മഴയിൽ മുങ്ങി യുഎഇയിലെ ഈദ് ആഘോഷം; ദുബായിലും അബുദാബിയിലും കനത്ത മഴ, ഡ്രൈവർമാർ സൂക്ഷിക്കണം!
അബുദാബി: ഈദ് ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന യുഎഇയിൽ ചൂടിന് ശമനം വരുത്തിക്കൊണ്ട് കനത്ത മഴ. ദുബായ്, അബുദാബി ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ന്യൂനമർദ്ദം കാരണം പലയിടത്തും കാറ്റും പൊടിപടലങ്ങളും കാഴ്‌ച പരിധി കുറയ്ക്കുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിൽ ഇടിമിന്നലുള്ള മഴ മേഘങ്ങൾക്ക് സാധ്യതയുണ്ടെന്ന് ശനിയാഴ്‌ച എൻസിഎം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റും, പൊടിയും മണലും പറന്ന് കാഴ്‌ചയെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് രാവിലെ 8നും രാത്രി 8നും ഇടയിൽ ഗണ്യമായി ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ മഴ പെയ്യുന്നത്തിന്റേയും മറ്റും വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎഇയിൽ ഈദ് ആഘോഷത്തെ തുടർന്ന് നിലവിൽ എല്ലാവരും അവധിക്കാല യാത്രകളിലും മറ്റും ആയിരിക്കുന്ന സമയത്താണ് മഴ എത്തിയിരിക്കുന്നത്. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
വാഹന യാത്രക്കാർ സൂക്ഷിക്കുക
നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങളിൽ യുഎഇ ആഭ്യന്തര മന്ത്രാലയം പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ, ശക്തമായ കാറ്റ്, ഇടയ്ക്കിടെയുള്ള ഇടിമിന്നൽ എന്നിവ പലയിടത്തും കാഴ്‌ച കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ വാഹനം ഓടിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം.
റോഡുകളിൽ വേഗത കുറയ്ക്കാനും, വെള്ളക്കെട്ടുകൾ, അതിവേഗം ഒഴുകുന്ന അരുവികൾ, ബീച്ചുകൾ എന്നിവ ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ കടലിൽ ഇറങ്ങരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കാൻ മുൻകരുതലുകൾ എടുക്കാൻ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അബുദാബി പോലീസും എമിറേറ്റിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. മഴയുള്ള സാഹചര്യങ്ങളിൽ ശ്രദ്ധിച്ച് വാഹനമോടിക്കാനും, ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗത പരിധി പാലിക്കാനും അവർ ഓർമ്മിപ്പിച്ചു. ഇതിലൂടെ വലിയൊരു പരിധിവരെ അപകട സാധ്യതകൾ ഇല്ലാതാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ആഴ്‌ചയിലുടനീളം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പടിഞ്ഞാറ് നിന്ന് നീങ്ങുന്ന മേഘങ്ങൾ മഴയ്ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ. ഇടിമിന്നലും ശക്തമായ കാറ്റും, നേരിയതോ മിതമായതോ ആയ മഴയും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഇതോടെ പ്രവാസികൾ ഉൾപ്പെടെ എല്ലാവരും ജാഗ്രതയിലാണ്.












Click it and Unblock the Notifications