Get Updates
Get notified of breaking news, exclusive insights, and must-see stories!

തുറമുഖം യുഎഇക്ക്, വിമാനത്താവളം ഖത്തറിന്... പാകിസ്താന്‍ 'തൂക്കി വില്‍ക്കുന്നു'

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍ തങ്ങളുടെ ആസ്തികള്‍ വിദേശ കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കും വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി സുപ്രധാന കരാറുണ്ടാക്കിയെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നുമാണ് വിവരം. 8000 കോടി ഡോളര്‍ കടം വീട്ടാന്‍ വേണ്ടിയാണ് പാകിസ്താന്‍ കൈവിട്ട കളിക്ക് ധൈര്യപ്പെടുന്നതത്രെ.

പാകിസ്താനിലെ തന്ത്രപ്രധാനമായ തുറമുഖമാണ് കറാച്ചിയിലേത്. രാജ്യത്തിന്റെ വ്യാപാര-പ്രതിരോധ ആവശ്യങ്ങളില്‍ കറാച്ചി തുറമുഖം വഹിക്കുന്ന പങ്ക് ചെറുതല്ല. ഇവിടെയുള്ള ചില ടെര്‍മിനലുകള്‍ 25 വര്‍ഷത്തേക്ക് യുഎഇക്ക് പാട്ടത്തിന് നല്‍കിയത് കഴിഞ്ഞ മാസമാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച കൂടുതല്‍ ഭാഗങ്ങള്‍ യുഎഇക്ക് നല്‍കുന്ന ചര്‍ച്ചകള്‍ നടന്നെങ്കിലും കരാറിലെത്തിയില്ല.

uae-qatar-pakistan

പുതിയ കരാര്‍ നിലവില്‍ വന്നാല്‍ കറാച്ചി തുറമുഖത്തിന്റെ 85 ശതമാനവും യുഎഇയുടെ കൈവശമാകും. അബുദാബി പോര്‍ട്ട് ഗ്രൂപ്പിനാണ് 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നത്. കഴിഞ്ഞ മാസം ഒപ്പുവച്ച കരാര്‍ പ്രകാരം ഇവിടെയുള്ള അടിസ്ഥാന സൗകര്യ വിപുലീകരണം യുഎഇ നടത്തും. പാകിസ്താന്‍ സര്‍ക്കാരിന് അഞ്ച് കോടി ഡോളര്‍ കിട്ടും. കൂടാതെ ഒരു കണ്ടെയ്‌നറിന് 18 ഡോളര്‍ വീതവും ലഭിക്കും.

അതേസമയം, വേണ്ടത്ര ചര്‍ച്ചയോ കൂടിയാലോചനകളോ ഇല്ലാതെ കരാര്‍ ഒപ്പുവയ്ക്കുകയാണ് പാകിസ്താന്‍ സര്‍ക്കാര്‍ ചെയ്യുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളുടെ നിയന്ത്രണം മറ്റു രാജ്യങ്ങളുടെ കൈകളിലെത്തുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് സാമ്പത്തിക വിദഗ്ധന്‍ ഷഹ്ബാസ് റാണ മാധ്യമങ്ങളുമായി പങ്കുവച്ചത്.

കുറഞ്ഞ തുകയ്ക്കാണ് കരാറിലെത്തുന്നത്. വില പേശി കൂടുതല്‍ തുക നേടണമായിരുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിന് സഹായം ലഭിക്കാന്‍ യുഎഇയെ പ്രീതിപ്പെടുത്തുക മാത്രമാണ് പാകിസ്താന്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും റാണ പറയുന്നു. കറാച്ചി തുറമുഖം കൈമാറുന്നതിന്റെ ഭാഗമായി ഒമ്പത് മാസങ്ങള്‍ക്ക് മുമ്പുതന്നെ കറാച്ചി തുറമുഖത്തെ ചരക്ക് കടത്ത് സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നുവത്രെ.

ജിസിസി രാജ്യങ്ങളില്‍ പാകിസ്താനുമായി വലിയ വ്യാപാര ബന്ധമുള്ളത് യുഎഇക്കാണ്. യുഎഇയെ പിണക്കാതെ മുന്നോട്ട് പോകുക എന്ന നിലപാടാണ് പാകിസ്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാകിസ്താനിലെ ടെലികോം കമ്പനിയായ പിടിസിഎല്ലിന്റെ വലിയൊരു ഭാഗം ഇപ്പോള്‍ യുഎഇയുടെ ഇത്തിസലാത്തിന്റെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പാകിസ്താനിലെ രണ്ടാമത്തെ മൊബൈല്‍ ഓപറേറ്ററായ ടെലിനോര്‍ വാങ്ങാനും ഇത്തിസലാത്ത് ചര്‍ച്ച തുടങ്ങി എന്നാണ് വാര്‍ത്ത. പിടിസിഎല്ലിന്റെ 25 ശമതാനം ഓഹരി 2015ലാണ് ഇത്തിസലാത്ത് സ്വന്തമാക്കിയത്. ഇതുപ്രകാരം 80 കോടി ഡോളര്‍ പാകിസ്താന് ലഭിക്കാനുണ്ട്. അതിനിടെയാണ് ടെലിനോര്‍ വില്‍ക്കുന്ന കരാറിന് പാകിസ്താന്‍ ഒരുങ്ങുന്നത്.

പാകിസ്താനിലെ പ്രധാന വിമാനത്താവളങ്ങള്‍ സ്വന്തമാക്കാന്‍ ഖത്തര്‍ ചര്‍ച്ച നടത്തുന്നു എന്നാണ് മറ്റൊരു വിവരം. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് ഖത്തര്‍ നോട്ടമിടുന്നത്. 2018 മുതല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ കറാച്ചി, ലാഹോര്‍ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ളതിനാല്‍ കൈമാറ്റം സാധ്യമല്ല. കേസ് തീര്‍പ്പാക്കിയ ശേഷം കൈമാറ്റം നടന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+