ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ്
യുഎസ്-ഇസ്രായേല്‍-ഇറാന്‍ സൈനിക സംഘര്‍ഷത്തെയും ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടലിനെയും തുടര്‍ന്ന് ആഗോള എണ്ണവിലയില്‍ കുത്തനെ വര്‍ധനവ് ഉണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ഡസന്‍ കണക്കിന് രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പല രാജ്യങ്ങളിലും പലതരത്തിലാണ് ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനിക്കാനിരിക്കെ യുഎഇയില്‍ ഇന്ധന വില പരിഷ്‌കരിക്കാനൊരുങ്ങുകയാണ്.
സാധാരണയായി ഓരോ മാസത്തേയും ഇന്ധന നിരക്ക് തൊട്ടുമുന്നിലെ മാസം അവസാനിക്കുമ്പോഴാണ് യുഎഇ പ്രഖ്യാപിക്കുന്നത്. ഇത് പ്രകാരം ഏപ്രില്‍ മാസത്തിലെ ഇന്ധന നിരക്ക് നാളെ (മാര്‍ച്ച് 31 ന്) യുഎഇ പ്രഖ്യാപിക്കും. ആഭ്യന്തര വിപണികളുമായി യോജിപ്പിക്കുന്നതിനായി 2015 ഓഗസ്റ്റില്‍ ആണ് യുഎഇ പെട്രോള്‍, ഡീസല്‍ വില നിയന്ത്രണം നീക്കിയത്. ഇതിന് പിന്നാലെയാണ് പ്രതിമാസം ഇന്ധന വില പരിഷ്‌കരിക്കുന്ന രീതി വന്നത്.

ഫെബ്രുവരി 27 ന് ബ്രെന്റിന് ബാരലിന് 72.87 ഡോളര്‍ ആയിരുന്ന ആഗോള എണ്ണ വില മാര്‍ച്ച് 30 ന് രാവിലെ ബാരലിന് 114.7 ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്, അതായത് 57 ശതമാനത്തിലധികം വര്‍ധനവ്. ഓരോ മാസത്തിന്റെയും അവസാന ദിവസം നിരക്കുകള്‍ പരിഷ്‌കരിക്കുക എന്ന നയത്തിന് അനുസൃതമായി, 2026 ഏപ്രിലിലെ പെട്രോള്‍ വില മാര്‍ച്ച് 31 ന് യുഎഇ പ്രഖ്യാപിക്കും.
ആഗോള എണ്ണ വിലയിലെ വര്‍ദ്ധനവ് കണക്കിലെടുത്ത്, യുഎഇയിലെ ഇന്ധന വില വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഔദ്യോഗിക നിരക്കുകള്‍ നാളെ സ്ഥിരീകരിക്കും. ആഗോള വിപണിയിലെ പ്രവണതകള്‍ക്ക് അനുസൃതമായി 2026 മാര്‍ച്ചില്‍ യുഎഇ ഇന്ധന വില ലിറ്ററിന് ഏകദേശം 0.14 ദിര്‍ഹം വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ സൂപ്പര്‍ 98 ലിറ്ററിന് 2.45 ദിര്‍ഹത്തില്‍ നിന്ന് 2.59 ദിര്‍ഹമായി ഉയര്‍ന്നു.
അതേസമയം സ്‌പെഷ്യല്‍ 95 2.33 ദിര്‍ഹത്തില്‍ നിന്ന് 2.48 ദിര്‍ഹമായി ഉയര്‍ന്നു. ഇ-പ്ലസ് 91 ലിറ്ററിന് 2.40 ദിര്‍ഹമായിരുന്നു, കഴിഞ്ഞ മാസം ഇത് 2.26 ദിര്‍ഹമായിരുന്നു. ഡീസല്‍ വിലയും 0.20 ദിര്‍ഹത്തില്‍ നിന്ന് 2.72 ദിര്‍ഹമായി. ഏറെക്കുറെ എല്ലാ രാജ്യങ്ങളും ഇക്കാലയളവില്‍ ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, യുഎസ്, ഓസ്ട്രേലിയ, കംബോഡിയ, ചിലി, ഡെന്‍മാര്‍ക്ക്, നൈജീരിയ, നേപ്പാള്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന, യുകെ, ദക്ഷിണ കൊറിയ, ബ്രസീല്‍, ജപ്പാന്‍, വിയറ്റ്‌നാം, ലാവോസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഇന്ധന വില വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍. ഫിന്‍ലാന്‍ഡ്, ഓസ്ട്രിയ, ഈജിപ്ത്, പോളണ്ട്, സ്‌പെയിന്‍, നോര്‍ത്ത് മാസിഡോണിയ, അല്‍ബേനിയ എന്നിവയാണ് ഇന്ധന വില വര്‍ധിപ്പിച്ച മറ്റ് രാജ്യങ്ങള്‍.
ഈ രാജ്യങ്ങളിലെല്ലാം വില വര്‍ധനവ് അഞ്ച് ശതമാനം മുതല്‍ 80 ശതമാനം വരെയാണ്. ഫെബ്രുവരി അവസാനത്തിനും മാര്‍ച്ച് മധ്യത്തിനും ഇടയില്‍ യൂറോപ്പില്‍ ശരാശരി 12 ശതമാനം ഇന്ധന വില വര്‍ധനവ് രേഖപ്പെടുത്തി. മാര്‍ച്ച് 25 വരെ, മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കാരണം ഫിലിപ്പീന്‍സിലാണ് എണ്ണ വിലയില്‍ 80 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications