കുവൈത്ത് നിര്‍ണായക തീരുമാനം എടുത്തു; ഇന്ത്യക്കാര്‍ക്ക് പരോക്ഷ തിരിച്ചടി, പാകിസ്താന് നേട്ടം
കുവൈത്ത് സിറ്റി: നിരവധി മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യമാണ് കുവൈത്ത്. വിദേശികളുടെ എണ്ണം കുറയ്ക്കണം എന്ന് ഏറെ കാലമായി സ്വദേശികളില്‍ ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്ന രാജ്യം കൂടിയാണിത്. അടുത്ത കാലത്തായി ഓരോ മേഖലയിലും സ്വദേശികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കുവൈത്ത് ഭരണകൂടം ശ്രമിക്കുന്നുണ്ട്.
അതിനിടെയാണ് കുവൈത്ത് നിര്‍ണായകമായ തീരുമാനം എടുത്തത്. പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള വിസ നിരോധനം നീക്കിയിരിക്കുകയാണ് കുവൈത്ത്. കഴിഞ്ഞ 19 വര്‍ഷമായി തുടരുന്ന വിസാ നിരോധനമാണ് നീക്കിയത്. സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്താന്‍, അഫ്ഗാനിസ്താന്‍, സിറിയ എന്നീ രാജ്യക്കാര്‍ക്കുള്ള വിസ നിരോധിച്ചിരുന്നത്.

വിസ നിരോധനം നീക്കിയതോടെ പാകിസ്താന്‍ പൗരന്‍മാര്‍ക്ക് കുവൈത്തിലെ ജോലിക്ക് വേണ്ടി അപേക്ഷിക്കാനുള്ള തടസങ്ങള്‍ നീങ്ങി. മികച്ച യോഗ്യതയുള്ള ജോലിക്കാരെ കുവൈത്ത് തേടുന്നുണ്ട്. ഈ വേളയില്‍ കൂടിയാണ് പാകിസ്താന് ഇളവ് നല്‍കിയിരിക്കുന്നത്. പാകിസ്താനില്‍ നിന്നുള്ള പ്രഫഷണലുകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
1200 നഴ്‌സുമാര്‍ എത്തും, നടപടി തുടങ്ങി
പാകിസ്താന്‍കാര്‍ ആരോഗ്യം, എണ്ണ എന്നീ മേഖലകളിലേക്ക് കൂടുതലായി ജോലിക്ക് എത്തിയേക്കുമെന്നാണ് വിവരം. ആദ്യഘട്ടമായി 1200 നഴ്‌സുമാരെ പാകിസ്താനില്‍ നിന്നു ജോലിക്ക് എടുക്കാന്‍ നടപടികള്‍ തുടങ്ങി. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരോക്ഷമായി തിരിച്ചടിയാണ്. കാരണം, കുവൈത്തിലെ ആരോഗ്യ സേവന രംഗത്ത് നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. പാകിസ്താന്‍കാര്‍ കൂടുതല്‍ എത്തിയാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവസരം കുറയുക സ്വാഭാവികം.
പാകിസ്താന്‍കാര്‍ക്കുള്ള എല്ലാ വിസയും കുവൈത്ത് പുനഃസ്ഥാപിച്ചിട്ടുണ്ട്. ജോലി, കുടുംബ വിസ, ടൂറിസ്റ്റ് വിസ, ബിസിനസ് വിസ എന്നിവയ്ക്ക് വേണ്ടിയെല്ലാം ഇനി പാകിസ്താന്‍ക്കാര്‍ക്ക് അപേക്ഷിക്കാം. ഈ അവസരം പാകിസ്താനിലുള്ള പ്രഫഷനലുകള്‍ മുതലെടുക്കുമെന്നാണ് പ്രതീക്ഷ. പാകിസ്താനുമായി സാമ്പത്തിക, വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് കുവൈത്തിന്റെ പുതിയ തീരുമാനം. കുവൈത്തിന്റെ നടപടിയെ പാക് അംബാസഡര്‍ സഫാര്‍ ഇഖ്ബാല്‍ സ്വാഗതം ചെയ്തു.
പാകിസ്താനും കുവൈത്തും തമ്മില്‍ വ്യാപാരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് വേണ്ടി പ്രത്യേക സമിതി പാകിസ്താന്‍ രൂപീകരിക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യയുമായും അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന രാജ്യമാണ് കുവൈത്ത്. പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംപിമാരുടെ സംഘം കുവൈത്ത് സന്ദര്‍ശിച്ചിരുന്നു. പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ കുവൈത്ത് ഭരണകൂടവുമായി ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കുവച്ചു. പാകിസ്താനെ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തണം എന്ന് അസദുദ്ദീന്‍ ഉവൈസി കുവൈത്തില്‍ വച്ച് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications