ഖത്തര്‍ ക്യാമ്പസ് അടച്ചുപൂട്ടി; ഞെട്ടിച്ച് സര്‍വകലാശാലയുടെ നീക്കം... കാരണം ഇതാണ്
ദോഹ: അമേരിക്കന്‍ സര്‍വകലാശാലയായ ടെക്‌സസ് എ ആന്റ് എം ഖത്തറിലെ ക്യാമ്പസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. പശ്ചിമേഷ്യയില്‍ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വലിയ പ്രതിഷേധമാണ് സര്‍വകലാശാലയുടെ നടപടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. നിരവധി വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍വകലാശാല പിന്തിരിയണം എന്നാണ് ഉയരുന്ന ആവശ്യം.
ഖത്തറില്‍ ക്യാമ്പസ് ഇനിയും തുടരണമോ എന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ ആലോചിച്ചുവരികയാണെന്നും ഇപ്പോഴാണ് തീരുമാനം എടുത്തതെന്നുമാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. ടെക്‌സസിലും അമേരിക്കയിലുമായി പ്രവര്‍ത്തനം സജീവമാക്കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചതെന്ന് ടെക്‌സസ് എ ആന്റ് എം സര്‍വകലാശാല ചെയര്‍മാന്‍ ബില്‍ മഹോംസ് പ്രസ്താവനയില്‍ പറഞ്ഞു.

2003ലാണ് ഈ സര്‍വകലാശാലയുടെ ക്യാമ്പസ് ഖത്തറില്‍ ആരംഭിച്ചത്. ക്യാമ്പസ് പൂട്ടാനുള്ള തീരുമാനം സമ്പൂര്‍ണമായ തോതില്‍ നടപ്പാക്കുക 2028ലായിരിക്കും. അമേരിക്കയില്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റമാണ് സര്‍വകലാശാലയുടെ പുതിയ തീരുമാനത്തിന് കാരണമായി പറയപ്പെടുന്നത്. അമേരിക്കയുടെ സഖ്യകക്ഷിയാണ് ഖത്തര്‍. അതേസമയം, ഹമാസുമായും ഖത്തര്‍ ബന്ധപ്പെടുന്നുണ്ട്.
അമേരിക്കയിലെ നിരവധി സര്‍വകലാശാലകളുമായി ഖത്തര്‍ സഹകരിക്കുന്നുണ്ട്. ഖത്തര്‍ ഫൗണ്ടേഷന്‍ ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വ്യാജമായ പ്രചാരണങ്ങളുടെ ഫലമാണ് ടെക്‌സസ് എ ആന്റ് എം സര്‍വകലാശാല പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ പ്രതികരിച്ചു. ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ നല്ല വശങ്ങള്‍ ആലോചിക്കാതെയാണ് സര്‍വകലാശാല തീരുമാനം എടുത്തതെന്നും ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ടെക്‌സസ് എ ആന്റ് എം സര്‍വകലാശാലയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് ഖത്തറിലെ യുഎസ് അംബാസഡര്‍ ടിമ്മി ഡേവിസ് അഭിപ്രായപ്പെട്ടു. അമേരിക്കയുമായി ഏറ്റവും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമായ അല്‍ ഉദൈദ് ഖത്തറിലാണ്.
ഇറാനില്‍ തടവിലാക്കപ്പെട്ട അമേരിക്കക്കാരുടെ മോചനത്തിന് വഴി തെളിഞ്ഞത് ഖത്തറിന്റെ ഇടപെടലായിരുന്നു. മാത്രമല്ല, അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സഹായിച്ചതും ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമമാണ്. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്നതും ഖത്തറാണ്. ഈ സാഹചര്യത്തില്‍ ഖത്തറിനെ പിണക്കുന്നത് അമേരിക്കക്ക് മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications