സ്വർണത്തിന് വമ്പൻ ഓഫർ; ഇത്രയൊക്കെ ഓഫറുണ്ടെങ്കിൽ എങ്ങനെ വാങ്ങാതിരിക്കും..ദുബായിക്കാരുടെ തന്ത്രം
സ്വർണ വിലയിലെ അടിക്കടിയുടെ വർധനവ് ദുബായിലെ ആഭരണപ്രേമികളെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാട്ടിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ദുബായിൽ നിന്നും സ്വർണം വാങ്ങിയിരുന്ന പ്രവാസികളും ഇപ്പോൾ ദുബായിലെ സ്വർണവില വർധനവിൽ ഏറെ നിരാശയിലാണ്.
ഇന്നും ഉയർന്ന വിലയിലാണ് രാജ്യത്ത് സ്വർണ വ്യാപാരം നടക്കുന്നത്. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 426.50 ദിർഹമാണ് വില. 22 കാരറ്റിന് 395 ദിർഹവും 21 കാരറ്റിന് 378 ദിർഹവും 18 കാരറ്റിന് 324.75 ദിർഹവും വരും. വില ഉയർന്ന സാഹചര്യത്തിൽ ആഭരണപ്രേമികളടക്കം സ്വർണം വാങ്ങാൻ മടിക്കുകയാണ്. ഇതോടെ ഉപഭോക്താക്കളെ ജ്വല്ലറിയിൽ എത്തിക്കാനായി പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുകയാണ് വ്യാപാരികൾ. ഡിസ്കൗണ്ടുകൾ, ലോയൽറ്റി പ്രോഗ്രാമുകൾ, ലോക്ക്-ഇൻ റേറ്റ് പ്രൊട്ടക്ഷൻ ഓഫറുകൾ എന്നിവയാണ് ജ്വല്ലറികൾ അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാജ്യത്ത് സ്വർണ വില സർവ്വകാല റെക്കോഡിൽ എത്തിയിരുന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 428.75 ദിർഹമും, 22 കാരറ്റ് സ്വർണത്തിന് 396.75 ദിർഹമും രേഖപ്പെടുത്തി. അതേസമയം ആഗോളതലത്തിൽ സ്വർണ്ണവില ആദ്യമായി 3,560 ഡോളർ കടന്നു.സ്പോട്ട് ഗോൾഡ് വില വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 0.67 ശതമാനം കുറഞ്ഞ് ഔൺസിന് 3,547.94 ഡോളറിൽ വ്യാപാരം നടന്നു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം, യുഎഇയിലെ സ്വർണാഭരണങ്ങളുടെ ആവശ്യം രണ്ടാം പാദത്തിൽ 16 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9.2 ടൺ ആയിരുന്നു ആവശ്യം. ഇത് 7.7 ടണ്ണായി കുറഞ്ഞു. തുടർച്ചയായ രണ്ടാം പാദത്തിലെ ഇടിവാണിത്.
'ഉപഭോക്താക്കളെ നിലനിർത്താൻ പല തന്ത്രങ്ങളും വ്യാപാരികൾ പയറ്റുന്നുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത നടപടികളിലൂടെ മാത്രമേ ആളുകളെ ആകർഷിക്കാൻ സാധിക്കൂ' ടൈറ്റൻ കമ്പനിയിലെ ഇന്റർനാഷണൽ ജ്വല്ലറി ബിസിനസ് മേധാവി ആദിത്യ സിംഗിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. പർച്ചേസിങ് തീരുമാനങ്ങൾ എളുപ്പമാക്കാൻ പണിക്കൂലിയിൽ ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ട്. കൂടാതെ ഫ്ലെക്സിബിൾ പേയ്മെന്റ് ഓപ്ഷനുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും നൽകുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
വൈവിധ്യമാർന്ന ആഭരണ ഡിസൈനുകളോട് എല്ലാവർക്കും പ്രിയമാണ്. അതുകൊണ്ട് തന്നെ പുതിയ കളക്ഷനുകൾ താങ്ങാനാവുന്ന വിലയിൽ അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിൽ കൂടുതൽ പവൻ വാങ്ങാൻ മടിക്കുന്നവർ ഉണ്ട്. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെ പരിശുദ്ധിയേയും ദീർഘകാല മൂല്യത്തെയും കുറിച്ച് ബോധവത്കരിച്ച് സ്വർണം വാങ്ങിപ്പിക്കുകയാണ് വ്യാപാരികൾ.
ഡയമണ്ട് പതിച്ചതും പരമ്പരാഗതമല്ലാത്തതുമായ സ്വർണാഭരണങ്ങൾക്കും ഇപ്പോൾ പ്രചാരം ലഭിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കുറഞ്ഞ സ്വർണം ഉപയോഗിച്ച് ആകർഷകമായ ഭംഗി നിലനിർത്തുന്ന ഭാരം കുറഞ്ഞതും ആധുനികവുമായ ഡിസൈനുകളിലേക്ക് ആളുകൾ മാറുന്നുണ്ടെന്നും ഇവർ പറയുന്നു.
ഉത്സവ സീസണിന് മുന്നോടിയായി ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ' ലഭ്യമാണ്. അതായത് മുൻകൂട്ടി സ്വർണം ബുക്ക് ചെയ്യാം. വാങ്ങുന്ന ദിവസത്തെ വില കൂടുതലാണെങ്കിൽ ബുക്ക് ചെയ്ത ദിവസത്തെ നിരക്കിൽ സ്വർണം സ്വന്തമാക്കാം. മൊത്തം തുകയുടെ 10 ശതമാനം അഡ്വാൻസ് നൽകിയാണ് ഇത്തരത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുക.
കേരളത്തിലും വില കുതിക്കുന്നു
അതേസമയം സ്വർണ വില കേരളത്തിലും കുതിക്കുകയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 78360 രൂപയായിരുന്നു വില. ഗ്രാമിന് 9795 രൂപയും. 18 കാരറ്റിന് 8045 രൂപയാണ് വില. വില റെക്കോഡ് ഉയരം തൊട്ടതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് സ്വർണം മുൻകൂട്ടി ബുക്ക് ചെയ്യുന്നത് വർധിച്ചതായി വ്യാപാരികൾ പറഞ്ഞു.












Click it and Unblock the Notifications