2 ബില്യണ്‍ ഡോളറിന്റെ വായ്പ ജെഎഫ് 17 യുദ്ധവിമാന കരാറാക്കുന്നു? പാക്-സൗദി ചര്‍ച്ചയ്ക്ക് പിന്നിലെന്ത്?
റിയാദ്: സൈനിക സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാകിസ്ഥാന്‍ വ്യോമസേനാ മേധാവി സൗദി അറേബ്യയുടെ ഉന്നത വ്യോമസേനാ കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തിയതായി പാകിസ്ഥാന്‍ സൈന്യം. പാകിസ്ഥാന്‍ വ്യോമസേനാ മേധാവി സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ധു സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയിലായിരുന്നു കൂടിക്കാഴ്ച.
റോയല്‍ സൗദി വ്യോമസേനാ കമാന്‍ഡര്‍ തുര്‍ക്കി ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഫയാദ് ബിന്‍ ഹമീദ് അല്‍-റൊവൈലി എന്നിവരുമായി സിദ്ധു ചര്‍ച്ച നടത്തി. ഉഭയകക്ഷി സഹകരണം, പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങള്‍, ഭാവി പ്രതിരോധ സഹകരണം എന്നിവയിലായിരുന്നു ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത് എന്ന് പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സൗദി പ്രതിരോധ ഉദ്യോഗസ്ഥര്‍ പ്രശംസിക്കുകയും അവരുടെ വ്യോമസേനകള്‍ തമ്മിലുള്ള ദീര്‍ഘകാല സഹകരണം എടുത്തുകാണിക്കുകയും ചെയ്തു. വര്‍ധിച്ച സംയുക്ത പരിശീലനത്തിലൂടെയും അടുത്ത പ്രവര്‍ത്തന ഏകോപനത്തിലൂടെയും പാകിസ്ഥാന്‍ വ്യോമസേനയുടെ പ്രവര്‍ത്തന അനുഭവം പ്രയോജനപ്പെടുത്തുന്നതില്‍ സൗദി സൈനിക നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചു.
മേഖലയില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ പാകിസ്ഥാന്റെ പങ്ക് സൗദി അംഗീകരിച്ചെന്നും സൈന്യം അവകാശപ്പെടുന്നു. നിലവിലെ സഹകരണ നിലവാരത്തില്‍ ഇരുപക്ഷവും സംതൃപ്തരാണ്. സംയുക്ത അഭ്യാസങ്ങള്‍, പ്രവര്‍ത്തന ഏകോപനം, പ്രൊഫഷണല്‍ വൈദഗ്ധ്യത്തിന്റെ കൈമാറ്റം എന്നിവയിലൂടെ ഇടപെടല്‍ വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു.
പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തെ ചരിത്രപരമായ ബന്ധമാണെന്നും, മതപരമായ മൂല്യങ്ങള്‍ പങ്കുവെക്കുന്നതിലും, പരസ്പര ബഹുമാനത്തിലും, തന്ത്രപരമായ താല്‍പ്പര്യങ്ങളിലും വേരൂന്നിയതാണെന്നും സിദ്ധു വിശേഷിപ്പിച്ചു. ഉഭയകക്ഷി, ബഹുമുഖ അഭ്യാസങ്ങളിലൂടെ സൈനിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴവും പ്രതിരോധ, വ്യോമയാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. പരസ്പര വിശ്വാസത്തിന്റെയും തന്ത്രപരമായ യോജിപ്പിന്റെയും അടയാളമായി പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ കരാറിനെ ഉദ്യോഗസ്ഥര്‍ പരാമര്‍ശിച്ചു.
സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളും ഒരു തന്ത്രപരമായ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. അതനുസരിച്ച് ഏതെങ്കിലും ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കും. കൂടുതല്‍ ആഴത്തിലുള്ള പ്രതിരോധ സഹകരണത്തിനായി പുതിയ മേഖലകള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇരുപക്ഷവും സമ്മതിച്ചു എന്നും സൈന്യം അറിയിച്ചു.
അതിനിടെ കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചതിന് മാസങ്ങള്‍ക്ക് ശേഷം, സൗദി അറേബ്യയില്‍ നിന്ന് ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ വായ്പകള്‍ ജെഎഫ് 17 യുദ്ധവിമാന കരാറാക്കി മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ പാകിസ്ഥാനും സൗദി അറേബ്യയും നടത്തിവരികയാണെന്ന് പാകിസ്ഥാന്‍ വൃത്തങ്ങള്‍ പറഞ്ഞു.
പാകിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചതും പാകിസ്ഥാനില്‍ നിര്‍മ്മിക്കുന്നതുമായ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ ജെഎഫ്-17 തണ്ടര്‍ ഫൈറ്റര്‍ ജെറ്റുകളുടെ വിതരണത്തില്‍ മാത്രമാണ് ചര്‍ച്ചകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ചര്‍ച്ചയിലിരിക്കുന്ന മറ്റ് സ്രോതസ്സുകളില്‍ ജെറ്റുകളാണ് പ്രാഥമിക ഓപ്ഷന്‍ എന്നും റിപ്പാര്‍ട്ടുകള്‍ വരുന്നുണ്ട്.












Click it and Unblock the Notifications