മോദിയോട് ഒരു ചോദ്യം: ജയലളിതയെന്താ ലോകകപ്പ് ജയിച്ചതാണോ ആനുമോദിയ്ക്കാന്‍?
പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കുമാരി ജയലളിതയും തമ്മിലുള്ള അടുപ്പം പ്രസിദ്ധമാണ്. രണ്ട് പേരും മുഖ്യമന്ത്രിമാര്‍ ആയിരുന്ന സമയത്തായിരുന്നു ഏറ്റവും അടുപ്പം ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ ജയലളിത ഈ അടുപ്പമൊന്നും പ്രകടിപ്പിച്ചില്ല.
ഇപ്പോള്‍ അതല്ല വിഷയം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയപ്പോള്‍ ജയലളിതയെ അനുമോദിച്ചവരില്‍ ഏറ്റവും പ്രമുഖന്‍ നരേന്ദ്ര മോദിയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ള സുബ്രഹ്മണ്യം സ്വാമിയാണ് ഈ കേസ് കുത്തിപ്പൊക്കിയതെന്ന് മോദിയ ഓര്‍ത്തില്ലെന്ന് തോന്നുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രത്യേക കോടതി ജയലളിതയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചതായിരുന്നു. കോടികള്‍ പിഴശിക്ഷയും വിധിച്ചു. ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കുമ്പോള്‍ അഭിനന്ദിക്കേണ്ട കാര്യം ഉണ്ടോ എന്നതാണ് ചോദ്യം. അതും രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ.
കോടതി വിധിയുടെ കാര്യത്തില്‍ പലരും പല സംശയങ്ങളും ഇപ്പോള്‍ തന്നെ ചോദിയ്ക്കുന്നുണ്ട്. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ജയലളിതയ്ക്ക് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെ ഇറങ്ങേണ്ടി വരും എന്നാണ് സ്വാമിയുടെ പ്രവചനം.
മോദി അഭിനന്ദിച്ചിന് പിറകേ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും, ന്യൂനപക്ഷ വകുപ്പ് മന്ത്രി നജ്മഹെത്തുളളയും കൂടി രംഗത്തെത്തി. മോദി തുടങ്ങിയിട്ട് നടത്താം എന്ന് കാത്തിരുന്നത് പോലെ ആയിരുന്നു ഇത്.
അഴിമതിക്കെതിരെ നിലപാടെടുക്കുന്ന ആളെന്നാണ് മോദിയെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. എന്നാല്‍ ജയലളിതയെ ഇപ്പോള്‍ ഇങ്ങനെ ആശംസിയ്ക്കാനുള്ള കാരണം എന്താകാം? ലോക്‌സഭയിലെ ഭൂരിപക്ഷം രാജ്യസഭയില്‍ ഇല്ലാത്തത് തന്നെയാണ് അത്. ഏതെങ്കിലും വിധത്തില്‍ ജയലളിതയേയും മമത ബാനര്‍ജിയേയും കൂടെ കൂട്ടാനാണ് മോദിയുടെ ശ്രമം. കഴിഞ്ഞ ദിവസം അദ്ദേഹം മമതാ ബാനര്‍ജിയേയും കണ്ടിരുന്നു.
പക്ഷേ നിലവിലെ സാഹചര്യത്തില്‍ ജയലളിതയ്ക്ക് ആശംസ അര്‍പ്പിച്ചത് രാഷ്ട്രീയമായി ഗുണപരമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications