കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻ ചാണ്ടിയുടെ തന്ത്രത്തിൽ മയങ്ങിയ രാഹുൽ... ഇന്ത്യ കൊടുത്ത് കേരളം വാങ്ങി; എന്തുകൊണ്ട് രാഹുൽ മാറണം

Google Oneindia Malayalam News

ചരിത്രത്തിലെ ഏറ്റവും വലിയ ദശാസന്ധിയില്‍ പെട്ടുകിടക്കുകയായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി. സ്വാതന്ത്ര്യ സമരത്തിന്റേയും പതിറ്റാണ്ടുകള്‍ നീണ്ട കേന്ദ്ര ഭരണത്തിന്റേയും സ്മരണകള്‍ മാത്രമാണിപ്പോള്‍ ആ പ്രസ്ഥാനത്തിന് ബാക്കിയായുള്ളത്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി സ്ഥാനമേറ്റതിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസ്സിന് പൊതുതിരഞ്ഞെടുപ്പില്‍ കാര്യമായൊന്നും ചെയ്യാനായില്ല. നിയമസഭകള്‍ നേടിയെടുത്ത സംസ്ഥാനങ്ങളില്‍ പോലും ദുരന്തപൂര്‍ണമാണ് കോണ്‍ഗ്രസിന്റെ പരാജയം.

കോണ്‍ഗ്രസ് രണ്ട് തവണ ഓള്‍ ഔട്ട്! സിപിഎം ഒരു തവണ മാത്രം... കേരളം ഞെട്ടിയ ആ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾകോണ്‍ഗ്രസ് രണ്ട് തവണ ഓള്‍ ഔട്ട്! സിപിഎം ഒരു തവണ മാത്രം... കേരളം ഞെട്ടിയ ആ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ

കോണ്‍ഗ്രസ് എന്നാല്‍ രാഹുല്‍ ഗാന്ധി എന്ന ഒറ്റ സമവാക്യത്തിലായിരുന്നു അടുത്തിടെ കാര്യങ്ങളെല്ലാം നടന്നിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ ഒറ്റയ്ക്ക് ചുമലിലെടുക്കാനുള്ള ശേഷി രാഹുല്‍ ഗാന്ധിയ്ക്കുണ്ടായിരുന്നോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വേണ്ട വിധം ഉള്‍ക്കൊള്ളാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ലെന്ന് വെളിവാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് കേരളത്തിലെ വയനാട്ടില്‍ മത്സരിക്കാന്‍ എടുത്ത തീരുമാനം. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കേരള നേതാക്കളുടെ തന്ത്രത്തില്‍ വീണുപോയ രാഹുല്‍ ഗാന്ധി, ഇനിയങ്ങോട്ടും കോണ്‍ഗ്രസ്സിന് ബാധ്യതയാകുമോ എന്ന് സംശയിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്

തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിനാണ് 2014 ലെ പൊതു തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഭരണത്തിലിരുന്ന കോണ്‍ഗ്രസ് വെറും 44 സീറ്റുകളിലേക്ക് ഒതുങ്ങി. വെറും മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒതുങ്ങി.

വലിയ പ്രതിസന്ധി തന്നെ ആയിരുന്നു അത്. രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ആവേശം കെട്ടുപോകുന്ന സാഹചര്യം. ഒറ്റയ്‌ക്കൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങി രാഹുല്‍ ഗാന്ധി പൂര്‍ണമായും തകര്‍ന്നടിഞ്ഞ സ്ഥിതി.

തിരിച്ചുവരാന്‍

തിരിച്ചുവരാന്‍

എന്നാല്‍ പതിയെ പതിയെ രാഹുല്‍ ഗാന്ധി ഒരു ദേശീയ നേതാവിലേക്ക് ഉയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കാര്യങ്ങള്‍ പഠിച്ച് വിലയിരുത്താനും പ്രതികരിക്കാനും അത് വ്യക്തമായി പറയാനും രാഹുല്‍ ഗാന്ധി പഠിച്ചു. 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലൂടെ മുഖം നഷ്ടപ്പെട്ടുപോയ രാഹുല്‍ നരേന്ദ്ര മോദിയ്ക്ക് ഒരു പ്രതിയോഗിയായി പതിയെ വളര്‍ന്നുവരികയായിരുന്നു.

