സൗദി അറേബ്യയാകാന്‍ തല്‍ക്കാലം കുവൈത്തില്ല: ക്രൂഡ് ഓയിലില്‍ പുതിയ തീരുമാനം: ഇന്ത്യക്കും തിരിച്ചടി
ഗള്‍ഫ് മേഖലയില്‍ നിന്നും സൗദി അറേബ്യയും യു എ ഇയും കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് കുവൈത്ത്. പരമ്പരാഗതമായി തന്നെ ഇന്ത്യക്കും കുവൈത്തിനും ഇടയില്‍ ക്രൂഡ് ഓയില്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നു. എന്നാല്‍ അടുത്തിടെ കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
കുവൈത്തില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ ഇടിവ് ഏകദേശം 38 ശതമാനത്തോളമാണെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഈ കുറവ് വരും മാസങ്ങളിലും തുടർന്നേക്കാവുന്നതിന് കാരണമായ ഒരു തീരുമാനം കുവൈത്ത് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

കുവൈത്ത് തങ്ങളുടെ ക്രൂഡ് ഓയില്‍ വില്‍പ്പന വില വർധിപ്പിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. ക്രൂഡ് ഓയിലിന് ബാരലിന് 81 സെന്റിന്റെ വർധനവാണ് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെ പി സി) വരുത്തിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസത്തെ നിരക്കായ 75.06 നിന്നും ബാരല്‍ വില 75.87 ഡോളറായി ഉയർന്നു. ആഗോള വിപണികളിൽ, ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 51 സെന്റ് കുറഞ്ഞ് 70.56 ഡോളറിലെത്തിയപ്പോഴാണ് കുവൈത്തിന്റെ ഈ വർധനവ്.
കുവൈത്തിന്റെ അയല്‍രാഷ്ട്രവും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരുമായ സൗദി അറേബ്യ ക്രൂഡ് ഓയിലിന്റെ വില്‍പ്പന വില അടുത്തിടെ കുറച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വർധിപ്പിച്ചതിന് ശേഷമായിരുന്നു സൗദി അരാംകോ വിലക്കുറവ് പ്രഖ്യാപിച്ചത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് അറബ് ലൈറ്റ് ക്രൂഡിന്റെ ഏപ്രിൽ മാസത്തെ ഔദ്യോഗിക വിൽപ്പന വിലയില്‍ (OSP) ഒമാൻ, ദുബായ് വിലകളുടെ ശരാശരിയേക്കാൾ 40 സെന്റിന്റെ കുറവാണ് വരുത്തിയത്.
സൗദി അറേബ്യ ക്രൂഡ് ഓയിലിന്റെ വില വർദ്ധിപ്പിച്ചത് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ സാരമായ രീതിയില്‍ തന്നെ ബാധിച്ചിരുന്നു. കണക്കുകള്‍ പ്രകാരം ഡിസംബറില്‍ സൗദിയുടെ വിഹതത്തിലുണ്ടായത് 43.1 ശതമാനത്തിന്റെ ഇടിവാണ്. ഈ സമയത്ത് ഇറാഖ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ക്രൂഡ് ഇറക്കുമതി കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.
അതേസമയം, 2040 ആകുമ്പോഴേക്കും ആഭ്യന്തര എണ്ണ ഉൽപാദന ശേഷി 33% ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ മുന്നോട്ട് പോകുന്നത്. 2005 മുതൽ കെപിസിയും അതിന്റെ അനുബന്ധ സ്ഥാപനമായ കുവൈറ്റ് ഓയിൽ കമ്പനിയും (കെഒസി) എണ്ണപ്പാടങ്ങലിലെ ഫ്ലേറിംഗ് 17% ൽ നിന്ന് വെറും 0.5% ആയി കുറച്ചിട്ടുണ്ട്. ഇത് ഉത്പാദനത്തിലെ വർധനവിന് കാരണമാകുമെന്നും കെ പി സി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അൽ-ജലൈയാ ഓഫ്‌ഷോർ ഫീൽഡിൽ ഏകദേശം 800 ദശലക്ഷം ബാരൽ ഇടത്തരം സാന്ദ്രതയുള്ള എണ്ണയും 600 ബില്യൺ എസ് എഫ് എഫ് അനുബന്ധ വാതകവും കെ ഒസി കണ്ടെത്തിയതായി ജനുവരിയില്‍ കുവൈറ്റിന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ 2024 ജുലൈയില്‍ അൽ-നോഖത ഫീൽഡിൽ ഏകദേശം 3.2 ബില്യൺ ബി ഒ ഇ കരുതൽ ശേഖരം കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
പുതിയ എണ്ണ ശേഖരത്തിന്റെ കണ്ടെത്തലോടെ 33% ഉൽപാദന വർദ്ധനവ് ലക്ഷ്യം കൈവരിക്കുക എന്നത് കുവൈറ്റിനെ സബന്ധിച്ച് വലിയ ബുദ്ധിമുട്ടില്ലാതെ സാധ്യമായിരിക്കും. പ്രതിദിനം 4 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദനം എന്നതാണ് കുവൈത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.












Click it and Unblock the Notifications