സ്വർണം ഇനി കുറഞ്ഞ വിലയിൽ കിട്ടും; വമ്പൻ ഓഫറുമായി യുഎഇ ജ്വല്ലറികൾ; കേരളത്തിലും വരുമോ?
സ്വർണത്തിന്റെ വിലയേക്കാൾ ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് പണിക്കൂലിയാണ്. ചെറിയ ഡിസൈൻ ആഭരണങ്ങൾക്ക് പോലും കൈപൊള്ളുന്ന നിരക്കാണ് ജ്വല്ലറികൾ ഈടാക്കുന്നത്. വിവാഹം പോലുള്ള ആവശ്യങ്ങൾക്കുള്ള സങ്കീർണമായ ആഭരണ ഡിസൈനുകളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 35 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന ജ്വല്ലറികൾ ഉണ്ട്.
എന്തായാലും പണിക്കൂലിയിൽ കുറവ് വരുത്തിയില്ലെങ്കിൽ ഇനി വാങ്ങാൻ ആളെത്തില്ലെന്ന തിരിച്ചറിവിലാണ് ഇപ്പോൾ യുഎഇയിലെ സ്വർണ വ്യാപാരികൾ. 22 കാരറ്റ് സ്വർണത്തിന് ദുബായിൽ ഗ്രാമിന് 376 ദിർഹം കടന്നതോടെ പണിക്കൂലിയിൽ വമ്പൻ കിഴിവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ജ്വല്ലറികൾ. 25ശതമാനമോ അതിൽ കൂടുതലുമോ കിഴിവാണ് വ്യാപാരികൾ ആലോചിക്കുന്നത്.

പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ 'ഡബിൾ ഡിസ്കൗണ്ട്' ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് പണിക്കൂലിയിൽ 25 ശതമാനം കിഴിവ് കൂടാതെ 7,500 ദിർഹത്തിന് മുകളിൽ തുകയ്ക്ക് സ്വർണം വാങ്ങുന്നവർക്ക് 25 ശതമാനം അധിക കിഴിവാണ് കല്യാൺ വാഗ്ദാനം ചെയ്യുന്നത്.
സ്വർണവില ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലും ഇനിയും കൂടാൻ സാധ്യതയുള്ളതിനാലുമാണ് പുതിയ പ്രമോഷനുകൾക്ക് പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ തയ്യാറെടുക്കുന്നതെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു.
'ആഭരണങ്ങൾ വാങ്ങാൻ എത്തുന്ന പത്തിൽ ഒൻപത് പേരും ചോദിക്കുന്നത് പണിക്കൂലിയിൽ കിഴിവുണ്ടോയെന്നാണ്. പല ജ്വല്ലറികളും കിഴി കിഴിവ് നൽകുന്നുണ്ട്. നമ്മൾ നൽകിയില്ലെങ്കിൽ ആ കച്ചവടം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പണിക്കൂലിയാണ് ജ്വല്ലറികൾക്ക് വിജയകരമായി പ്രവർത്തിക്കാനുള്ള ലാഭമാർഗ്ഗമെന്ന് ഉപഭോക്താക്കളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാൽ കച്ചവടം മുന്നോട്ട് പോകില്ല', വ്യാപാരികളിൽ ഒരാൾ പറഞ്ഞു.
യുഎഇയിൽ സ്വർണാഭാരണങ്ങൾ വിൽക്കുന്ന പരമ്പരാഗത രീതിക്ക് വലിയ മാറ്റം സംഭവിക്കുമെന്ന് പറയുകയാണ് വ്യാപാരികൾ. സ്വർണ വില വർധിച്ചതോടെ കച്ചവട രീതികളെല്ലാം മാറി. വിലയിൽ കാര്യമായ കുറവുണ്ടാകുമ്പോഴോ ഈദ് വിൽപ്പന, ഡിസംബറിലെ ഹോളിഡേ സീസൺ വിൽപ്പന, അക്ഷയതൃതീയ, ധന്തേരാസ് തുടങ്ങിയ ഇന്ത്യൻ ആഘോഷങ്ങൾ ,ഈ സമയത്തുള്ള പ്രമോഷനുകൾ എന്നിവ പ്രയോജനപ്പെടുത്താനാണ് ഉപഭോക്താക്കൾ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നത് യുഎഇയിലെയും സൗദിയിലെയും ആഭരണങ്ങളുടെ ആവശ്യകത ഗണ്യമായി കുറഞ്ഞുവെന്നാണ്. നിലവിൽ, സ്റ്റോറുകളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചോ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചോ ഒരു ജ്വല്ലറിയും സംസാരിച്ചിട്ടില്ല. എന്നാൽ വിൽപ്പന കുറഞ്ഞാൽ എന്ത് ചെയ്യാനാകും എന്ന ആശങ്കയുണ്ട്. സ്വർണത്തിന്റെ ഉയർന്ന വില കാരണം തങ്ങളുടെ പുതിയ ചില ശേഖരങ്ങൾക്ക് മങ്ങിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും ചില റീട്ടെയിലർമാരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സ്വർണവില കൂടുന്നതിനാൽ ഇപ്പോൾ വാങ്ങണം എന്ന റീട്ടെയിലർമാരുടെ വാദത്തിൽ യുഎഇയിലെ ഉപഭോക്താക്കൾക്ക് വിശ്വാസമില്ല. 'ആ വാദത്തിന് പ്രസക്തിയില്ല - കാരണം ഉപഭോക്താക്കൾ ഇപ്പോൾ 376 ദിർഹവും പണിക്കൂലിയും ചിലവഴിച്ചാൽ അത് അവരുടെ പോക്കറ്റിൽ വലിയ നഷ്ടമുണ്ടാക്കും', റീട്ടെയ്ലർമാർ വ്യക്തമാക്കി.
കേരളത്തിൽ വരുമോ?
കേരളത്തിൽ പണിക്കൂലി ഇല്ലാതെ സ്വർണ വിൽപന സാധ്യമാകുമോ? ഇല്ലെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. 'കൂലിയില്ലാതെ ആഭരണം പണിയുക സാധ്യമല്ല. ശരിയായ രീതിയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് പണിക്കൂലി ഇല്ലാതെ ആഭരണം നല്‍കാന്‍ സാധിക്കില്ലെന്നും ഇവർ പറയുന്നു.
സ്വർണവില ഇന്നും ഉയർന്നു
ആഗോള വിപണയിൽ സ്വർണ വില ഔൺസിന് 3,385 ഡോളർ നിലവാരത്തിലേക്ക് കുതിച്ചുയർന്നു. നിലവിൽ 3,370 ഡോളർ നിലവാരത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും, ഉയർന്ന നിലയിൽ ചാഞ്ചാട്ടം തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത.
യുഎസ്ഫെഡ് സെപ്റ്റംബറിൽ പലിശ നിരക്ക് കുറച്ചാൽ സ്വർണം ഔൺസിന് 3,400 ഡോളർ നിലവാരത്തിലേക്ക് എത്തിയേക്കുമെന്നാണ് വിശകലന വിദഗ്ധരുടെ പ്രവചനം. സ്വർണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം വില കുറയും എന്ന പ്രതീക്ഷ പുലർത്താൻ തക്കതായ ഒരു ഘടകവും മുന്നിലില്ല. സ്വർണ വില ഗ്രാമിന് 380 ദിർഹത്തിലെത്തിയാൽ അത് രാജ്യത്തെ സ്വർണ വിപണിയെ സാരമായി ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications