സ്വർണ വില പവന് 65,000ത്തിലേക്ക് വീഴും? യുഎഇയിൽ വരാനിരിക്കുന്നത് സ്വർണപ്രേമികളുടെ നല്ലകാലം?,വ്യാപാരികൾ പറയുന്നു
യുഎസ്-ചൈന വ്യാപാരയുദ്ധം അയയുന്നുവെന്ന സൂചനകളാണ് നേരത്തേ സ്വർണ വിലയിൽ വലിയ ഇടിവിന് കാരണമായത്. എന്നാൽ വൈകാതെ തന്നെ വില വീണ്ടും കുതിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി ഇല്ലെന്ന തോന്നലാണ് വിലവർധനവിന് കാരണമായത്. ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില രാജ്യാന്തര വിപണിയിൽ കുത്തനെ വീണിരിക്കുകയാണ്.
വ്യാഴാഴ്ച രാജ്യാന്തര വിപണിയിൽ 3,398 ഡോളർ ആയിരുന്ന വില ഇന്ന് ഔൺസിന് 3310 ഡോളറാണ് രേഖപ്പെടുത്തിയത്. യുഎസ്-യുകെ വ്യാപാര കരാറാണ് വിലയിടിവിന് കാരണമായത്. ആഗോളവിപണിയിലെ വിലയിടിവ് യുഎഇയിലെ സ്വർണ വിപണിയിലും പ്രതിഫലിച്ചു. ഇന്ന് ഒറ്റയടിക്ക് 11 ദിർഹത്തിന്റെ കുറവാണ് യുഎഇയിൽ രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് ഇത്തരത്തിൽ സ്വർണ വിലയിൽ ഒരു ദിവസം ഇത്രയും വിലയുടെ ഇടിവ് സംഭവിക്കുന്നത്.

നിലവിൽ രാജ്യത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 367.75 ദിർഹമാണ്. വ്യാഴാഴ്ച ഇത് 378.5 ദിർഹമായിരുന്നു (രാജ്യത്തെ റെക്കോഡ് വില 381.75 ദിർഹമാണ്). വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയാൽ തന്നെ സ്വർണപ്രേമികൾ ജ്വല്ലറികളിലേക്ക് ഓടുന്ന പതിവുണ്ട് യുഎഇയിൽ. അക്ഷയതൃതീയക്ക് വില നേരിയ തോതിൽ കുറഞ്ഞപ്പോൾ ജ്വല്ലറികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഇന്നിപ്പോൾ വില കുറഞ്ഞിട്ടും ആളുകൾ സ്വർണം വാങ്ങാൻ മടിക്കുകയാണ്.
370 ദിർഹത്തിന് മുകളിൽ വില ഉയരുന്നത് ആളുകളെ സംബന്ധിച്ച് വലിയ ഭാരമാണ്. 360 ദിർഹമാണെങ്കിലും പോലും ആളുകൾ പൂർണതൃപ്തരല്ല. അതുകൊണ്ട് തന്നെ വില കുത്തനെ കുറയാതെ അവർ വാങ്ങാൻ കൂട്ടാക്കില്ലെന്നാണ് സ്വർണ വ്യാപാരികൾ പറയുന്നത്. അക്ഷയതൃതീയ ദിനമായതിനാൽ മാത്രമാണ് കഴിഞ്ഞ ഏപ്രിൽ 30 ന് ഗ്രാമിന് 369 ദിർഹത്തിന് സ്വർണം വാങ്ങാൻ ആളുകൾ തയ്യാറായതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
ഇനിയും സ്വർണ വില കുറയുമോ?
വരും ദിവസങ്ങളിൽ സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുമോയെന്നാണ് ഇനി ആളുകൾക്ക് അറിയേണ്ടത്. ഗ്രാമിന് 360 വരെ വില കുറഞ്ഞേക്കുമെന്നും അത്തരത്തിലൊരു വിലക്കിഴവിനുള്ള സാഹചര്യമാണ് നിലവിൽ നിലനിൽക്കുന്നതെന്നും വ്യാപാരികളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷെ 355 ദിർഹത്തിലേക്ക് വില വീഴാനുള്ള സാധ്യതയും വ്യാപാരികളിൽ ചിലർ പ്രവചിക്കുന്നുണ്ട്. അതേസമയം 350 ദിർഹത്തിന് താഴേക്ക് വില കുറയാനുള്ള സാധ്യത കുറവാണെന്നും ഇവർ ചൂണ്ടിക്കാട്ടി ( ഏപ്രിൽ 10 നാണ് രാജ്യത്ത് വില 351.25 ദിർഹം രേഖപ്പെടുത്തിയത്).
അതേസമയം വില കുറഞ്ഞതോടെ ദുബായിൽ എത്തുന്ന സഞ്ചാരികൾ കൂടുതലായി സ്വർണം വാങ്ങുന്നുണ്ടത്രേ. ഗോൾഡ് സൂക്കിലും ജ്വല്ലറികളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ' സഞ്ചാരികൾ ഇവിടെ നിന്ന് കൂടുതലായി വാങ്ങുന്നത് പുതിയ സ്വർണം തന്നെയാണ്. 10 പേർ വാങ്ങുന്നുണ്ടെങ്കിൽ രണ്ട് പേർ മാത്രമേ സ്വർണം പഴയത് കൊടുത്ത് പുതിയത് വാങ്ങാറുള്ളൂ. ആ ഒരു ട്രെന്റ് തന്നെയാണ് ഇപ്പോഴും തുടരന്നതെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം യുഎഇ നിവാസികൾ കാത്തിരിപ്പിൽ തന്നെയാണ്. വില കുറയാതെ സ്വർണം വാങ്ങാൻ ഇല്ലെന്നാണ് പലരുടേയും നിലപാട്.
രാജ്യാന്തര വിപണയിൽ ഇനിയും വില കുറയും, പക്ഷെ ഇത് സംഭവിക്കണം
യു എസ്-ചൈന വ്യാപാര ചർച്ചകളിലേക്കാണ് ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത്. യുകെയുമായി കരാര്‍ ഉണ്ടാക്കിയത് വിപണിയിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ചൈന-യുഎസ് കരാർ കൂടി യാഥാർത്ഥ്യമാകുന്നതോടെ സ്വർണ വില വീണ്ടും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇന്ത്യൻ രൂപയുടെ കനത്ത വീഴ്ച തുടർന്നാലും കേരളത്തിൽ വിലയിൽ യാതൊരു കുറവും ഉണ്ടാക്കിയേക്കില്ല.












Click it and Unblock the Notifications