കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിമ ഗോത്ര സംസ്ക്കാരത്തിന്റെ അടയാളം... പത്തനംതിട്ടയിലെ കല്ലേല്ലിക്കാവിലൂടെ ഒരു യാത്ര...

  • By Desk
Google Oneindia Malayalam News

വിളിച്ചാല്‍ വിളിപ്പുറത്തെത്തുമെന്ന വിശ്വാസത്തിന്റെ ശക്തിയുമായി കല്ലേലി അപ്പുപ്പന്‍. ആദിമ ഗോത്ര സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ചിതലരിയ്ക്കാതെ നില നിന്നു പോകുന്ന അപൂര്‍വം കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കല്ലേലിയിലുള്ള ശ്രീ കല്ലേലി ഊരാളി അപ്പുപ്പന്‍കാവ്. പ്രാചീന ജനതയുടെ മഹത്തായ സംസ്‌കാരത്തെ കൂടി ഓര്‍മപ്പെടുത്തുന്നതാണ് ഈ ക്ഷേത്രം. മല ദേവനാണ് ഇവിടെ കുടികൊള്ളുന്ന കല്ലേലി അപ്പുപ്പന്‍. കാലദോഷവും കര്‍മദോഷവും തീര്‍ത്ത് ദേശത്തിന്റെ കാവലായി ഇന്നും അപ്പുപ്പന്‍ വാഴുന്നുവെന്നാണ് വിശ്വാസം.

അപ്പുപ്പന് പ്രതേൃകമായൊരു രൂപമില്ല. അരൂപിയാണ്. ഏതു ഭാവത്തിലും രൂപത്തിലും അപ്പുപ്പനെ മനസില്‍ കണ്ട് വിളിച്ചാല്‍ മക്കളില്‍ അനുഗ്രഹം ചൊരിയുമെന്ന് വിശ്വാസികള്‍ പറയുന്നു. പ്രകൃതിയുടെ മറ്റൊരു ഭാവമാണ് അപ്പുപ്പന്‍. കാടിന്റെ വശ്യതയിലും നിശബ്ദതയിലും ലയിച്ചിറങ്ങി നില്‍ക്കുന്ന ഈ ക്ഷേത്രാ അന്തരീക്ഷം എടുത്തു പറയാതെ വയ്യ. ചുറ്റും കാടിന്റെ ഹരിതമയം. സമീപത്തായി അപ്പുപ്പന്റെ പുണ്യവുംപേറി ഒഴുകുന്ന അച്ചന്‍കോവിലാര്‍. അങ്ങിങ്ങായി മാറിനിന്ന് അപ്പുപ്പന്റെ മക്കളെ കാണുന്ന വന്യമൃഗങ്ങള്‍. കാടിന്റെ കുളിരില്‍ അപ്പുപ്പന് അര്‍ച്ചന ചെയ്ത ചന്ദനത്തിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും നേര്‍ത്ത ഗന്ധം. ഭക്തിയുടെ പരകോടിയിലേക്കെത്തിയ്ക്കുകയാണ് ഭക്തനെ ഈ കാനനക്ഷേത്രം.

Kallelikkavu

താമ്പൂലം സമര്‍പ്പിച്ചുള്ള പ്രാര്‍ത്ഥനയാണ് ഇവിടെ പ്രധാനം. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, നാണയം, തെങ്ങിന്‍ കള്ള് എന്നിവ തേക്കിലയാലാണ് അപ്പുപ്പന് സമര്‍പ്പിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കാണ് താമ്പൂല സമര്‍പ്പണം. താമ്പൂലം സമര്‍പ്പിച്ച് വിളിച്ചുചൊല്ലി പ്രാര്‍ത്ഥിയ്ക്കണം. ഇവിടെ നടക്കുന്ന മുട്ടിറക്ക് വഴിപാട്്്്, വിത്ത്, കരിക്ക്, കമുകിന്‍പൂക്കുല, പുഷ്പം, കലശം, താമ്പൂലം എന്നിവ ചേര്‍ത്ത് മലയ്ക്കുള്ള പടേണി എന്നിവ പ്രശസ്തമാണ്.

കോന്നിയില്‍ നിന്ന് അച്ചന്‍കോവില്‍ ശ്രീ ധര്‍മ ശാസ്താക്ഷേത്രത്തിലേക്കുള്ള വഴിയില്‍തന്നെയാണ് കല്ലേലി അപ്പുപ്പന്‍കാവും. അച്ചന്‍കോവിലിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ കല്ലേലി അപ്പുപ്പനേയും വണങ്ങിയ ശേഷമേ യാത്ര തുടരാറുള്ളു. എല്ലാ വര്‍ഷവും ധനുമാസം ഏഴിന് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ നിന്നുള്ള തങ്കഅന്നകൊടി കല്ലേലി കാവിലെത്തും. തുടര്‍ന്ന്് അപ്പുപ്പന്റെ അനുവാദം വാങ്ങിയ ശേഷമേ അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകു.

മേടമാസത്തിലെ പത്താമുദയത്തിനാണ് ഇവിടെ തിരുവുത്സവവും ആദിത്യപൊങ്കാലയും. കര്‍ക്കിടകവാവിന് നടക്കുന്ന പിതൃപൂജ, കരിക്കിന്‍ പടേനി, ചിങ്ങത്തിലെ ഉത്രാടം നാളിലെ ഉത്രാടപൂജ, ഉത്രാട സമൂഹസദ്യ, അപ്പുപ്പന് തിരു അമൃതേത്ത്, കന്നിമാസത്തില്‍ നാഗപ്രീതിക്കായി ആയില്യം പൂജ, നവരാത്രി നാളില്‍് വിദ്യാരംഭം, വൃശ്ചികത്തില്‍ 41 ദിവസം മണ്ഡല ചിറപ്പ് മഹോത്സവം, മകരം ഏഴിന് കളരി പൂജയും വെള്ളംകുടി നിവേദ്യം, അപ്പുപ്പന് ഏറെ പ്രീയപ്പെട്ട ആഴിപൂജയോട് കൂടിയ കുംഭപാട്ട് എന്നിവയും കാവിലെ വിശേഷങ്ങളാണ്. ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട്, ഭാരതക്കളി, തലയാട്ടം കളി, വെള്ളംകുടി നിവേദ്യം, ആഴിപൂജ, കല്ലേലി വിളക്ക് എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മാത്രം പ്രത്യേകതയാണ്.

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പ്രാചീന സംഗീത കലയാണ് കുംഭപ്പാട്ട്. വ്യശ്ചികമാസത്തിലെ ആദ്യനാളുകളിലാണ് ക്ഷേത്രത്തില്‍ ഈ പാട്ടുകള്‍ പാടുക. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഴികൂട്ടി പ്രതേൃക താളത്തില്‍ അപ്പുപ്പനെ പ്രകീര്‍ത്തിച്ച് പാടുന്ന പാട്ടുകളാണ് ഇത്. നമ്മുടെ നാടോടി സംഗീത പാരമ്പര്യത്തിലെ അപൂര്‍വ സമ്പത്തുകൂടിയാണ് കുംഭപ്പാട്ട്.

അച്ചന്‍കോവിലാറിന്റെ ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്ക്് തെളിയ്ക്കാന്‍ നിരവധി ആളുകളാണ് നിത്യേന എത്തുന്നത്. സന്ധ്യയ്ക്ക് അപ്പുപ്പന്‍കാവിലെത്തി പ്രാര്‍ത്ഥിച്ച് ശേഷമാണ് അച്ചന്‍കോവിലാറ്റിലേക്ക് മണ്‍ചെരാതുകള്‍ ഒഴുക്കുന്നത്. 'കല്ലേലി ഊരാളി അപ്പുപ്പനെ ശരണം' എന്ന പ്രാര്‍ത്ഥനയോടെയാണ് വിളക്കുകള്‍ ഒഴുക്കേണ്ടത്. സകല പാപങ്ങളും ഒഴുക്കി കളഞ്ഞ് പ്രകാശപൂരിതമായ ജീവിതം നയിക്കാന്‍ അനുഗ്രഹം ഉണ്ടാകണമെന്ന പ്രാര്‍ത്ഥന കൂടിയാണ് ഈ ചടങ്ങ്.

അപ്പുപ്പന്‍കാവിനു സമീപമുള്ള ക്ഷേത്രക്കടവിലെ മീനുട്ട് വഴിപാടും പ്രസിന്ധമാണ്. സര്‍വരോഗ ശമനത്തിനായാണ് ഈ വഴിപട് നടത്തുന്നതെന്നാണ് വിശ്വാസം. ഭാരതപ്പൂങ്കുറവന്‍ പൂങ്കുറത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക കാവും കല്ലേലി കാവാണ്. ഊരാളി അപ്പൂപ്പന്‍സേവ, മലപൂജ, ആദിത്യപൂജ, ഗണപതിപൂജ, പരാശക്തിപൂജ, ഗജപൂജ, ഗന്ധര്‍വ്വപൂജ, യക്ഷിപൂജ, മൂര്‍ത്തിപൂജ, കുട്ടിച്ചാത്തന്‍ പൂജ, വടക്കഞ്ചേരി അച്ചന്‍ പൂജ, കൊച്ചുകുഞ്ഞ് അറുകൊല പൂജ, വാനരപൂജ, മീനൂട്ട് പൂജ എന്നിവ ഉപസ്വരൂപ പൂജകളായി ഇവിടെ നടത്തപ്പെടുന്നു.

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ വാഹനം ആനയായതിനാല്‍ ശര്‍ക്കരയും പഴങ്ങളും നല്‍കിയുള്ള ആനയൂട്ടും കാവില്‍ നടത്താറുണ്ട്. കല്ലേലി ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തര്‍ കല്ലേലി ശിവക്ഷേത്രത്തിലും ദര്‍ശനം നടത്താറുണ്ട്. കോന്നി- പത്തനാപുരം റൂട്ടില്‍ എലിയറയ്ക്കല്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ഏഴു കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീ കല്ലേലി ഊരാളി അപ്പുപ്പന്‍ കാവിലെത്താം.

English summary
Pathanamthitta Local News Kallelikkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X