Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ഭരണകൂടത്തില്‍ പുതിയ മാറ്റം; പതിവ് തെറ്റി കിരീടവകാശി, ആരാണ് ശൈഖ് സബാഹ്?

കുവൈത്ത് സിറ്റി: ജിസിസി രാജ്യമായ കുവൈത്തിന് പുതിയ കിരീടവകാശി. ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് ആണ് കിരീടവകാശി. മുന്‍ പ്രധാനമന്ത്രിയായ ഇദ്ദേഹത്തെ കുവൈത്തിന്റെ പുതിയ കിരീടവകാശിയായി അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആണ് നിയമിച്ചത്. രാജ്യത്ത് തുടര്‍ന്ന് വരുന്ന പതിവ് രീതികളില്‍ നിന്ന് അല്‍പ്പം മാറ്റം വരുത്തിയാണ് പുതിയ നിയമനം.

അല്‍ മുബാറക് പരമ്പരയിലെ അല്‍ ഹമദ് വിഭാഗത്തില്‍ നിന്ന് കിരീടവകാശിയാകുന്ന ആദ്യ വ്യക്തിയാണ് ശൈഖ് സബാഹ് അല്‍ ഖാലിദ്. സാധാരണ അല്‍ ജാബിര്‍, അല്‍ സലീം വിഭാഗത്തില്‍ നിന്നുള്ളവരെയാണ് കിരീടവകാശിയായി നിയമിക്കുക. മാത്രമല്ല, ഇതുവരെ കുവൈത്തിന്റെ അമീര്‍ ആയിട്ടില്ലാത്ത വ്യക്തിയുടെ മകന്‍ കൂടിയാണ് ശൈഖ് സബാഹ് അല്‍ ഖാലിദ്. എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഒരു മാറ്റം എന്നറിയുമോ?

kuwait-new-crown-prince

71കാരനായ ശൈഖ് സബാഹ് അല്‍ ഖാലിദിന് ഭരണകാര്യങ്ങളില്‍ ഏറെ കാലത്തെ പരിചയ സമ്പത്തുണ്ട് എന്നതുതന്നെയാണ് പ്രധാന കാരണം. 2019 മുതല്‍ 2022 വരെ കുവൈത്തിന്റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. കുവൈത്തില്‍ പാര്‍ലമെന്റും സര്‍ക്കാരും തമ്മില്‍ വലിയ തര്‍ക്കം നിലനിന്നിരുന്ന കാലമായിരുന്നു അത്. പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാനിരിക്കെ അദ്ദേഹം പദവി രാജിവയ്ക്കുകയായിരുന്നു.

വിദേശ സര്‍വീസിലും ശൈഖ് സബാഹ് അല്‍ ഖാലിദിന് ഏറെ കാലത്തെ പരിചയമുണ്ട്. 2011 മുതല്‍ 2019 വരെ കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. 1995 മുതല്‍ 1998 വരെ സൗദിയിലെ അംബാസഡറായിരുന്നു. 1998 മുതല്‍ 2006 വരെ കുവൈത്ത് ദേശീയ സുരക്ഷാ മേധാവിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ ശൈഖ് സബാഹ് അല്‍ ഖാലിദിന്റെ പരിചയ സമ്പത്ത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ജിസിസിയിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണ സംവിധാനമാണ് കുവൈത്തിലുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്ന പാര്‍ലമെന്റും അമീര്‍ നിയോഗിക്കുന്ന സര്‍ക്കാരുമാണ് ഭരണകാര്യങ്ങള്‍ നോക്കുന്നത്. എല്ലാത്തിനും മുകളിലാണ് അമീര്‍. സര്‍ക്കാരിന്റെ നയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാകേണ്ടതുണ്ട്. പക്ഷേ, പാര്‍ലമെന്റില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എംംപിമാക്കാണ് മേല്‍ക്കൈ. ഇതാണ് ഭരണ സ്തംഭനത്തിന് ഇടയാക്കിയത്.

കഴിഞ്ഞ മാസം അമീര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. ഭരണഘടനയുടെ ചില ആര്‍ട്ടിക്കിളുകള്‍ 4 വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്തു. സുഗമമായ ഭരണം സാധ്യമാകാത്ത സാഹചര്യത്തിലായിരുന്നു അമീറിന്റെ നടപടി. നിലവില്‍ പാര്‍ലമെന്റ് ഇല്ലാത്തതിനാല്‍ കിരീടവകാശിയുടെ നിയമനത്തിന് പാര്‍ലമെന്റിന്റെ അനുമതി വാങ്ങേണ്ടതില്ല. മന്ത്രിമാര്‍ അഴിമതിക്കാരാണ് എന്നാണ് എംപിമാര്‍ ആരോപിച്ചിരുന്നത്. എംപിമാര്‍ വികസനം മുടക്കുകയാണെന്ന് മന്ത്രിമാരും കുറ്റപ്പെടുത്തിയിരുന്നു.

2020 ഡിസംബറിന് ശേഷം നാല് പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് കുവൈത്തില്‍ നടന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന നാലാം തിരഞ്ഞെടുപ്പിലും പ്രതിപക്ഷ അംഗങ്ങള്‍ക്കായിരുന്നു മേല്‍ക്കൈ. ശൈഖ് സബാഹ് അല്‍ ഖാലിദ് കിരീടവകാശിയായി എത്തുന്നതോടെ അതിവേഗമുള്ള മാറ്റങ്ങള്‍ കുവൈത്തില്‍ പ്രതീക്ഷിക്കുന്നു. പുതിയ നിയമന ഉത്തരവ് മന്ത്രിസഭയെ അറിയിക്കാന്‍ അമീര്‍ നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+