• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

എന്താണ് എലിപ്പനി? മുൻകരുതലുകൾ എന്തൊക്കെ? എന്ത് ചെയ്യണം, എന്ത് ചെയ്യരുത്... ഡോ. ഷിംന അസീസ് എഴുതുന്നു!

 • By Desk

ഒരു പേക്കിനാവ് പോലെയാണ് നമ്മുടെ കേരളം പ്രളയകാലത്തെ നേരിൽ കണ്ടത്. നൂറ്റാണ്ടിലെ വലിയ പ്രളയം തുടങ്ങിയപ്പോഴേ വരാൻ പോകുന്ന പകർച്ചവ്യാധികളെ നമ്മൾ പ്രതീക്ഷിച്ചതുമാണ്. വേണ്ട മുൻകരുതലുകൾ എടുത്തുവെങ്കിലും എലിപ്പനി പടരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. പ്രളയത്തിൽ അകപ്പെട്ടവരും വെള്ളത്തിൽ ചവിട്ടി നടന്ന ദുരിതാശ്വാസപ്രവർത്തകരും ഒരു പോലെ എലിപ്പനി ഭീഷണി നേരിടുന്നുമുണ്ട്. വല്ലപ്പോഴും കേട്ടിരുന്ന എലിപ്പനി എന്നും പത്രത്തിലും പരിസരത്തും മുന്നിൽ തന്നെ കാണുന്ന വിഐപി ഭീകരനായി വളർന്നു കഴിഞ്ഞ സ്ഥിതിക്ക് എലിപ്പനിയെ കുറിച്ച് കുറച്ചു പറഞ്ഞേക്കാം.

മുലപ്പാൽ എന്തിന്, എങ്ങനെ പാൽ കൊടുക്കും? മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഡോ. ഷിംന അസീസ് എഴുതുന്നു

ലെപ്റ്റോസ്പൈറ എന്നയിനം ബാക്ടീരിയയാണ് എലിപ്പനി ഉണ്ടാക്കുന്നത്. സർവ്വ സസ്തനികളുടെ ശരീരത്തിലും റൂമെടുത്ത് പാർക്കുന്ന ഈ ജീവി ഒരിക്കൽ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവയുടെ കിഡ്‌നിയിൽ പോയി റെസ്റ്റെടുത്ത് ആ ജന്തുവിന്റെ ആയുസ്സ് ഒടുങ്ങും വരെ മൂത്രത്തിലൂടെ മണ്ണിലേക്ക് പുറംതള്ളി കൊണ്ടേയിരിക്കും. നമ്മുടെ പരിസ്ഥിതിയിൽ ഏറ്റവും കൂടുതലായി ഈ അണുക്കളെ കണ്ടു വരുന്നത് എലികളിലാണ്. അത് കൊണ്ടാണ് ഈ രോഗത്തിന് എലിപ്പനി എന്ന് പേര് വന്നതും.

പനി പരത്തുന്നത് എലി മാത്രമല്ല

പനി പരത്തുന്നത് എലി മാത്രമല്ല

എന്നാൽ പശുവും പന്നിയും ഉൾപ്പെടെയുള്ള ജീവികൾ എലിപ്പനി പരത്തുന്നു എന്നതിനാൽ ഒരു ഡെക്കറേഷന് വേണ്ടി മാത്രമാണ് ഈ രോഗത്തിന് പേരിടാൻ എലിയുടെ സഹായം തേടിയിരിക്കുന്നത്. എല്ലാ എലിപ്പനിരോഗികൾക്കും പനിയുണ്ടാക്കുന്ന രോഗാണുവിനെ കൊടുക്കുന്നത് എലികളല്ല. എന്നാൽ, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുക എന്നൊരു സാധ്യത എലിപ്പനിക്ക് ഇല്ല താനും. ഈ പ്രളയകാലം മാറ്റി വെച്ച് ആലോചിച്ചാൽ രോഗം വരാൻ സാധ്യതയുള്ളത് മൃഗങ്ങളുമായി നിരന്തരസമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കർഷകർ, തൊഴിലിനോ വിനോദത്തിനോ വേണ്ടി സ്ഥിരമായി വെള്ളത്തിൽ ഇറങ്ങേണ്ടി വരുന്നവർ എന്നിവരൊക്കെയാണ്.

