സ്വര്‍ണം വാങ്ങിക്കൂട്ടി ഇന്ത്യ; യുഎഇ വഴി എത്തിയത് 705 കോടി ഡോളറിന്റെ മഞ്ഞലോഹം, കണക്ക് പുറത്ത്
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എവിടെ നിന്നാണ് ഇന്ത്യയിലേക്ക് സ്വര്‍ണം വരുന്നത് എന്ന് അറിയുമോ. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണം വന്നത് രണ്ട് രാജ്യങ്ങളില്‍ നിന്നാണ്. ഒന്ന് യുഎഇ, മറ്റൊന്ന് സ്വിറ്റ്‌സര്‍ലാന്റ്. സ്വര്‍ണത്തിന്റെ ഹബ്ബായി അറിയപ്പെടുന്നവയാണ് ഈ രണ്ട് രാജ്യങ്ങളും.
ഡിസംബറില്‍ ഇന്ത്യ സ്വര്‍ണം ഇറക്കുമതി ചെയ്തതില്‍ അല്‍പ്പം കുറവ് വന്നിരുന്നു. എന്നാല്‍ ജനുവരിയില്‍ ചിത്രം മാറി. ആഗോള വിപണിയില്‍ സ്വര്‍ണവില റോക്കറ്റ് പോലെ കുതിക്കുന്ന ഘട്ടത്തിലാണ് വന്‍തോതില്‍ സ്വര്‍ണം ഇറക്കുന്നത് എന്നതും എടുത്തു പറയണം. ഈ സ്വര്‍ണ ഇറക്കുമതി ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്തു.

സ്വിറ്റ്‌സര്‍ലാന്റില്‍ നിന്ന് ജനുവരിയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 395 കോടി ഡോളറിന്റെ സ്വര്‍ണമാണ്. ഡിസംബറില്‍ 59.2 കോടി ഡോളറിന്റെ സ്വര്‍ണമായിരുന്നു. മൊത്തം സ്വര്‍ണ ഇറക്കുമതി നാലിരട്ടി വര്‍ധിച്ചിട്ടുണ്ട്. 1200 കോടിയുടെ സ്വര്‍ണമാണ് മൊത്തം ഇറക്കുമതി ചെയ്തിരിക്കുന്നത്. വില കൂടിയതാണ് ഇറക്കുമതിയുടെ മൂല്യം വര്‍ധിക്കാന്‍ ഒരു കാരണം. നിക്ഷേപ താല്‍പ്പര്യം കൂടിയത് മറ്റൊരു കാരണമാണ്.
സ്വര്‍ണവില ആഗോള വിപണിയില്‍ ഈ മാസം അല്‍പ്പം കുറവ് വന്നിട്ടുണ്ട്. ജനുവരി 27ന് പവന്‍ വില 1.31 ലക്ഷം രൂപയും ഔണ്‍സ് വില 5600 ഡോളറും എത്തിയിരുന്നു. എന്നാല്‍ ഇന്ന് 5000ത്തില്‍ താഴെയാണ് ആഗോള വിപണിയിലെ സ്വര്‍ണവില. കേരളത്തില്‍ 1.13 ലക്ഷം രൂപയുമായി. സ്വര്‍ണവിലയില്‍ എന്തൊക്കെ മാറ്റമുണ്ടായാലും ഇറക്കുമതിയില്‍ കുറവ് വരുന്നില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യുഎഇയില്‍ നിന്നുള്ള ഇറക്കുമതി ഇങ്ങനെ
യുഎഇയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി 43 ശതമാനം വര്‍ധിച്ചു. 494 കോടി ഡോളറിന്റെ സ്വര്‍ണമാണ് കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ജനുവരിയില്‍ ഇത് 705 കോടി ഡോളറിന്റെ സ്വര്‍ണമായി ഉയര്‍ന്നു. യുഎഇയും ഇന്ത്യയും തമ്മില്‍ സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ നിലവിലുള്ളതാണ് ഇറക്കുമതി വര്‍ധിക്കാന്‍ ഒരു കാരണം. ഇന്ത്യയ്ക്ക് നേരിയ നികുതി ഇളവ് ഇക്കാര്യത്തില്‍ യുഎഇ നല്‍കുന്നുണ്ട്.
ജനുവരിയില്‍ സ്വര്‍ണത്തിന്റെയും ആഭരണങ്ങളുടെയും ഇന്ത്യയിലേക്കുള്ള മൊത്തം ഇറക്കുമതി 1530 കോടി ഡോളറിന്റേതാണ്. ഒരു വര്‍ഷം മുമ്പുള്ള കണക്കുകളെക്കാള്‍ 19 ശതമാനം കൂടുതലാണിത്. അതേസമയം, ഇറക്കുമതി കൂടിയതോടെ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിച്ചു. 347 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് ജനുവരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2018-19 വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണം ഇറക്കുതമി 329 കോടി ഡോളറിന്റേതായിരുന്നു. 2024-25 വര്‍ഷത്തില്‍ 76 ശതമാനം വര്‍ധിച്ച് 5800 കോടി ഡോളറിന്റേതായി ഉയര്‍ന്നു. വിലയില്‍ ഉയര്‍ച്ച ഉണ്ടായെങ്കിലും പക്ഷേ, അളവില്‍ കുറവ് വരികയാണ് ചെയ്തത്. ഇതിന് കാരണം സ്വര്‍ണത്തിന്റെ വില കുത്തനെ വര്‍ധിച്ചതാണ് എന്ന് കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications