ഒമാന്‍ സുല്‍ത്താന്റെ പത്‌നി; ആരാണ് സയ്യിദ അഹദ്? 4 മക്കളുടെ മാതാവായ പ്രഥമ വനിത
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനം മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ചര്‍ച്ചയാകുന്നവരില്‍ ഒമാന്റെ പ്രഥമ വനിത സയ്യിദ അഹദും. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ പത്‌നി. നാല് മക്കളുടെ മാതാവായ ഇവര്‍ സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമാണ്. സാമൂഹിക സേവനം നടത്തുക എന്ന ലക്ഷ്യത്തോടെ ഒരു സംഘടനയും അവര്‍ രൂപീകരിച്ചിട്ടുണ്ട്.
50 വര്‍ഷത്തിന് ശേഷമാണ് പ്രഥമ വനിത എന്ന പദവി ഒമാനില്‍ വരുന്നത്. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന് പത്‌നിമാരുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് 2020 ജനുവരിയിലാണ് സുല്‍ത്താന്‍ ഹൈതം ചുമതലയേറ്റത്. സയ്യിദ അഹദ് ബിന്‍ത് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ബൂസൈദിയ എന്നാണ് പ്രഥമ വനിതയുടെ മുഴുവന്‍ പേര്.

1969 ഏപ്രില്‍ 4ന് മസ്‌ക്കത്തിലാണ് സയ്യിദ അഹദ് ജനിച്ചത്. മുസന്തമിന്റെ ഗവര്‍ണര്‍ പദവി ഉള്‍പ്പെടെ വഹിച്ച പ്രമുഖനായ വ്യക്തിയായിരുന്നു അവരുടെ പിതാവ് സയ്യിദ് അബ്ദുല്ല. ഒമാനിലും വിദേശത്തുമായിട്ടാണ് സയ്യിദ അഹദിന്റെ വിദ്യാഭ്യാസം. സോഷ്യോളജിയില്‍ ബിരുദം നേടിയ അവര്‍ 1989ലാണ് ഹൈതം ബിന്‍ താരിഖിനെ വിവാഹം ചെയ്തത്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്.
സയ്യിദ അഹദിന്റെ പ്രവര്‍ത്തനങ്ങള്‍
പ്രഥമ വനിത എന്ന നിലയില്‍ സയ്യിദ അഹദും പൊതുരംഗത്ത് സജീവമാണ്. വിദേശ പ്രതിനിധികളെ സ്വീകരിക്കുന്നതിനും ഭക്ഷണം ഒരുക്കുന്നതിനുമെല്ലാം സയ്യിദ അഹദ് സജീവമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്താഴം ഒരുക്കാന്‍ അവരുണ്ടാകുമെന്നാണ് പ്രതീക്ഷ. 2021ലാണ് സയ്യിദ അഹദ് സാമൂഹിക സേവന പ്രവര്‍ത്തനത്തിന് അഹദ് ഫൗണ്ടേഷന്‍ എന്ന സംഘടന രൂപീകരിച്ചത്. സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെയാണ് സംഘടനയുടെ ലക്ഷ്യം.
പ്രകൃതി ദുരന്തം മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനും അഹദ് ഫൗണ്ടേഷന്‍ സജീവമാണ്. പാവപ്പെട്ടവരെ സഹായിക്കുക, അംഗപരിമതര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുക, ചികില്‍സാ സഹായം എന്നിവയും സംഘടന ചെയ്യുന്നുണ്ട്. 2020ലെ ഒമാന്‍ വനിതാ ദിനത്തിലാണ് സയ്യിദ അഹദ് ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
സുല്‍ത്താന്‍ ഖാബൂസ് വിവാഹിതനായിരുന്നില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി ഒമാന് ഇതുവരെ പ്രഥമ വനിതയുണ്ടായിരുന്നില്ല. 2020ല്‍ ഈ പദവിയില്‍ എത്തിയ സയ്യിദ അഹദ് സേവന തല്‍പ്പരയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനമാണ് ഇവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വീണ്ടും നിറയാന്‍ ഇടയാക്കിയത്.
നരേന്ദ്ര മോദി മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്നാണ് പുറപ്പെട്ടത്. ആദ്യം ജോര്‍ദാനും പിന്നീട് എത്യോപ്യയുമാണ് മോദി സന്ദര്‍ശിക്കുക. 17ന് വൈകീട്ടാണ് അദ്ദേഹം ഒമാനിലെത്തുക. ഒമാനും ഇന്ത്യയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിടുമെന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്. ഇരുരാജ്യങ്ങളും സ്വതന്ത്ര്യ വ്യാപാര കരാര്‍ ചര്‍ച്ച അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.












Click it and Unblock the Notifications