ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം
ദുബായ്: ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) ഇറക്കുമതിയില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയുടെ എല്‍എന്‍ജി ഇറക്കുമതി നന്നേ കുറഞ്ഞു. ഇതില്‍ വലിയ തിരിച്ചടി നേരിടുന്നത് ഖത്തര്‍ ആണ്. ഒരുവേള ആവശ്യമുള്ളതിന്റെ 40 ശതമാനം എല്‍എന്‍ജി ഇന്ത്യ ഇറക്കുമതി ചെയ്തത് ഖത്തറില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ 3.6 ശതമാനമായി ചുരുങ്ങി.
മാര്‍ച്ചില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 1.68 മില്യണ്‍ ടണ്‍ എല്‍എന്‍ജിയാണ്. മുമ്പ് ഇറക്കുമതി ചെയ്തതിനേക്കാള്‍ 12.5 ശതമാനം കുറവാണിത്. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പേ ഇന്ത്യ എല്‍എന്‍ജി ഇറക്കുമതി കുറച്ചിരുന്നു. ജനുവരിയില്‍ 2.57 മില്യണ്‍ ടണ്‍ ആണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഫെബ്രുവരിയില്‍ 1.92 മില്യണ്‍ ടണ്‍ ആയി കുറഞ്ഞു.

ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതോടെ എല്‍എന്‍ജി ഇറക്കുമതി വീണ്ടും കുറഞ്ഞു. ഹോര്‍മുസ് പാത അടച്ചത് എല്‍എന്‍ജി ഇറക്കുമതി വെട്ടിച്ചുരുക്കാന്‍ ഒരു കാരണമാണ്. എന്നാല്‍ പകരം എല്‍എന്‍ജി കണ്ടെത്തേണ്ട വെല്ലുവിളിയുമുണ്ടായി. ജനുവരി-ഫെബ്രുവരി മാസത്തിലെ എല്‍എന്‍ജി ഇറക്കുമതിയില്‍ മൊത്തം 34 ശതമാനമാണ് കുറഞ്ഞത്.
ഖത്തറില്‍ നിന്നുള്ള ഇറക്കുമതി കുറച്ചപ്പോള്‍ മറ്റുചില രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂട്ടേണ്ടി വന്നു. ഫെബ്രുവരിയില്‍ ഖത്തറില്‍ നിന്ന് 0.76 മില്യണ്‍ ടണ്‍ എല്‍എന്‍ജിയാണ് ഇന്ത്യ ഇറക്കിയത്. മാര്‍ച്ചില്‍ ഇത് 0.06 മില്യണ്‍ ടണ്‍ ആയി കുറഞ്ഞു. പകരം ഒമാനില്‍ നിന്നുള്ള വാതക ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു. മാര്‍ച്ചില്‍ 0.53 മില്യണ്‍ ടണ്‍ വാതകം ഒമാനില്‍ നിന്നു ഇറക്കുമതി ചെയ്തു. ഇന്ത്യ മൊത്തം വാങ്ങിയതിന്റെ 31 ശതമാനം വരുമിത്.
നേട്ടം കൊയ്തവരില്‍ അമേരിക്കയും നൈജീരിയയും
ഒമാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ വാതകം ഇന്ത്യ ഇറക്കിയത് അമേരിക്കയില്‍ നിന്നാണ്. 0.34 മില്യണ്‍ ടണ്‍ വാതകമാണ് അമേരിക്കയില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യ വാങ്ങിയത്. നൈജീരിയയില്‍ നിന്ന് 0.33 മില്യണ്‍ ടണ്‍, അംഗോളയില്‍ നിന്ന് 0.21 മില്യണ്‍ ടണ്‍, മൊസാംബികില്‍ നിന്ന് 0.08 മില്യണ്‍ ടണ്‍ എന്നിങ്ങനെ എല്‍എന്‍ജി ഇറക്കുമതി ഇന്ത്യ വൈവിധ്യവല്‍ക്കരിക്കുകയാണ് മാര്‍ച്ചില്‍ ചെയ്തത്.
ഖത്തറിന്റെ പ്രധാന വാതക മേഖല ഇറാന്‍ ആക്രമിച്ചിരുന്നു. ഇതോടെ ഖത്തര്‍ എനര്‍ജി ഉല്‍പ്പാദനം നിര്‍ത്തി. വാതക വില കുത്തനെ ഉയരാന്‍ ഇത് കാരണായി. തുടര്‍ന്നാണ് ഇന്ത്യ ആഫ്രിക്കയിലേയും അമേരിക്കയിലേയും രാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. ഖത്തറില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ചെലവ് ഈ മേഖലയില്‍ നിന്നു വാങ്ങുമ്പോഴുണ്ടാകും.
വ്യാപാര കാര്യത്തില്‍ യുദ്ധം ഒമാന് അനുഗ്രഹമായിട്ടുണ്ട്. ഹോര്‍മുസ് തൊടാതെ കയറ്റുമതിയും ഇറക്കുമതിയും സാധിക്കുന്ന ഏക ജിസിസി രാജ്യം ഒമാനാണ്. അതുകൊണ്ടുതന്നെ ഇറാന്‍ ഹോര്‍മുസ് പാത അടയ്ക്കുന്നത് ഒമാനെ ബാധിക്കില്ല. അവരുടെ വ്യാപാരം യഥേഷ്ടം നടക്കുന്നുണ്ട്. ഈ അവസരം മുതലെടുക്കാനാണ് മാര്‍ച്ച് മാസത്തില്‍ ഇന്ത്യ ഒമാനില്‍ നിന്ന് കൂടുതല്‍ വാതകം ഇറക്കുമതി ചെയ്തത്.












Click it and Unblock the Notifications