സ്വർണം വാങ്ങുമ്പോള്‍ എന്തിന് ഈ നഷ്ടം സഹിക്കണം: യുഎഇക്കാരാണ് ബുദ്ധിമാന്മാർ; കൂടുതല്‍ ലാഭം
സമീപകാലത്തായി ദുബായി വിപണിയില്‍ സ്വർണ്ണക്കട്ടികൾക്ക് വന്‍തോതില്‍ ഡിമാന്‍ഡ് ഉയരുന്നതായി വ്യാപാരികള്‍. വലിയ പ്രമോഷനുകള്‍ നടത്തിയിട്ടും സ്വർണ്ണാഭരണങ്ങളോട് ആളുകള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ദുബായ് ഗോൾഡ് സൂഖിലെ ആഭരണ വ്യാപാരികളെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
വില വർധനവാണ് ആഭരണങ്ങളോട് ആളുകള്‍ മുഖം തിരിക്കാനുള്ള പ്രധാന കാരണം. 22 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമം വില അടുത്തിടെ 379 ദിർഹത്തിലേക്ക് എത്തിയിരുന്നു. ഇത് എക്കാലത്തെയും ഉയർന്ന വിലയായ 383.75 ദിർഹത്തിന് തൊട്ടടുത്ത നിരക്കാണ്. ഇതോടെ ആളുകള്‍ ആഭരണങ്ങളോട് വിട പറഞ്ഞത് താരതമ്യേന കൂടുതല്‍ ലാഭകരമായ സ്വർണ്ണക്കട്ടികളിലേക്ക് തിരിയുകയായിരുന്നുവെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.

'പല ഉപഭോക്താക്കളും സ്വർണക്കട്ടികളെക്കുറിച്ച് കൂടുതലായി അന്വേഷിക്കുന്നു. പലരും അവരുടെ ബജറ്റിന് അനുസരിച്ചുള്ള ചെറിയ കട്ടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചിലർ 12,000 ദിർഹത്തിന് മുകളിൽ വിലയുള്ള ഒരു ഔൺസ് സ്വർണ്ണക്കട്ടികൾ വാങ്ങി.' ഒരു ജ്വല്ലറി ഉടമ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുവകൾ സ്വർണ്ണക്കട്ടികളെ വീണ്ടും ജനപ്രിയമാക്കിയെന്ന് പറയാനാവില്ല. ഒരു വിഭാഗം ഉപഭോക്താക്കൾക്കിടയിൽ സ്വർണ്ണക്കട്ടികള്‍ എപ്പോഴും പ്രിയപ്പെട്ടവയാണ്. എന്നാൽ ഇപ്പോൾ, കൂടുതൽ യുഎഇ നിവാസികളും സന്ദർശകരും സ്വർണ്ണക്കട്ടികൾ വാങ്ങാൻ താൽപര്യം കാണിക്കുന്നു. 379 ദിർഹം വിലയുള്ളപ്പോൾ പോലും, സാധാരണയായി ഡിമാൻഡ് കുറയേണ്ട സമയത്താണ് കൂടുതല്‍ കച്ചവടം നടക്കുന്നത് എന്നതാണ് ശ്രദ്ധേയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൊണാൾഡ് ട്രംപ് പുതുതായി ഏർപ്പെടുത്തിയ തീരുവകൾ, പ്രത്യേകിച്ച് സ്വിറ്റ്സർലൻഡിൽ നിന്നുള്ള ഒരു കിലോ സ്വർണ്ണക്കട്ടികൾക്ക് ബാധകമായവ, ആഗോള വിപണിയില്‍ സ്വർണ്ണവില ഔൺസിന് 3400 ഡോളറിനടുത്തേക്ക് വർധിപ്പിക്കുന്നതിന് പ്രധാന കാരണമായി. കഴിഞ്ഞ വെള്ളിയാഴ്ചയിലെ വിലക്കയറ്റം ദുബായിലെ സ്വർണ്ണനിരക്കിനെ ഗ്രാമിന് 379 ദിർഹം എന്ന നിലവാരത്തിലേക്കും എത്തിച്ചിരുന്നു.
2025-ന്റെ ആദ്യ പകുതിയിൽ, വേൾഡ് ഗോൾഡ് കൗൺസിൽ (WGC) ഡാറ്റ അനുസരിച്ച്, യുഎഇ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണ്ണക്കട്ടികൾ ഏറെ ജനപ്രിയമായിരുന്നു. 'ഈ കാലയളവിൽ സ്വർണ്ണക്കട്ടികൾ മാത്രമാണ് വളർച്ച കാണിച്ചത്, അതേസമയം ആഭരണങ്ങളുടെയും സ്വർണ്ണനാണയങ്ങളുടെയും വിൽപ്പന കുറഞ്ഞു' വേൾഡ് ഗോൾഡ് കൗൺസിലിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് പബ്ലിക് പോളിസി മേധാവി ആൻഡ്രൂ നെയ്ലർ അടുത്തിടെ നടത്തിയ ഒരു ബ്രീഫിംഗിൽ പറഞ്ഞു.
സ്വർണ്ണക്കട്ടികൾക്ക് യു എ ഇയിൽ വാറ്റ് ഈടാക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ ഘടകം. ഇത് ഉപഭോക്താക്കളെ കട്ടികളിലേക്ക് കൂടുതല്‍ ആകർഷിക്കുന്നു. സ്വർണ്ണക്കട്ടികൾ പരമ്പരാഗതമായി തന്നെ പണപ്പെരുപ്പത്തിനെതിരെയുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ആഭരണങ്ങളിൽ ഈടാക്കുന്ന പണിക്കൂലി സ്വർണ്ണക്കട്ടികൾക്ക് ബാധകമല്ല എന്നതാണ് മറ്റൊരു അനുകൂല ഘടകം. ഇത് സ്വർണം വിൽക്കുമ്പോഴുള്ള മൂല്യനഷ്ടം ഒഴിവാക്കുന്നു.
ചെറിയ സ്വർണ്ണക്കട്ടികൾ പ്രവാസികള്‍ക്ക് അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകാം. നിയമാനുസൃതമായ ചട്ടങ്ങള്‍ പാലിക്കുകയാണെങ്കില്‍ കസ്റ്റംസിന്റെ ഭാഗത്ത് നിന്നും വലിയ ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. സ്വന്തം രാജ്യത്തെ ജ്വല്ലറികളിലും മറ്റും ഈ കട്ടികള്‍ ലാഭകരമായ രീതിയില്‍ തന്നെ വിറ്റഴിക്കാനും സാധിക്കും.
"ഉപഭോക്താക്കൾ ഇപ്പോൾ ആഭരണങ്ങളുടെ നിർമ്മാണച്ചെലവിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്. ഈ സാഹചര്യത്തില്‍ അവർക്ക് സ്വർണ്ണക്കട്ടികൾ ഒരു പ്രധാന ബദലായി മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് വിപണിയില്‍ പ്രകടമാണ്. ട്രംപിന്റെ സമീപകാല നടപടി ഈ പ്രക്രിയയ്ക്ക് കൂടുതൽ ആക്കം നൽകി." ഒരു സ്വർണ്ണ വ്യാപാരി പറഞ്ഞു. ഡിജിറ്റല്‍ ഗോള്‍ മികച്ച ഓപ്ഷനാണെങ്കിലും കൂടുതല്‍ ആളുകളും സ്വർണം കൈയ്യില്‍ വെക്കാന്‍ താല്‍പര്യപ്പെടുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications