ന്യൂനപക്ഷ ക്ഷേമത്തിന് ഇനി പ്രമോട്ടര്‍മാരും

നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തരവേളയിലാണ്, കേന്ദ്ര,സംസ്ഥാനസര്‍ക്കാറുകളുടെ ന്യൂനപക്ഷക്ഷേമപദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനുവേണ്ടിയാണ് പ്രമോട്ടര്‍മാരെ നിയമിക്കുന്നതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരുടെ ക്ഷേമത്തിനായി ഇത്തരം പ്രമോട്ടര്‍മാരെ നിയമിക്കാറുണ്ട്.
ഈ നിയമനങ്ങള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് തിരിച്ചറിയാന്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതി. നിലവില്‍ ഇത്തരം പ്രമോട്ടര്‍മാര്‍ക്ക് 4000 രൂപയാണ് ഓണറേറിയം. ഈ ശമ്പളത്തില്‍ കണക്ക് കൂട്ടിയാല്‍ 40 ലക്ഷത്തോളം രൂപ സര്‍ക്കാറിന് അധിക ചെലവുണ്ടാക്കുന്നതായിരിക്കും ഈ തീരുമാനം. വര്‍ഷത്തില്‍ ഏകദേശം അഞ്ചു കോടിയോളം രൂപ.
കേരളമെന്ന ഇട്ടാവട്ടത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് യോഗ്യരായവരെ കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. കൂടാതെ ന്യൂനപക്ഷവിഭാഗങ്ങളില്‍ ഏറെ പേരും മികച്ച വിദ്യാഭ്യാസനിലവാരത്തിലുള്ളവരായതിനാല്‍ ഇത്തരം കാര്യങ്ങള്‍ അവര്‍ അറിയാതെ പോകാനും വഴിയില്ല. മുസ്ലീം ലീഗ്, എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍, കൂടാതെ സമസ്ത, മുജാഹിദ്, ജമാത്തെഇസ്ലാമി തുടങ്ങിയ മതസംഘടനകളും ഈ കൊച്ചുകേരളത്തില്‍ സജീവമാണ്.
ക്രിസ്ത്യാനികളുടെ കാര്യമെടുക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസും മതവിഭാഗങ്ങളും ഏറെ ഇടപെടലുകള്‍ നടത്തുന്നവരാണ്. ചുരുക്കത്തില്‍ ഈ പ്രമോട്ടര്‍മാരുടെ പണി തീര്‍ത്തും സൗജന്യമായി ന്യൂനപക്ഷസംഘടനാ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. എന്തായാലും മന്ത്രി കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാം. ചിലപ്പോള്‍ തീര്‍ത്തും സൗജന്യമായി മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പ്രമോട്ടര്‍മാരായി എന്നു വന്നേക്കാം.
സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളനുസരിച്ച് കേന്ദ്രം പല സംസ്ഥാനങ്ങള്‍ക്കും ഫണ്ട് കൈമാറുന്നുണ്ട്. മുസ്ലീങ്ങള്‍ പിന്നോക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് തുല്യമായി ഫണ്ട് ലഭിക്കേണ്ട സ്ഥിതിയല്ല കേരളത്തിലുള്ളത്. ജീവിയ്ക്കാന്‍ കഷ്ടപ്പെടുന്ന ന്യൂനപക്ഷവിഭാഗത്തില്‍പെടുന്നവര്‍ കേരളത്തില്‍ കുറവാണ്. സ്വാഭാവികമായും ലഭിക്കുന്ന ഫണ്ടും കുറയും. പുതിയ പദ്ധതികള്‍ തയ്യാറാക്കി എങ്ങനെയും ഫണ്ട് കേരളത്തിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നു വരുന്നത്.
സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് ക്രിസ്ത്യന്‍, മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളാണെന്ന് പരസ്യമായി പ്രസ്താവനയിറക്കിയ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും വിറളി പിടിപ്പിക്കുന്നതാണ് ഈ തീരുമാനം. മലപ്പുറത്തെ 35 യത്തീംഖാന സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. നേരത്തെ അഞ്ചാം മന്ത്രി വിഷയത്തിലും മുസ്ലീം ലീഗ് ഏകപക്ഷീയമായ തീരുമാനമെടുത്തത് വിവാദമായിരുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമാണ് കേരളത്തിലെ സാമൂഹിക-സാമ്പത്തിക അവസ്ഥ. ചില ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളൊഴികെ ബാക്കിയെല്ലാവരെയും ജാതി, മത പരിഗണനകള്‍ക്കതീതമായി പരിഗണിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.












Click it and Unblock the Notifications