ദേശീയ തലത്തില്‍ തന്നെ ആ ഉണര്‍വ്വ് കോണ്‍ഗ്രസ്സിലും പ്രകടമായി. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കാനും തുടങ്ങി. പക്ഷേ, അതിന് മുമ്പ് ഉണ്ടായ നഷ്ടം അത്ര എളുപ്പത്തില്‍ നികത്താവുന്ന ഒന്നായിരുന്നില്ല.

രാഹുലിന്റെ തന്ത്രങ്ങള്‍

രാഹുലിന്റെ തന്ത്രങ്ങള്‍

ഏത് വിധേനയും ഭരണം പിടിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. അത്തരം ഒരു തന്ത്രം പയറ്റുന്നതില്‍ കോണ്‍ഗ്രസ് അശക്തരായിരുന്നു. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പോടെ അതിലും മാറ്റം വന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന് ശേഷം കോണ്‍ഗ്രസ് ആദ്യമായുണ്ടാക്കിയ നേട്ടം അത് തന്നെ ആയിരുന്നു. പിന്നീട് ഗുജറാത്ത് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.

ഹിന്ദി ഹൃദയഭൂമിയില്‍

ഹിന്ദി ഹൃദയഭൂമിയില്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ്സിന്റെ കൈയ്യൊപ്പ് പതിഞ്ഞു എന്നതായിരുന്നു രാഹുലിന്റെ കിരീടത്തിലെ ഏറ്റവും വലിയ പൊന്‍ തൂവല്‍. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ഒരു രാഹുല്‍ തരംഗത്തിനുള്ള സാധ്യതയാണ് തെളിഞ്ഞത്.

ഈ മൂന്ന് വിജയങ്ങളും പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതും. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു.

രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചുള്ള ബോധ്യം

രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചുള്ള ബോധ്യം

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന രാഷ്ട്രീയ ബോധ്യം മറ്റാരെക്കാളും രാഹുല്‍ ഗാന്ധിയ്ക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ഏറെ മുമ്പ് തന്നെ അത്തരം സന്ദേശങ്ങള്‍ രാഹുല്‍ നല്‍കിക്കൊണ്ടേ ഇരുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ആശയ വിനിമയവും നടത്തി.

ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു രാഹുലിന്റെ ഈ നീക്കം. പക്വതയെത്തിയ ഒരു നേതാവ് എന്ന വിശേഷണം പലപ്പോഴായി പലരും ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.

രാഹുല്‍... രാഹുല്‍ മാത്രം

രാഹുല്‍... രാഹുല്‍ മാത്രം

എന്നാല്‍ കോണ്‍ഗ്രസ് എന്നാല്‍ രാഹുല്‍ ഗാന്ധി മാത്രം ആകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റഫേല്‍ വിവാദത്തില്‍ ഫലപ്രദമായി ആഞ്ഞടിക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമേ സാധിച്ചുള്ളൂ. രാഹുലിന് തൊട്ടുതാഴെ, ജനങ്ങളെ സ്വാധീനിക്കാന്‍ പാകത്തിലുള്ള ഒരു നേതാവില്ലാതെ പോയി കോണ്‍ഗ്രസില്‍.

അതേ സമയം നയപരമായ തീരുമാനങ്ങളില്‍ പാരവയ്ക്കാന്‍ ഒരുപാട് മുതിര്‍ന്ന നേതാക്കള്‍ എന്നത്തേയും പോലെ ഇപ്പോഴും രാഹുലിന് ചുറ്റും ഉണ്ട്.

പൊളിഞ്ഞ സഖ്യ രൂപീകരണം

പൊളിഞ്ഞ സഖ്യ രൂപീകരണം

ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമാവുക എന്നത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ പ്രദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുമ്പോള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടതായിരുന്നു കോണ്‍ഗ്രസ്.

പക്ഷേ, അതിന് കോണ്‍ഗ്രസ് തയ്യാറായില്ല. ഇക്കാര്യത്തില്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയം തന്നെയെന്ന് വിലയിരുത്തേണ്ടി വരും. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ താത്പര്യങ്ങള്‍ക്കും വാശികള്‍ക്കും കീഴടങ്ങുന്ന ഒരു നേതാവിനെ അല്ല കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ രാഹുല്‍ അത്തരത്തില്‍ കീഴടങ്ങുകയും ചെയ്തു.

