സ്വർണം വാങ്ങിയവർക്കെല്ലാം കോളടിച്ചു: വന്‍ ലാഭം പോക്കറ്റിലേക്ക് എത്തി; അതും 30 ശതമാനം വരെ
വിലയിലെ വർധനവ് സാധാരണക്കാരായ സ്വർണ്ണാഭരണ പ്രേമികളെ സംബന്ധിച്ച് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ മികച്ച ലാഭമാണ് അവർക്ക് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുഎഇയിലെ മാത്രം കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സ്വർണാഭരണങ്ങളിൽ നിക്ഷേപിച്ചവർക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 30% വരെ ലാഭമുണ്ടായി. അതായത് 1 ലക്ഷത്തിന് ഒരു വർഷം മുമ്പ് വാങ്ങിയ ആഭരണത്തിന്റെ മൂല്യം ഇപ്പോള്‍ 1.30 ലക്ഷമായി ഉയർന്നു.
സ്വർണ്ണ വിലയിലെ സ്ഥിരമായ ഉയർച്ചയാണ് ലാഭം വർധിച്ചതിന് പിന്നിലെ പ്രധാന കാരണം. ഒരു വർഷം മുമ്പ് 5,000 ദിർഹം മൂല്യമുള്ള 22 കാരറ്റ് സ്വർണാഭരണം വാങ്ങിയവർക്ക് ഇപ്പോള്‍ 20-30% ലാഭം ലഭിക്കും. അതായത്ഏകദേശം 1,000 മുതൽ 1,500 ദിർഹം വരെ ലാഭമെന്ന് കാൻസ് ജ്വല്ലേഴ്സിന്റെ മാനേജിങ് ഡയറക്ടർ അനിൽ ധനകിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ലാഭം വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സമയം, കാരറ്റ്, സ്വർണ്ണത്തിന്റെ അനുപാതം, ഡിസൈൻ പണിക്കൂലി എന്നിവയാണ് ലാഭം നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകം. "നിർമ്മാണ ചാർജുകൾ, ഉപയോഗത്തിലെ നഷ്ടം, പുനർവിൽപ്പന കുറവുകൾ എന്നിവ കണക്കാക്കിയാൽ, യഥാർത്ഥ ലാഭം കുറവായിരിക്കും. അതായത് ഏകദേശം 700 മുതൽ 1,200 ദിർഹം വരെയായി ഇത് കുറയാം." എന്ന് ധനക് കൂട്ടിച്ചേർത്തു.
ഈ മാസം ആദ്യം ലോകത്ത് എല്ലായിടത്തേയും എന്നത് പോലെ യു എ ഇയിലേയും സ്വർണ്ണം സർവകാല റെക്കോർഡ് നിരക്കിലേക്ക് എത്തിയിരുന്നു. 24 കാരറ്റിന് 456 ദിർഹവും 22 കാരറ്റ് 422 ദിർഹവും ആയിരുന്നു ഒരു ഗ്രാമിന്റെ ഏറ്റവും ഉയർന്ന വില. നിലവില്‍ 24 കാരറ്റ് 453.25 ദിർഹത്തിനും 22 കാരറ്റ് 419.50 ദിർഹത്തിനുമാണ് വില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് വിപണിയില്‍ സ്വർണം 0.53% വർധനവോടെ 3,759.86 ഡോളറിലും വ്യാപാരം ചെയ്യപ്പെടുന്നു.
കഴിഞ്ഞ വർഷത്തെ വിലനിലവാരം പരിശോധിക്കുകയാണെങ്കില്‍ സെപ്തംബർ മാസത്തില്‍ 24 കാരറ്റിന് 322 ദിർഹവും 22 കാരറ്റ് 298 ദിർഹവുമായിരുന്നു വില. അതായത് കഴിഞ്ഞ ഒരു വർഷത്തിനിടെ 24 കാരറ്റിന്റെ വിലയില്‍ 134 ദിർഹത്തിന്റേയും 22 കാരറ്റിന്റെ വിലയില്‍ 124 ദിർഹത്തിന്റേയും വർധനവ് ഉണ്ടായി.
കഴിഞ്ഞ വർഷം 5,000 ദിർഹം മൂല്യമുള്ള സ്വർണാഭരണം വാങ്ങിയവർക്ക് ഇപ്പോള്‍ 15-18% വരെ ലാഭം ലഭിക്കുമെന്ന് ബഫ്ലെ ജ്വല്ലേഴ്സിന്റെ മാനേജിങ് ഡയറക്ടർ ചിരാഗ് വോറയും വ്യക്തമാക്കുന്നു. 5000 ദിർഹത്തിന് വാങ്ങിയ സ്വർണത്തിന്റെ മൂല്യം ഇപ്പോൾ 5,700 മുതൽ 5,900 ദിർഹം വരെയായിരിക്കും. ഇനിയും ഇത് ഉയർന്ന് നില്‍ക്കാന്‍ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്കോ സ്വർണ്ണ നാണയങ്ങൾ/കട്ടികള്‍ വാങ്ങിയവർക്കോ ഇപ്പോൾ ആഭരണങ്ങള്‍ വാങ്ങിയവരേക്കാള്‍ കൂടുതൽ ലാഭം ലഭിക്കും. ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ പണിക്കൂലി നഷ്ടമാകുന്നത് ലാഭത്തിലെ ഇടിവിന് കാരണമാകുന്നു. സ്വർണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവർ ആണെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡിലോ അതും അല്ലെങ്കില്‍ നാണയങ്ങളിലോ കട്ടികളിലോ ആണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കേരളത്തിലെ സ്വർണവില
കേരളത്തില്‍ ഇന്നലത്തെ വിലയില്‍ തന്നെയാണ് ഇന്നും സ്വർണ വില്‍പ്പന നടക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84680 രൂപയായിരുന്നു. ഈ നിരക്ക് ഇന്നും തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 10585 രൂപയാണ് നിരക്ക്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില സെപ്തംബര്‍ 9 നാണ് ആദ്യമായി എണ്‍പതിനായിരം രൂപ പിന്നിടുന്നത്.












Click it and Unblock the Notifications