ലുലു അബുദാബിയില്‍ വന്‍ പദ്ധതി ആരംഭിച്ചു: ഇങ്ങോട്ട് വരേണ്ട, ഞങ്ങള്‍ അങ്ങോട്ട് വരുമെന്ന് എംഎ യൂസഫലി
ഗള്‍ഫ് മേഖലയില്‍ ഇതിനോടകം തന്നെ തങ്ങളുടെ ആധിപത്വം ഉറപ്പിച്ച വ്യവസായ ഗ്രൂപ്പാണ് മലയാളികളുടെ അഭിമാനമായ ലുലു. ഗള്‍ഫ് മേഖലയില്‍ ആരംഭിച്ച ഹൈപ്പർമാർക്കറ്റ് ശൃംഖല ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളില്‍ സജീവമാണ്. ഇന്ത്യയിലെ കാര്യം എടുത്ത് നോക്കുകയാണെങ്കില്‍ കേരളത്തിന് പുറമെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിലയുറപ്പിക്കാനാണ് ലുലു ഗ്രൂപ്പ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ മാത്രമല്ല യുഎഇയിലും തങ്ങളുടെ വ്യവസായം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ബിസിനിസ് വിപുലീകരണത്തിന്റെ ഭാഗമായി അബുദാബിയുടെ സബർബൻ പ്രദേശങ്ങളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലുലു ഗ്രൂപ്പിന്റെ നീക്കം.

"അബുദാബി സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കുക എന്നതാണ് ഞങ്ങളുടെ ആശയം. അവിടെയുള്ള താമസക്കാർ നഗരത്തിലെ ഞങ്ങളുടെ സ്റ്റോറുകളിലേക്ക് ദീർഘദൂരം സഞ്ചരിച്ച് എത്താന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണം," ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അബുദാബി നഗരത്തിൽ നിന്ന് 40 കിലോമീറ്ററിലധികം അകലെയുള്ള ഷവാമേഖ് സെൻട്രൽ മാളിൽ 85,000 ചതുരശ്ര അടിയിൽ ഒരു ഹൈപ്പർമാർക്കറ്റ് അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. വത്ബ മുനിസിപ്പാലിറ്റി സെൻ്റർ ഡയറക്ടർ ഹുമൈദ് അൽ മർസൂഖിയാണ് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഈ ഒന്നില്‍ നിർത്തില്ലെന്ന് മാത്രമല്ല
അബുദാബിയിലെ പ്രാന്തപ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഗ്രൂപ്പ് ആറ് മുതൽ ഏഴ് വരെ ഹൈപ്പർമാർക്കറ്റുകൾ തുറക്കുമെന്നും യൂസഫ് അലി കൂട്ടിച്ചേർത്തു. "അബുദാബി സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിൽ ഞങ്ങൾ ഞങ്ങളുടെ പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് അബുദാബി സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിൽ ഞങ്ങളുടെ പുതിയ ഹൈപ്പർമാർക്കറ്റുകൾ തുറക്കുന്നതിൽ ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്." യൂസഫ് അലി പറഞ്ഞു.
ഷവാമേഖിലെ പുതിയ ഹൈപ്പർമാർക്കറ്റിൽ പുത്തൻ ഭക്ഷ്യ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ബേക്കറി ഇനങ്ങൾ എന്നിവ നിറഞ്ഞിരിക്കുന്നു, കൂടാതെ മണി എക്‌സ്‌ചേഞ്ച്, എടിഎം, എഫ് ആന്‍ഡ് ബി ഔട്ട്‌ലെറ്റുകൾ, ഫാർമസി, ജ്വല്ലറി ഷോപ്പ്, മറ്റ് സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഭാവിയിൽ നഗരപ്രാന്തങ്ങളിൽ തുറക്കുന്ന ഹൈപ്പർമാർക്കറ്റുകളും സമാനമായ ആശയം പിന്തുടരുമെന്നും യൂസഫലി ചൂണ്ടിക്കാട്ടി.
ബനിയാസ്, അൽ ഷഹാമ, പടിഞ്ഞാറൻ പ്രദേശങ്ങൾ, അൽ ഐനിൻ്റെ മറ്റ് ഭാഗങ്ങൾ എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. വരും വർഷങ്ങളിൽ യു എ ഇയിൽ ഉടനീളം പുതിയ ഹൈപ്പർമാർക്കറ്റുകൾ തുറക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പെന്നും യൂസഫലി പറഞ്ഞു. ഞങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുക എന്നതിന് അർത്ഥം കൂടുതല്‍ തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കുക എന്നുള്ളതാണെന്നും യൂസഫലി കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങള്‍ക്ക് പുറമെ കോഴിക്കോടും കോട്ടയത്തും പുതിയ മാള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. ഹൈപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് പുറമെ കേരളത്തില്‍ ഐടി മേഖലയിലേക്കും ലുലു ഗ്രൂപ്പ് ചുവട് വെക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
കൊച്ചിയിലെ സ്മാർട്ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് പണിയുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി ഇരട്ട ടവറിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അവസാന ഘട്ട പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. 15000 കോടിയുടെ വമ്പന്‍ പദ്ധതിയാണ് ലുലുവിന്റെ ഐടി ടവർ. 153 മീറ്റർ ഉയരത്തിലുള്ള ഈ കെട്ടിടത്തിന് കേരളത്തിന്റെ ഐടി മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കമ്പനികളുമായി എഗ്രിമെന്റിലേർപ്പെട്ട് കഴിഞ്ഞാല്‍ ബാക്കി സൗകര്യങ്ങള്‍ അവരുടെ കൂടെ താല്‍പര്യം അനുസരിച്ച് ചെയ്തു കൊടുക്കും. ഇരട്ട ടവറുകള്‍ക്ക് ആകെ 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ടെങ്കിലും 25.5 ലക്ഷം ചതുരശ്ര അടിയായിരിക്കും ലീസിന് നല്‍കുക. മൂന്ന് ലെവല്‍ കാർ പാർക്കിങില്‍ ഒരേ സമയം 4250 ലേറെ കാറുകള്‍ക്ക് പാർക്ക് ചെയ്യാന്‍ സാധിക്കും. ഇതിലെ 3000 കാറുകള്‍ക്ക് റോബോട്ട് കാര്‍പാര്‍ക്കിംഗ് സൗകര്യവും ലഭിക്കും.












Click it and Unblock the Notifications