ഖത്തര്‍ വന്‍ പദ്ധതിക്ക് തുടക്കമിട്ടു; യൂറോപ്പിന് ആശ്വാസം... ഇന്ത്യയ്ക്കും നേട്ടം, റഷ്യയ്ക്ക് തിരിച്ചടിയാകും
ദോഹ: കൊച്ചു രാജ്യമാണെങ്കിലും ലോകത്തെ പ്രകൃതി വാതക ശേഖരത്തില്‍ മുന്നിലാണ് ഖത്തര്‍. ഈ പ്രകൃതി വിഭവം തന്നെയാണ് ഖത്തറിനെ ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ സഹായിക്കുന്നതും. സൗദി സഖ്യത്തിന്റെ ഉപരോധം വേഗത്തില്‍ മറികടക്കാന്‍ ഖത്തറിന് സഹായകമായത് അവരുടെ സാമ്പത്തിക ശേഷിയായിരുന്നു.
ഇന്ത്യക്കാര്‍ കൂടുതലുള്ള ഖത്തറിന്റെ പുരോഗതി പ്രവാസികള്‍ക്ക് നേട്ടമാകുമെന്നതില്‍ തര്‍ക്കമില്ല. പ്രകൃതി വാതക ശേഖരം കൂടുതലുള്ള മേഖലയില്‍ വലിയ പദ്ധതിക്ക് തുടക്കമിടുകയാണ് ഖത്തര്‍. ഇതിന്റെ തറക്കല്ലിടല്‍ കര്‍മം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നിര്‍വഹിച്ചു. പ്രകൃതി വാതക കയറ്റുമതി ഇരട്ടിയാക്കാനാണ് ഖത്തറിന്റെ നീക്കം.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതക ശേഖരമുള്ള മേഖലയാണ് ഖത്തറിന്റെയും ഇറാന്റെയും അതിര്‍ത്തി പ്രദേശം. ഇവിടെ നിന്ന് ഉല്‍പ്പാദനം വിപുലീകരിക്കാനുള്ള പദ്ധതിക്കാണ് അമീര്‍ തറക്കല്ലിട്ടിരിക്കുന്നത്. ഉപരോധം കാരണം മേഖലയില്‍ ഇടപെടുന്നതില്‍ ഇറാന് പരിമിതിയുണ്ട്. എന്നാല്‍ ഖത്തറിന്റെ ഖനനത്തിന് ഇറാന്‍ തടസവുമല്ല.
ഖത്തറിന്റെ പദ്ധതി രണ്ട് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിനാണ് ഇക്കാര്യത്തില്‍ നേട്ടം. പ്രകൃതി വാതക പ്രതിസന്ധി നേരിടുകയാണ് യൂറോപ്പ്. ഇതുവരെ അവര്‍ ആശ്രയിച്ചിരുന്ന റഷ്യയില്‍ നിന്ന് ഇപ്പോള്‍ ഇറക്കുമതിയില്ല. അമേരിക്കയുടെ നിര്‍ദേശ പ്രകാരം റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തിയിരിക്കുകയാണ് യൂറോപ്പ്. വാതകത്തിന് വേണ്ടി നിലവില്‍ യൂറോപ്പ് പ്രധാനമായും ആശ്രയിക്കുന്നത് ഖത്തറിനെയാണ്.
ദോഹയില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കുള്ള റാസ് ലഫാനിലുള്ള വാതക പാടം വിപുലീകരിക്കുകയാണ് ഖത്തര്‍. എല്‍എന്‍ജി ഉല്‍പ്പാദനത്തിലും വിതരണത്തിലും ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്ന പദ്ധതിയാണിതെന്ന് അമീര്‍ ശൈഖ് തമീം പറഞ്ഞു. ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി സഅദുല്‍ കഅബിയും ഇക്കാര്യം ആവര്‍ത്തിച്ചു. ഖത്തര്‍ എനര്‍ജിയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
60 ശതമാനം എല്‍എന്‍ജി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഖത്തറിന്റെ തീരുമാനം. 2027 ആകുമ്പോള്‍ പ്രതിവര്‍ഷം 126 ദശലക്ഷം ടണ്‍ ഉല്‍പ്പാദനമാണ് ലക്ഷ്യം. 2026ല്‍ തന്നെ പുതിയ മേഖലയില്‍ നിന്ന് ഖനനം തുടങ്ങാനാകുമെന്ന് ഖത്തര്‍ പ്രത്യാശിക്കുന്നു. ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. ഈ രാജ്യവുമായുള്ള വ്യാപാരം പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഖത്തറില്‍ നിന്നുള്ള വാതകത്തെ വലിയ തോതില്‍ ആശ്രയിക്കുന്നവരാണ്. ഖത്തറിന്റെ പുതിയ പദ്ധതിയില്‍ പ്രതീക്ഷയുണ്ടെന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജി ചെയര്‍മാന്‍ പാട്രിക് അറിയിച്ചു. യൂറോപ്പിന് കൂടുതല്‍ വാതകം വേണം. ഖത്തറിന്റെ പദ്ധതി ആശ്വാസകരമാണെന്നും പാട്രിക് കൂട്ടിച്ചേര്‍ത്തു. 150 കോടി ഡോളറിന്റെ കരാര്‍ ഖത്തറും ടോട്ടല്‍ എനര്‍ജിയും ഒപ്പുവച്ചിട്ടുണ്ട്.
ഖത്തറുമായി 27 വര്‍ഷത്തേക്കുള്ള കരാര്‍ അടുത്തിടെ ചൈന ഒപ്പുവച്ചിരുന്നു. ബ്രിട്ടന്റെ ഷെല്‍, ഇറ്റലിയുടെ ഇഎന്‍ഐ, അമേരിക്കന്‍ കമ്പനികളായ കൊണോകോ ഫിലിപ്പ്‌സ്, എക്‌സോണ്‍ മൊബൈല്‍ എന്നിവരെല്ലാം ഖത്തറുമായി കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി ഉല്‍പ്പാദിപ്പിക്കുന്നത് നാല് രാജ്യങ്ങളാണ്. ഖത്തറിന് പുറമെ, അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ എന്നിവരാണവര്‍. ലോകത്തെ മൊത്തം വാതക ശേഖരത്തിന്റെ 10 ശതമാനം ഖത്തര്‍-ഇറാന്‍ അതിര്‍ത്തിയിലെ നോര്‍ത്ത് ഫീല്‍ഡിലാണ്. യൂറോപ്പ് ഖത്തറിനെ ആശ്രയിക്കുന്നതോടെ റഷ്യ പ്രതിസന്ധിയിലാകും.












Click it and Unblock the Notifications