ഉത്തര്‍ പ്രദേശിലെ നഷ്ടം

ഉത്തര്‍ പ്രദേശിലെ നഷ്ടം

ഉത്തര്‍ പ്രദേശ് ആണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകം. 80 സീറ്റുകളുള്ള സംസ്ഥാനം. 2014 ല്‍ ഇവിടെ 71 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് പിടിച്ചത്.

ഇത്തണ എസ്പി-ബിഎസ്പി സഖ്യത്തോടൊപ്പം ചേര്‍ന്ന് ബിജെപിയെ നേരിടാനുള്ള ഒരു സാധ്യത ഉത്തര്‍ പ്രദേശില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സും മറുവിഭാഗവും ഒരുപോലെ വാശിപിടിച്ചതോടെ ആ സാധ്യത ഇല്ലാതായി.

കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ച് ഉത്കണ്ഠയുള്ള നേതാവായിരുന്നെങ്കില്‍ രാഹുല്‍ അവിടെ സഖ്യത്തിനുള്ള നീക്കുപോക്കുണ്ടാക്കേണ്ടതായിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാഹുലിന് തന്റെ സിറ്റിങ് സീറ്റ് തന്നെ നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് വെറും ഒരു സീറ്റില്‍ മാത്രം ഒതുങ്ങി.

ദില്ലിയില്‍

ദില്ലിയില്‍

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിലും രാഹുല്‍ പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ വാശിക്ക് രാഹുലും കോണ്‍ഗ്രസ്സും കീഴടങ്ങുകയായിരുന്നു. സഖ്യമുണ്ടാക്കുകയായിരുന്നെങ്കില്‍ ഏഴില്‍ ഏഴ് സീറ്റും പിടിച്ചെടുക്കാമായിരുന്നു. അത് നടന്നില്ല. ഒടുവില്‍ കഴിഞ്ഞ തവണത്തെ പോലെ ബിജെപിയുടെ ക്ലീന്‍ സ്വീപ്പിന് ദില്ലി സാക്ഷിയായി. ഇതും രാഹുലിന്റെ പരാജയമായിത്തന്നെ വിലയിരുത്തണം.

പശ്ചിമ ബംഗാളില്‍ ശ്രമിച്ചാല്‍

പശ്ചിമ ബംഗാളില്‍ ശ്രമിച്ചാല്‍

പ്രതിപക്ഷ ഐക്യത്തില്‍ മമത ബാനര്‍ജിയും രാഹുലിന് ഒപ്പമുണ്ടായിരുന്നു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ സഖ്യം ഒരുപക്ഷേ സാധ്യമായിരിക്കില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. പ്രാരംഭ ചര്‍ച്ചകളും തീരുമാനങ്ങളും വരെ എത്തിയിരുന്നു. പക്ഷേ, അവിടേയും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് രാഹുല്‍ വഴങ്ങി. ഇടതുപക്ഷം ചിത്രത്തില്‍ നിന്ന് തന്നെ നീക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് വെറും ഒരു സീറ്റില്‍ ഒതുങ്ങി.

ഉമ്മന്‍ ചാണ്ടിയുടെ തന്ത്രത്തില്‍ വീണ രാഹുല്‍

ഉമ്മന്‍ ചാണ്ടിയുടെ തന്ത്രത്തില്‍ വീണ രാഹുല്‍

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന് ആദ്യ വെടിപൊട്ടിച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. വയനാട് മണ്ഡലത്തെ ചൊല്ലി എ, ഐ ഗ്രൂപ്പ് തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കവേ ആയിരുന്നു ഇത്. ശ്രദ്ധ തിരിക്കലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. എന്നാല്‍ അത് അവിടെ നിന്നും ഏറെ മുന്നോട്ട് പോയി. ഒടുവില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ദക്ഷിണേന്ത്യയില്‍ മൊത്തം അതിന്റെ പ്രതിഫലനം ഉണ്ടാകും എന്നായിരുന്നു ബോധിപ്പിച്ചത്. ഒടുവില്‍ അതിനും രാഹുല്‍ വഴങ്ങുകയായിരുന്നു.