എന്നാൽ ചിലരെങ്കിലും കരുതുന്ന പോലെ ലെപ്റ്റോസ്പൈറക്ക് നീന്തിത്തുടിക്കാൻ പെരിയാറിലെ മൊത്തം വെള്ളം വേണം എന്നൊന്നുമില്ല. കാലിൽ ഒരു ഇത്തിരിക്കുഞ്ഞൻ മുറിവുണ്ടാകുകയും, അതും കൊണ്ട് പ്രളയം കാണാനും സെൽഫി എടുക്കാനും പോകുകയും, അവിടെ കെട്ടിക്കിടന്ന ഒരു കുമ്പിൾ വെള്ളത്തിൽ തലേന്ന് രാത്രി അതിലെ പാസ് ചെയ്ത കുഞ്ഞെലി മൂത്രശങ്ക തീർക്കുകയും, അതിൽ ചവിട്ടുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളെ രോഗിയാക്കാൻ അത് മതി. വലിയ രോഗി. അത്‌ കൊണ്ടു തന്നെ പ്രതിരോധമരുന്ന് കഴിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുന്നത് ശരിയായ നടപടിയല്ല.

എലിപ്പനിയുടെ ലക്ഷണങ്ങൾ

എലിപ്പനിയുടെ ലക്ഷണങ്ങൾ

ലെപ്റ്റോസ്പൈറ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞു അഞ്ചു മുതൽ പതിനഞ്ചു ദിവസം കൊണ്ട് ശരീരം ലക്ഷണങ്ങൾ കാണിച്ച് തുടങ്ങും. വിറയലോടു കൂടിയ പനി, കടുത്ത പേശിവേദന എന്നിവ അനുഭവപ്പെട്ടാൽ ഉടനെ തന്നെ ആശുപത്രിയിലേക്ക് വണ്ടി പിടിക്കുക. തുടയിലെയും കാൽവണ്ണയിലെയും പേശി അമർത്തുമ്പോൾ സഹിക്കവയ്യാത്ത വേദന അനുഭവപ്പെട്ടാൽ തീർച്ചയായും ശ്രദ്ധിക്കണം. പിന്നീട് വിറയലോടു കൂടിയ പനി, മഞ്ഞപിത്തം, കണ്ണിന്റെ വെള്ളയിൽ ചുവപ്പ്‌, മൂത്രത്തിൽ രക്‌തത്തിന്റെ അംശം എന്ന് തുടങ്ങി ഹൃദയപേശികൾക്ക് അണുബാധ, കരളിനെയും വൃക്കയേയും ബാധിക്കുക, ശ്വാസതടസം എന്നിവയിലേക്ക് നീങ്ങി മരണം പോലും സംഭവിക്കാം.

എലിപ്പനിയുടെ സങ്കീർണതയായ വീൽസ് സിൻഡ്രോം എത്തിക്കഴിഞ്ഞാൽ മരണസാധ്യത വളരെ കൂടുതലാണ്. കേരളത്തിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത 1098 എലിപ്പനി കേസുകളിൽ ഇത് വരെ മരണപ്പെട്ടത്‌ ഇരുപത്തിഒൻപത് പേരാണ്. കണക്കുകൾ അനുദിനം എലിയെപ്പോലെ പെറ്റ്‌ പെരുകുകയുമാണ്‌. സ്‌ഥിതി ഭയാനകമാണോ എന്ന്‌ ചോദിച്ചാൽ അതീവജാഗ്രത ആവശ്യമുണ്ട്‌ എന്ന്‌ മാത്രമേ പറയാനാകൂ. 12 വയസ്സിന്‌ മീതെ പ്രായമുള്ള, പ്രളയത്തിലോ ദുരിതാശ്വാസപ്രവർത്തനത്തിലോ നേരിട്ട്‌ ഇടപെടേണ്ടി വന്നവർ തീർച്ചയായും 200മി.ഗ്രാം ഡോക്‌സിസൈക്ലിൻ ഗുളിക ഭക്ഷണശേഷം ഒരു ഗ്ലാസ്‌ വെള്ളത്തോടൊപ്പം ആഴ്‌ചയിലൊരിക്കൽ കഴിക്കണം. ആറാഴ്ച വരെ ഇങ്ങനെ കഴിക്കാം. 8-12 വയസ്സ്‌ വരെയുള്ളവർ ഇതുപോലെ 100മിഗ്രാം ഗുളികയാണ്‌ അഴുക്ക്‌വെള്ളവുമായി സമ്പർക്കമുണ്ടാകുന്ന ആഴ്‌ചകളിലെല്ലാം കഴിക്കേണ്ടത്‌.

