ഖത്തര്‍ തളരുന്നു; ആദ്യ മൂന്ന് മാസം തിരിച്ചടി, സൗദി അറേബ്യ നേരിട്ട അതേ വെല്ലുവിളി
ദോഹ: ലോകത്ത് പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഖത്തര്‍. ഈ കൊച്ചു അറബ് രാജ്യത്തെ സമ്പന്നമാക്കി നിര്‍ത്തുന്നതും പ്രകൃതി വാതകത്തില്‍ നിന്നും ക്രൂഡ് ഓയിലില്‍ നിന്നുമുള്ള വരുമാനമാണ്. എന്നാല്‍ അടുത്ത കാലത്ത് ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. സാധാരണ ഖത്തര്‍ നേരിടാത്ത സാമ്പത്തിക സാഹചര്യമാണിപ്പോഴുള്ളത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഖത്തറിന്റെ വരുമാനത്തില്‍ ഗണ്യമായ ഇടിവ് സംഭവിക്കുന്നു എന്നതാണ് പുതിയ വിവരം. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസം 500 ദശലക്ഷം ഖത്തര്‍ റിയാലിന്റെ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിലെ മൊത്തം വരുമാനം 4900 കോടി ഖത്തര്‍ റിയാലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.5 ശതമാനം ഇടിവാണിത് എന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എണ്ണ, വാതകം എന്നിവയിലുണ്ടായ വരുമാനക്കുറവാണ് ബജറ്റ് കമ്മിക്ക് കാരണം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ എണ്ണ-വാതക വരുമാനം 4250 കോടി റിയാല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം കുറവാണിത്. ബജറ്റ് കമ്മിക്ക് പ്രധാന കാരണം വാതക-എണ്ണ വരുമാനം കുറഞ്ഞതാണ്.
ക്രൂഡ് ഓയില്‍ വില കുറയുന്നതാണ് സൗദി അറേബ്യ നേരിടുന്ന വെല്ലുവിളിയും. ജിസിസിയിലെ മറ്റു രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. എല്ലാവരും ബദല്‍ വഴികള്‍ തേടുന്നതിനിടെയാണ് ഖത്തറിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, അടുത്ത കാലത്തായി എണ്ണ ഇതര വരുമാനത്തിന് ഖത്തര്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഗുണവും പ്രകടമാണ്. ഏകദേശം 700 കോടി റിയാല്‍ ആണ് എണ്ണ ഇതര വരുമാനം. അതായത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് ഖത്തര്‍ ഭരണകൂടത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. വരുമാനം കുറഞ്ഞതുകൊണ്ട് മൊത്തം പൊതു ചെലവില്‍ 2.8 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ഖത്തറിന്റെ വ്യാപാരം
ഈ വര്‍ഷം മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ 10000 കോടി ഡോളര്‍ നിക്ഷേപം ഇറക്കാന്‍ ഖത്തര്‍ ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1500 കോടി ഡോളറാണ്. ഖത്തറിന്റെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം വാതകത്തിന്റെ 40 ശതമാനം ഖത്തറില്‍ നിന്നാണ്. ഭക്ഷ്യവസ്തുക്കളും നിര്‍മാണ സാമഗ്രികളുമാണ് ഇന്ത്യ പ്രധാനമായും ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഖത്തറിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഇരട്ടിയായിട്ടുണ്ട്. എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന ഖത്തറില്‍ 20000ത്തോളം ഇന്ത്യന്‍ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, പാകിസ്താനുമായും ഖത്തറിന് അടുത്ത ബന്ധമാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1270 കോടി റിയാലിന്റേതാണ്. ഇതില്‍ 1220 കോടി റിയാലിന്റെ വസ്തുക്കള്‍ ഖത്തര്‍ പാകിസ്താനിലേക്ക് കയറ്റുമതി ചെയ്യുന്നതാണ്. 50 കോടിയോളം വരും പാകിസ്താന്റെ ഖത്തറിലേക്കുള്ള കയറ്റുമതി. അതായത്, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വലിയ മേല്‍ക്കോയ്മ ഖത്തല്‍ നിലനിര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications