യുഎഇ, സൗദി, ഖത്തര്‍ യാത്രയ്ക്ക് പ്രത്യേകം വിസ വേണ്ട; ഷെങ്കണ്‍ മോഡല്‍ ഈ വര്‍ഷം തന്നെ
കുവൈത്ത് സിറ്റി: ജിസിസിയിലെ ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഏകീകൃത വിസ ഈ വര്‍ഷം തന്നെ നിലവില്‍ വരും. ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബദൈവി ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2023ല്‍ ജിസിസി രാജ്യങ്ങള്‍ ഏകീകൃത വിസയ്ക്ക് അനുമതി നല്‍കിയിരുന്നു എങ്കിലും വിവിധ കാരണങ്ങള്‍ വൈകുകയായിരുന്നു.
സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, യുഎഇ എന്നീ ആറ് രാജ്യങ്ങളാണ് ജിസിസി അംഗങ്ങള്‍. യൂറോപ്പിലെ ഷെങ്കണ്‍ വിസ മാതൃകയില്‍ ഈ ആറ് രാജ്യങ്ങളും ഒരു വിസയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നതായിരിക്കും ഏകീകൃത വിസ. ഷെങ്കണ്‍ വിസയില്‍ യൂറോപ്പില്‍ 29 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. ജിസിസിയിലെ പുതിയ വിസ ആര്‍ക്കൊക്കെ നേട്ടമാകും എന്ന് വിശദീകരിക്കാം...

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ ജിസിസി രാജ്യങ്ങള്‍ കൊണ്ടുവരുന്നത്. സുരക്ഷാ കാര്യങ്ങളിലുള്ള ആശങ്ക കാരണമാണ് വിസ വൈകുന്നത് എന്ന് അടുത്തിടെ ഒമാന്‍ മന്ത്രി സലീം ബിന്‍ മുഹമ്മദ് അറിയിച്ചിരുന്നു. നിലവില്‍ ഓരോ രാജ്യത്തേക്കും പ്രത്യേകം വിസ ആവശ്യമാണ്. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ടെങ്കിലും പ്രവാസികള്‍ക്ക് വിസ നിര്‍ബന്ധമാണ്.
അതുകൊണ്ടുതന്നെ ജിസിസി ഏകീകൃത വിസ വന്നാല്‍ കൂടുതല്‍ നേട്ടം പ്രവാസികള്‍ക്കായിരിക്കും. ഓരോ രാജ്യങ്ങളും 30 ദിവസം വരെ താമസത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് എമിറേറ്റ് ഐഡി ഉപയോഗിച്ച് എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള വിസ നേടിയെടുക്കാന്‍ സാധിക്കും. സുരക്ഷാ വെല്ലുവിളികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആറ് രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ ധാരണയ്ക്ക് ശ്രമിക്കുകയാണ്.
നിലവിലെ ജിസിസി പ്രവേശനം ഇങ്ങനെ
നിലവില്‍ സൗദിയിലേക്ക് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല. അതേസമയം, പ്രവാസികള്‍ക്ക് വിസ വേണം. ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കും ജിസിസി പൗരന്മാര്‍ക്ക് വിസ വേണ്ട. പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ പ്രവേശിക്കാന്‍ ഇ-വിസ കിട്ടും. ജിസിസി ഐഡി ഉപയോഗിച്ച് പൗരന്മാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാം. മറ്റു താമസക്കാര്‍ക്ക് ഇ-വിസയോ വിസ ഓണ്‍ അറൈവലോ കിട്ടും.
ഇന്ത്യ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഫ്രീ പ്രവേശനം ഖത്തര്‍ അനുവദിക്കുന്നുണ്ട്. ജിസിസിയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 30 ദിവസം താമസിക്കാനുള്ള അനുമതി യുഎഇ നിലവില്‍ നല്‍കുന്നു. പിന്നീട് ഇ-വിസ ഉപയോഗിച്ച് താമസത്തിനുള്ള കാലാവധി നീട്ടുകയും ചെയ്യാം. ഈ വര്‍ഷം അവസാനത്തില്‍ ജിസിസി ഏകീകൃത വിസ നടപ്പാക്കുമെന്ന വാര്‍ത്ത വന്നതോടെ ട്രാവല്‍ ഏജന്‍സികള്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ്.
യൂറോപ്പിലെ 29 രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ഷെങ്കണ്‍ വിസ ലഭിച്ചാല്‍ മതിയാകും. ആദ്യം ഏത് രാജ്യത്തേക്കാണ് പോകുന്നത് എന്ന് പരിശോധിച്ച് ആ രാജ്യത്തെ എംബസി വഴിയാണ് വിസ നടപടികള്‍ നീക്കേണ്ടത്. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, താമസിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കുന്ന രേഖ എന്നിവയെല്ലാം ഷെങ്കണ്‍ വിസയ്ക്ക് ആവശ്യമാണ്. സമാനമായ മാനദണ്ഡങ്ങള്‍ ജിസിസി ഏകീകൃത വിസയ്ക്കും ഉണ്ടായേക്കും.












Click it and Unblock the Notifications