മുൻകരുതലുകൾ വേണം

മുൻകരുതലുകൾ വേണം

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അമോക്‌സിലിൻ ഗുളിക 500മി.ഗ്രാം മൂന്ന്‌ നേരം കഴിക്കേണ്ടത്‌ അഞ്ച്‌ ദിവസമാണ്‌. 8 വയസ്സിൽ താഴെയുള്ള കുട്ടികൾ ഓരോ ഡോസിലും 4മി.ഗ്രാം × കുഞ്ഞിന്റെ ഭാരം (കിലോഗ്രാമിൽ) എന്ന അളവിൽ ഡോക്‌സിസൈക്ലിൻ കഴിക്കണം. രണ്ട്‌ വയസ്സിലും താഴെയുള്ളവർ കഴിക്കേണ്ടത്‌ അസിത്രോമൈസിൻ എന്ന മരുന്നാണ്‌. ഇതെല്ലാം കഴിക്കേണ്ടത്‌ ഒരു ഡോക്‌ടറുടെ നിർദേശപ്രകാരമാണ്‌ താനും. പനി വന്നാൽ മടിച്ചു നിൽക്കുകയേ ചെയ്യാതെ ചികിത്സ തേടുകയും വേണം.

ഇനിയും വെള്ളമിറങ്ങിയിട്ടില്ലാത്ത ഇടങ്ങൾ ഒരു പക്ഷേ തീരെ കുറച്ചേ ഉണ്ടാകൂ. അവിടങ്ങളിൽ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ കാൽമുട്ട്‌ വരെയെത്തുന്ന ബൂട്ട്‌സ്‌, കട്ടിയുള്ള ഗ്ലൗസ്‌ (ഡോക്‌ടറുടെ ഗ്ലൗസ്‌ ഇസ്‌കരുത്‌. ഇത്‌ അതല്ല. സർജിക്കൽ ഗ്ലൗസ്‌ വളരെ പെട്ടെന്ന്‌ കീറിപ്പോകാൻ ഇടയുണ്ട്‌), മാസ്‌ക്‌ എന്നിവയുള്ളതാണ്‌ ശരി. കൂടാതെ, ചെളിയിൽ ആറാടി അർമാദിച്ച്‌ നിൽക്കുന്ന ലെപ്‌റ്റോസ്‌പൈറയുടെ മേൽ ബ്ലീച്ചിംഗ്‌ പൗഡർ വിതറിയാൽ അവർ പുച്‌ഛിക്കാനാണ്‌ സാധ്യത. നേരിട്ട്‌ ബ്ലീച്ചിംഗ്‌ പൗഡർ വിതറുന്ന രീതി ഫലപ്രദമേയല്ല.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മേൽ പറഞ്ഞ എല്ലാ സുരക്ഷാ ഉപാധികളും ധരിച്ച ശേഷം ആദ്യം കെട്ടിക്കിടക്കുന്ന ചെളി വൃത്തിയാക്കി കളയണം. ശേഷം, ഒരു ലിറ്റർ വെള്ളത്തിൽ ആറ്‌ ടീ സ്‌പൂൺ ബ്ലീച്ചിംഗ്‌ പൗഡർ ചേർത്ത്‌ കലക്കി പത്ത്‌ മിനിറ്റിന്‌ ശേഷം ഊറി വരുന്ന തെളിയെടുത്ത്‌ വീടിനകവും ചെളി പറ്റിയ ചുമരും പാത്രങ്ങളും തുടങ്ങി സർവ്വതും കഴുകണം. ഇങ്ങനെയുള്ള ക്ലോറിൻ സൊല്യൂഷൻ ഒഴിച്ച്‌ അര മണിക്കൂർ വെച്ചാൽ മാത്രമേ വസ്‌തുക്കൾ അണുവിമുക്‌തമാകൂ.

