ നിയമസഭകളില്‍ പണ്ട് ഇങ്ങനെ അല്ലായിരുന്നു. ഇ.എം.എസ്, അച്ചുതമേനോന്‍, വി.ആര്‍.കൃഷ്ണഅയ്യര്‍, മുണ്ടശ്ശേരി, ടി വി തോമസ്, ഗൗരിയമ്മ, പി. ഗോവിന്ദപ്പിള്ള, തോപ്പില്‍ഭാസി, പട്ടം താണുപിള്ള, പനമ്പള്ളി ഗോവിന്ദ മേനോന്‍, സി.കേശവന്‍, ടി.എം വര്‍ഗ്ഗീസ്, പി.ടി.ചാക്കോ തൊട്ട് എം.വി രാഘവവനും എന്‍.ഐ ദേവസ്സിക്കുട്ടിയും ഇ.ചന്ദ്രശേഖരന്‍നായരും പി.എസ്.ശ്രീനിവാസനും കെ.ചന്ദ്രശേഖരനും സുധീരനും, ടി.എം ജേക്കബും വരെ ഒട്ടേറെ പ്രഗത്ഭന്മാര്‍ കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിച്ചിരുന്നിടത്താണ് മരണവും കല്യാണവും കെട്ടിപ്പിടുത്തവും വഴി ചിലർ പ്രവേശനം നേടുന്നത്.

വിവരവും വിദ്യാഭ്യാസവുമുള്ളവരാണു മലയാളി വോട്ടര്‍മാര്‍. പക്ഷെ നമ്മുടെ മൂക്കു പിഴിഞ്ഞു തരുന്നതിനും കല്യാണത്തിലും മരണത്തിലും പങ്കെടുക്കുന്നതിനുമൊപ്പം നോട്ടെണ്ണല്‍യന്ത്രം വീട്ടില്‍ സ്ഥാപിക്കുന്നതും, കായലും, കാടും പതിച്ചെടുക്കുന്നതും കേരളം ഇല്ലാതാക്കുന്നതുമേ ഇവർ കാണുന്നുള്ളൂ.

നാലുകോടി ജനങ്ങളെ പ്രതിനിധീകരിച്ചു തീരുമാനങ്ങളെടുക്കാനാണു നിങ്ങള്‍ നൂറ്റി നാല്പതു പേരെ തെരെഞ്ഞെടുക്കുന്നത്.

മുപ്പതുവര്‍ത്തിനപ്പുറമുള്ള കേരള വിഭാവനം ചെയ്ത് തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവര്‍ വേണ്ടോ, അതോ ഓടി വന്നു കെട്ടിപ്പിടിച്ചു പഴങ്കഞ്ഞിക്കലത്തില്‍ തലയിടുന്നവര്‍ വേണോ എന്നു നിങ്ങള്‍ തീരുമാനിക്കുക.

English summary
Author is analysing our MLAs tactics just to get votes forgetting the core work. Quality of MLAs came down. To prove this he is comparing the work of an Sub Inspector and a Commissioner in two Malayalam Movies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X