സ്വര്‍ണം അല്ല, ചെമ്പ് നോട്ടമിട്ട് സൗദി അറേബ്യ; ഒപ്പം നിറയെ ജോലി സാധ്യത... 200 കോടിയുമായി വേദാന്ത
റിയാദ്: പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് സൗദി അറേബ്യ. എണ്ണയും വാതകവും മാത്രമല്ല, സ്വര്‍ണം, ചെമ്പ് ഉള്‍പ്പെടെ മറ്റു വിഭവങ്ങളും സൗദിയുടെ മണ്ണിനടിയില്‍ യഥേഷ്ടം ഉണ്ട്. എന്നിട്ടും ചെമ്പ് വന്‍തോതില്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് സൗദിക്ക്. പ്രതിവര്‍ഷം 365 കിലോ ടണ്‍ ചെമ്പാണ് സൗദിക്ക് ആവശ്യമുള്ളത്. 2035 ആകുമ്പോള്‍ ആവശ്യം ഇരട്ടിയാകും.
ഈ സാഹചര്യത്തിലാണ് ഖനന രംഗത്തെ അതികായരായ വേദാന്ത ലിമിറ്റഡ് സൗദിയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്. 200 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വേദാന്ത ലിമിറ്റഡിന്റെ സഹസ്ഥാപനമായ വേദാന്ത കോപ്പര്‍ ഇന്റര്‍നാഷണല്‍ ആണ് സൗദി പ്രകൃതി വിഭവ മന്ത്രാലയവുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് പുതിയ കരാര്‍ എന്ന് വേദാന്ത പ്രസ്താവനയില്‍ പറയുന്നു. 1.3 ലക്ഷം കോടി ഡോളറിന്റെ ധാതുക്കള്‍ ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വന്ന പിന്നാലെ വേദാന്തയുടെ ഓഹരി 0.99 ശതമാനം ഉയര്‍ന്നു. നേരത്തെ 444.15 രൂപയായിരുന്നെങ്കില്‍ ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോള്‍ 448.55 രൂപയായിട്ടുണ്ട്.
2030 ആകുമ്പോഴേക്കും ധാതു ഖനന മേഖലയില്‍ നിന്ന് സൗദിയുടെ ജിഡിപിക്ക് ലഭിക്കുന്ന വിഹിതം 1700 കോടി ഡോളറില്‍ നിന്ന് 6400 കോടിയാക്കി ഉയര്‍ത്തും. ആയിരക്കണക്കിന് പുതിയ ജോലി സാധ്യതള്‍ തുറക്കുന്നത് കൂടിയാണ് വേദാന്തയും സൗദിയും തമ്മിലുള്ള കരാര്‍. ക്രൂഡ് ഓയില്‍, വാതകം, സിങ്ക്, ലഡ്, വെള്ളി, ചെമ്പ്, ഇരുമ്പയിര്, ഉരുക്ക്, അലുമിനിയം എന്നിവയുടെ ഖനനത്തില്‍ ശ്രദ്ധ പതിപ്പിച്ച കമ്പനിയാണ് വേദാന്ത.
വ്യത്യസ്ത വഴിയില്‍ സഞ്ചരിക്കുന്ന സൗദി അറേബ്യ
ക്രൂഡ് ഓയില്‍ ആണ് സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗം. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യവും സൗദിയാണ്. ആഗോള വിപണിയില്‍ എണ്ണ വില നിശ്ചയിക്കുന്നതില്‍ സൗദിയുടെ തീരുമാനമാണ് നിര്‍ണായകം. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില അല്‍പ്പം കയറിയിരുന്നു എങ്കിലും ലബനാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ എണ്ണ വില കുറയുകയാണ്.
എണ്ണയെ ഏറെ കാലം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന് സൗദി അറേബ്യ മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ മറ്റു വരുമാന മാര്‍ഗങ്ങളും സൗദി തേടുന്നുണ്ട്. കായിക-വിനോദ രംഗത്തേക്കുള്ള സൗദിയുടെ കടന്നു വരവ് ഈ ലക്ഷ്യത്തോടെയാണ്. ഐപിഎല്‍ ലേലം ജിദ്ദയില്‍ സംഘടിപ്പിച്ചതും കായിക രംഗത്തിന് സൗദി നല്‍കുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട്.
സൗദിയില്‍ കൂടുതല്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ വരുമെന്നാണ് പുതിയ വിവരം. 2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് സൗദി വേദിയാകാനുള്ള സാധ്യതയുമുണ്ട്. 2022ല്‍ ഖത്തര്‍ ലോകകപ്പ് മല്‍സരം സംഘടിപ്പിച്ചത് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായിരുന്നു. ടൂറിസം രംഗം വിപുലീകരിക്കാനും സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിസാ നടപടികള്‍ ലളിതമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications