പുരകത്തി മാണിസാറേ അവര്‍ ദേ വാഴയും വെട്ടി, ഇനി നില്‍ക്കണോ പോണോ?
കേരള കോണ്‍ഗ്രസ് എന്നാല്‍ എത്ര കേരള കോണ്‍ഗ്രസ് എന്ന് ചോദിയ്ക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.പിളര്‍ന്നും വളര്‍ന്നും വീണ്ടും ഒത്തുചേര്‍ന്നും കേരള കോണ്‍ഗ്രസ് യാത്ര തുടര്‍ന്നു. കേരള കോണ്‍ഗ്രസിലെ തന്നെ പ്രബലരാണ് മാണി വിഭാഗം. ഏറെ വിശ്വസ്തനായി മാണിയ്‌ക്കൊപ്പം നിന്ന ഒടുവില്‍ രാജിക്കത്ത് പോലും ക്ളിഫ് ഹൗസില്‍ കൊണ്ടുപോയി കൊടുത്ത ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ആരും മറക്കാനിടയില്ല.
ചാനലുകളില്‍ മാണിയ്ക്കുവേണ്ടി വാദിച്ച് ചാവേറായി മാറിയ ആന്റണി രാജുവും ഓര്‍മ്മകളില്‍ നിന്ന് അകലാന്‍ ഇടയില്ല. ഇതൊക്കെ വെറും പഴങ്കഥകള്‍. തിരഞ്ഞെടുപ്പ് എത്തി. ഇനി രാഷ്ട്രീയമാണ്. നല്ല അവസരവാദ രാഷ്ട്രീയം. ജാതി പറഞ്ഞും മതം പറഞ്ഞും, കൂടെ നിന്നതും കൂട്ടു നിന്നതും പറഞ്ഞ് സീറ്റ് നേടണം. ഇല്ലെങ്കില്‍ ഒറ്റ പോക്കാണ് മറുകണ്ടത്തേയ്ക്ക്.

ഇനിയൊരു തിരഞ്ഞെടുപ്പില്‍ എന്താകും അവസ്ഥ എന്ന് പോലും അറിയാതെ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ അവസ്ഥ പരിതാപകരമാണ്.സീറ്റ് പ്രശ്‌നത്തില്‍ ഇടഞ്ഞ ഫ്രാന്‍സിസ് ജോര്‍ജ്ജും, ആന്റണി രാജുവും, ഡോക്ടര്‍ കെസി ജോസഫും കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജി വയ്ക്കാന്‍ ഒരുങ്ങുകയാണ്. ഈ വിമത വിഭാഗം എല്‍ഡിഎഫുമായി കൂടുതല്‍ അടുക്കുകയാണ്. പൂഞ്ഞാര്‍, മൂവാറ്റുപുഴ സീറ്റുകളുടെ പേരിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് മാണി വിഭാഗവുമായി ഇടയുന്നത്. തത്വത്തില്‍ സീറ്റിന് വേണ്ടി ആണ് ഇടഞ്ഞതെങ്കിലും അത് തുറന്ന് സമ്മതിയ്ക്കാന്‍ വിമതര്‍ക്ക് വയ്യ.
മാണിയേയും മകനേയും സഹിയ്ക്കാന്‍ വയ്യാത്തത് കൊണ്ട് പാര്‍ട്ടി വിടുന്നു എന്നാണ് പറയുന്നത്. ബാര്‍കോഴയില്‍ നാണം കെട്ടപ്പോഴും മാണിയെ ചുമന്ന നേതാക്കളാണ് ഇത് പറയുന്നത് എന്ന് പ്രത്യേകം ഓര്‍ക്കേണ്ടിയിരിയ്ക്കുന്നു. ഇനി എല്‍ഡിഎഫിലേയ്ക്ക് പോയാലോ ആറ് വരെ സീറ്റ് കിട്ടാന്‍ സാധ്യതയുണ്ട്. മാണിയ്‌ക്കൊപ്പം നിന്നാല്‍ കിട്ടുന്നതിനെക്കാള്‍ ലാഭം ഇടതിനൊപ്പം കൂടുക തന്നെ.
പക്ഷേ വിമതരെ അങ്ങനെ വിടാന്‍ മാണിയ്ക്കും ജോസഫിനും ആകുമോ. അതിനാല്‍ ഓഫറുകള്‍ ഇനിയും ഉണ്ടായേക്കാം. അപ്പോള്‍ അപ്പുറം നിന്നാലും ഇപ്പുറം നിന്നാലും തത്ക്കാലം സ്വന്തം കാര്യം നേടാന്‍ വിമതര്‍ക്കാകും. വാഴ വെട്ടുകയാണെങ്കില്‍ അത് പുര കത്തുമ്പോള്‍ തന്നെ ആകണം. എന്തായാലും വരുംനാളുകളില്‍ അവസരവാദ രാഷ്ട്രീയത്തിന്‍റെ കൂടുതല്‍ കളികള്‍ കാണാം.












Click it and Unblock the Notifications