സൗദി അറേബ്യയില്‍ കുന്നോളം സ്വര്‍ണം; കണ്ടെത്തിയത് നാലിടത്ത്, മഅദിന്‍ ഓഹരി കുത്തനെ ഉയര്‍ന്നു
റിയാദ്: സ്വര്‍ണവില കുതിക്കുന്നതിനിടെ സൗദി അറേബ്യയില്‍ നാലിടത്ത് സ്വര്‍ണ ശേഖരം കണ്ടെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി നടത്തി വന്ന പരിശോധനയുടെ ഫലമാണിത്. 80 ലക്ഷത്തോളം ഔണ്‍സ് സ്വര്‍ണമാണ് കണ്ടെത്തിയത് എന്ന് മഅദിന്‍ അറിയിച്ചു. സൗദി അറേബ്യയുടെ ഖനന കമ്പനിയാണ് മഅദിന്‍. സ്വര്‍ണം കണ്ടെത്തിയതോടെ മഅദിന്റെ ഓഹരി മൂല്യം 5 ശതമാനം ഉയര്‍ന്നു.
സൗദിയിലെ വലിയ സ്വര്‍ണ ഖനികളിലൊന്നായ മന്‍സൂറ മസാറയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3 ദശലക്ഷം ഔണ്‍സിന്റെ വര്‍ധന രേഖപ്പെടുത്തി. ഉറുഖ് 20/21, ഉമ്മുസ്സലാം എന്നീ ഖനന മേഖലകളില്‍ നിന്ന് 1.7 ദശലക്ഷം ഔണ്‍സും വാദി അല്‍ ജവ്വില്‍ നിന്ന് 3 ദശലക്ഷം ഔണ്‍സും ലഭിച്ചു. ഇതോടെ സൗദിയുടെ വരുമാനം ഇരട്ടിയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നും കരുതുന്നു.

സൗദിയില്‍ സ്വര്‍ണ ഖനനം വര്‍ധിപ്പിക്കണം എന്ന് മഅദിന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് നിലവിലുള്ള സ്വര്‍ണ ഖനിയിലും പുതിയ ഖനിയിലും പര്യവേക്ഷണം സജീവമാക്കിയത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ 80 ലക്ഷത്തോളം ഔണ്‍സ് സ്വര്‍ണം അധികമായി കണ്ടെത്തിയത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്ന ഘട്ടത്തിലുള്ള ഈ കണ്ടെത്തല്‍ സൗദിയുടെ സാമ്പത്തിക രംഗത്തിന് കരുത്തേകും.
സൗദിയുടെ വിപണി പ്രധാനമായും നിലനില്‍ക്കുന്നത് ക്രൂഡ് ഓയില്‍ വരുമാനത്തെ ആശ്രയിച്ചാണ്. ക്രൂഡ് വില വലിയ തോതില്‍ ഇടിഞ്ഞത് സൗദിക്ക് തിരിച്ചടിയായിരുന്നു. പല ബജറ്റ് പദ്ധതികളും മെല്ലെപ്പോക്ക് നേരിടുന്നുണ്ട്. ഈ വേളയിലാണ് മറ്റു ആദായ മാര്‍ഗങ്ങള്‍ സൗദി തേടിയതും ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ പരിപോഷിപ്പിക്കാന്‍ തീരുമാനിച്ചതും.
ജിദ്ദ ടവര്‍, നിയോം നിര്‍മാണ വേഗത കൂടും
വേദാന്ത ഉള്‍പ്പെടെയുള്ള നിരവധി വിദേശ കമ്പനികള്‍ക്ക് സൗദി അറേബ്യ ഖനന ലൈസന്‍സ് അടുത്തിടെ അനുവദിച്ചിരുന്നു. സ്വര്‍ണം കൂടുതലായി കണ്ടെത്താന്‍ ഇനിയും ശ്രമം തുടരുകയാണ്. സൗദിയില്‍ രണ്ടര ലക്ഷം കോടി ഡോളറിന്റെ ധാതു സമ്പത്തുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇവ ഖനനം ചെയ്യാന്‍ സാധിച്ചാല്‍ നേട്ടമാകും. സ്വര്‍ണത്തിന് പുറമെ ചെമ്പും സൗദിയുടെ മണ്ണിനടിയില്‍ യഥേഷ്ടമുണ്ട്.
ജിദ്ദ ടവര്‍, നിയോം ഉള്‍പ്പെടെ നിരവധി ബ്രഹ്മാണ്ഡ പദ്ധതികളാണ് സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതു കാരണം പദ്ധതികളുടെ വേഗത കുറഞ്ഞു. ബാരലിന് 96 ഡോളര്‍ എങ്കിലും വില എത്തിയാല്‍ മാത്രമേ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കു. നിലവില്‍ ക്രൂഡ് ഓയില്‍ ബാരല്‍ വില 64 ഡോളറിലാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെയാണ് നാല് ഡോളര്‍ ഉയര്‍ന്നത്.
അതേസമയം, വിപണിയില്‍ കിട മല്‍സരം നടക്കുന്നതിനാല്‍ പലപ്പോഴും സൗദിക്ക് വില കുറച്ച് എണ്ണ വില്‍ക്കേണ്ടി വരുന്നുണ്ട്. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണ വില കുറച്ച് നല്‍കുമെന്ന് സൗദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് അരാംകോ ഫെബ്രുവരിയിലെ എണ്ണ വില്‍പ്പനയ്ക്ക് പ്രഖ്യാപിച്ചത്. അതിനിടെയാണ് ആശ്വാസമായി സ്വര്‍ണ ശേഖരം കണ്ടെത്തിയത്.












Click it and Unblock the Notifications