കളിക്കളം വിട്ട് സൈഡ് ബഞ്ചിലേക്ക്

കളിക്കളം വിട്ട് സൈഡ് ബഞ്ചിലേക്ക്

ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയാണ് യഥാര്‍ത്ഥ പോര്‍ക്കളം എന്ന രാഹുലിന് അറിയാതിരിക്കില്ല. പക്ഷേ, ദക്ഷിണേന്ത്യയിലെ ഷുവര്‍ സീറ്റിലേക്ക് കൂടി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് രാഹുല്‍ കണ്ടില്ല. അത് പറയാന്‍ ശ്രമിച്ചവരെ ഉള്‍ക്കൊള്ളുകയും ചെയ്തില്ല.

അമേഠിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് കൂടി ചേക്കേറുന്നത് എന്നായി ബിജെപിയുടെ പ്രചാരണം. ഒടുവില്‍ അമേഠി തന്നെ രാഹുല്‍ ഗാന്ധിയ്ക്ക് കൈവിട്ടുപോവുകയും ചെയ്തു. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ദേശീയതലത്തില്‍ ആത്മഹത്യാപരമായ ഒരു തീരുമാനം ആയിരുന്നു.

കേരളം പിടിച്ചു, ഇന്ത്യ പോയി

കേരളം പിടിച്ചു, ഇന്ത്യ പോയി

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഭാവി പ്രധാന മന്ത്രിയായും അവതരിപ്പിക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിജയിച്ചു. കേരളത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ ജയിച്ചാലും പിന്തുണ രാഹുലിന് തന്നെ ആകും എന്ന പ്രചാരണവും ഫലം കണ്ട. ന്യൂനപക്ഷങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ഐക്യപ്പെടലും കേരളത്തില്‍ നിര്‍ണായകമായി.

കേരളത്തില്‍ 15 സീറ്റുകള്‍ ഇതുവഴി കോണ്‍ഗ്രസ് സ്വന്തമാക്കി. പക്ഷേ, സീറ്റുകള്‍ രണ്ടക്കം കടന്ന ഏക സംസ്ഥാനമായി കേരളം മാത്രം അവശേഷിച്ചു. തൊട്ടടുത്തുള്ള കര്‍ണാടകത്തില്‍ വെറും ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. സംസ്ഥാന ഭരണം പിടിച്ച ആവേശം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ടില്ലെന്ന് മാത്രമല്ല ബിജെപി 28 ല്‍ 25 സീറ്റുകളും സ്വന്തമാക്കുന്നതും കാണേണ്ടി വന്നു.

എന്തുകൊണ്ട് രാഹുല്‍ മാറണം

എന്തുകൊണ്ട് രാഹുല്‍ മാറണം

2004 മുതല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുള്ള ആരാണ് രാഹുല്‍ ഗാന്ധി. രണ്ട് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നയിച്ച നേതാവും ആണ്. പക്ഷേ, ഇത്രയൊക്കെ ആയിട്ടും രാഹുല്‍ രാഷ്ട്രീയം പഠിച്ചിട്ടില്ലെങ്കില്‍ ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ല.

എല്ലാ തന്ത്രങ്ങളും ഒരു തത്വദീക്ഷയും ഇല്ലാതെ പയറ്റാന്‍ ധൈര്യപ്പെടുന്ന, അതിനൊത്ത ആളും അര്‍ത്ഥവും ഉള്ള ബിജെപിയെ നേരിടാന്‍ രാഹുല്‍ പോരെന്ന് പറഞ്ഞാല്‍ അത് തീരെ കുറഞ്ഞുപോവുകയും ഇല്ല.

രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ നിന്ന് മാറണം എന്ന് പറയുമ്പോള്‍ തന്നെ, വേറെ ആര് ആ പദവിയില്‍ എത്തണം എന്നതും ഒരു ചോദ്യമാണ്. വാര്‍ത്തകളില്‍ തരംഗം സൃഷ്ടിച്ച പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശില്‍ ഒരു തരംഗവും സൃഷ്ടിക്കാതെ പോയി എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടണം.

English summary
Lok Sabha Election results 2019: Rahul Gandhi has failed and congress needs a new leader- Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X