കൂടാതെ കിണർ സൂപ്പർ ക്ലോറിനേറ്റ്‌ ചെയ്യുക, ഭക്ഷണം മൂടി വെക്കുക, അവയിൽ മൃഗങ്ങളുടെ വിസർജ്യങ്ങൾ കലരാതെ സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, മാലിന്യങ്ങൾ കൃത്യമായി നശിപ്പിച്ച്‌ എലികളുടെ വളർച്ചക്ക്‌ അനുകൂലമായ സാഹചര്യം ഉണ്ടാകാതിരിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇനി ഇതെല്ലാം നോക്കിയിട്ടും എലിപ്പനി വന്നെങ്കിൽ ബേജാറാവേണ്ട. ശക്‌തമായ പനിയുണ്ടായാൽ മെഡിക്കൽ ഷോപ്പിൽ പോയി പാരസെറ്റമോൾ വാങ്ങി കഴിക്കുന്ന ദുശീലം മാറ്റിവെച്ച്‌ ഡോക്‌ടറെ കാണുക, യഥാസമയം ചികിത്സ തേടുക.

cmsvideo
  എലിപനിയെ എങ്ങനെ പ്രതിരോധിക്കാം? | Oneindia Malayalam
  ദുഷ്‌പ്രചരണങ്ങൾക്ക് ചെവി കൊടുക്കരുത്

  ദുഷ്‌പ്രചരണങ്ങൾക്ക് ചെവി കൊടുക്കരുത്

  ഒരു വാക്ക്‌ കൂടി, പ്രളയസമയത്ത്‌ കേരളം നൊന്ത് പിടഞ്ഞ സമയത്ത്‌ എങ്ങുമൊന്ന്‌ എത്തി നോക്കുക പോലും ചെയ്‌തിട്ടില്ലാത്തവർ ഒരു വിഖ്യാത സോപ്പുപൊടിയുടെ പരസ്യവാചകം പോലെ 'ചെളി നല്ലതാണ്‌' എന്ന്‌ ജൽപനം നടത്തി രംഗത്ത്‌ വരുന്നത്‌ അർഹിക്കുന്ന അവഗണനയോടെ തള്ളുക. ഡോക്‌സിസൈക്ലിനും ആവശ്യം വന്നാൽ പെനിസിലിനും എല്ലാം ചേർന്ന്‌ തന്നെയാണ്‌ നമ്മൾ ഈ രോഗത്തെ ഫലപ്രദമായി തടഞ്ഞിട്ടുള്ളത്‌. മരുന്നുകൾക്കെതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ വലിയ ആപത്തുകൾ വരുത്തി വെക്കും.

  നീറ്റിലും നിലയിലുമല്ലാതെ സാധാരണക്കാരനോടൊപ്പം ഈ പരീക്ഷണകാലമത്രയും നിന്ന ആരോഗ്യപ്രവർത്തകരെ വിശ്വസിക്കുക. കുപ്പായത്തിൽ കറ പുരളാത്ത ആഹ്വാനയന്ത്രങ്ങളുടെ പരീക്ഷണത്തിന്‌ വഴങ്ങരുത്‌. പ്രതിരോധവും പ്രതിവിധിയും തേടാൻ മടിക്കരുത്‌. എലിപ്പനിയിലും വലിയ ഭീഷണികൾ ഒന്നിച്ചു നേരിട്ട നമ്മളാണ്‌. 'നമ്മൾ' എന്നതിന്റെ അർത്‌ഥവും വ്യാപ്‌തിയും നാം അറിഞ്ഞതുമാണ്‌. ഈ കാലവും കടന്നുപോകും. നമ്മൾ അതിജീവിച്ചിരിക്കും.

  English summary
  What is leptospirosis? What does leptospirosis do to humans? - Dr. Shimna Azeez writes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more