യുഎഇക്കാർ സ്വർണാഭരണം വാങ്ങുന്നത് നിർത്തിയോ? വില കൂടിയപ്പോള്‍ പുതിയ തന്ത്രം; ഇവിടേയും പയറ്റാം
ലോകത്ത് എല്ലായിടത്തും എന്ന പോലെ ദുബായിലും സ്വർണ വില പുതിയ റെക്കോർഡുകള്‍ താണ്ടിയിരിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് 361.25 ദിർഹമാണ് ഇന്ന് നല്‍കേണ്ടത്. 359.75 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഇന്നത്തേത് കൂട്ടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മാത്രം ഗ്രാമിന് 24 ദിർഹത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നഗരം ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സ്വർണ വില വർധനവിന് സാക്ഷ്യം വഹിക്കുന്നതെന്ന് ജല്ലറി ഉടമകളും പറയുന്നു. ഈ ഉയർന്ന വിലയില്‍ സ്വർണം വാങ്ങാൻ ആളുകളെ ബോധ്യപ്പെടുത്താൻ വളരെയധികം കാര്യങ്ങൾ വേണ്ടിവരുമെന്ന് അവർ പറയുന്നു. ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വർണം വില ഇനിയും ഉയരുമെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് വ്യാപാരത്തിനെ ഏതെങ്കിലും രീതിയിലും നെഗറ്റീവ് ആയി ബാധിക്കുമോയെന്ന ആശങ്കയും ജ്വല്ലറി ഉടമകള്‍ക്കുണ്ട്.

വില കൂടിയതോടെ സ്വർണ്ണ ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വലിയ തോതില്‍ കുറഞ്ഞ് വരുന്നുമുണ്ട്. 'യു എ ഇയിൽ ഇപ്പോള്‍ ഡിമാന്‍ഡുള്ളത് സ്വർണ്ണക്കട്ടികള്‍ക്ക് മാത്രമാണ്. പ്രധാനമായും നിക്ഷേപത്തിനാണ് ആളുകള്‍ സ്വർണ്ണക്കട്ടി വാങ്ങുന്നത്. അതായത് ആഭരണ വിൽപ്പന വളരെ താഴ്ന്ന നിലയിലാണ്. യു എ ഇയിൽ നിന്നുള്ള ആളുകള്‍ സ്വർണം മാറ്റിവാങ്ങുന്നത് പോലും ഇപ്പോള്‍ പരിഗണിക്കുന്നില്ല' കാൻസ് ജുവൽസിന്റെ മാനേജിംഗ് ഡയറക്ടർ അനിൽ ധനകിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സ്വർണ്ണക്കട്ടിയായി വാങ്ങുന്നവർ വിലകൂടുമ്പോള്‍ അത് വിറ്റ് ലാഭം കൊയ്യുകയെന്ന തന്ത്രമാണ് ആളുകള്‍ പയറ്റുന്നത്. സ്വർണം കൈയില്‍ വെച്ചിരിക്കുന്ന ആളുകള്‍ കരുതുന്നത് വില മുന്നോട്ട് തന്നെ പോകുമെന്നും വില്‍ക്കുകയാണെങ്കില്‍ അപ്പോള്‍ വിറ്റിട്ട് കൂടുതല്‍ ലാഭം നേടാമെന്നുമാണ്. സ്വർണവിലയിലെ ഇപ്പോഴത്തെ മുന്നേറ്റം കാണുമ്പോള്‍ അവരുടെ തീരുമാനം ശരിയാണ്. ഈ സാഹചര്യത്തില്‍ സ്വർണ്ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് ജ്വല്ലറി ഉടമകള്‍ കൂടുതല്‍ പ്രമോഷനും വലിയ ഓഫറുകളും നല്‍കേണ്ടി വരമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പണിക്കൂലി കുറച്ചാല്‍ പോലും ആളുകള്‍ ഇപ്പോള്‍ സ്വർണ്ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ വരണമെന്നില്ല. യാതൊരു വിധ പണിക്കൂലിയും വാങ്ങില്ലെന്ന ഓഫറുകള്‍ നല്‍കുന്നുണ്ടെങ്കിലും അതും ആകർഷകമല്ല. നിലവിലെ നിരക്കില്‍ നിന്നും ഗ്രാമിന് 20 ദിർഹം മുതൽ 30 ദിർഹം വരെ കുറഞ്ഞാൽ മാത്രമായിരിക്കും ആളുകള്‍ കൂടുതലായി ജ്വല്ലറികളിലേക്ക് എത്തുകയുള്ളുവെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണം വാങ്ങുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. വില വളരെ ഉയർന്ന് നില്‍ക്കുന്നതാണ് അവരേയും ബുദ്ധിമുട്ടിച്ചിരിക്കുന്നത്. "യു എ ഇയിലെ സ്വർണ്ണ വിലയില്‍ ഇന്ത്യയെ അപേക്ഷിച്ച് 6 ശതമാനം വരെ വലിക്കുണ്ട്. നേരത്തെ ഇത് 14 ശതമാനം വരെയായിരുന്നു. ഇതും സ്വർണം വാങ്ങുന്നവരെ പ്രതികൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു" ഒരു ജ്വല്ലറി വ്യാപാരി പറഞ്ഞു.












Click it and Unblock the Notifications