യുഎഇ 3500 കോടി പ്രഖ്യാപിച്ചു; തൊട്ടുപിന്നാലെ ഖത്തര്‍ 750 കോടി, ഒരു കാലത്ത് എതിര്‍ത്ത രാജ്യത്തിന്
ദോഹ: മുസ്ലിം രാജ്യങ്ങളിലെ രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളില്‍ എപ്പോഴും നിറസാന്നിധ്യമാണ് ഈജിപ്ത്. ജമാല്‍ അബ്ദുന്നാസറിന്റെ കാലത്ത് ലോകത്തെ പ്രധാന ശക്തികളിലൊന്നായിരുന്നു ഈ രാജ്യം. ഹുസ്‌നി മുബാറക് ഭരിച്ച മൂന്ന് പതിറ്റാണ്ട് സാമ്പത്തിക ഞെരുക്കത്തിലായ ഈജിപ്തിന് ഇപ്പോഴും പ്രതിസന്ധി അയഞ്ഞിട്ടില്ല. ജിസിസി രാജ്യങ്ങളെ കൂട്ടുപിടിച്ച് പരിഹാരത്തിന് ശ്രമിക്കുകയാണിവര്‍.
സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ച ഈജിപ്തിലെ പുതിയ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി കഴിഞ്ഞ ദിവസം ഖത്തര്‍ സന്ദര്‍ശിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം വലിയ പ്രതീക്ഷയോടെയാണ് മടങ്ങിയത്. ഈജിപ്തില്‍ 750 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറായിരിക്കുകയാണ് ഖത്തര്‍.

ഹുസ്‌നി മുബാറകിന്റെ അവസാന നാളുകളിലാണ് ഈജിപ്തില്‍ മുല്ലപ്പൂ വിപ്ലവം ആരംഭിച്ചത്. മുബാറകിനെ പുറത്താക്കി ഇസ്ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയതായിരുന്നു ഫലം. എന്നാല്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ ജയിലിലടച്ച് ഇസ്ലാമിസ്റ്റുകളുടെ ഭരണത്തിന് ഈജിപ്ഷ്യന്‍ സൈന്യം അന്ത്യം കുറിച്ചു. ശേഷം പ്രസിഡന്റായ സൈനിക മേധാവിയാണ് അബ്ദുല്‍ ഫത്താഫ് അല്‍ സിസി.
വിപ്ലവത്തിന് ആവേശം പകര്‍ന്നത് ഖത്തര്‍ കേന്ദ്രമായുള്ള അല്‍ ജസീറ ചാനലാണ് എന്ന് ഈജിപ്ത് ആരോപിച്ചിരുന്നു. ഖത്തറിനെതിരെ ഉപരോധം ചുമത്താന്‍ ഈജിപ്തിനെ പ്രേരിപ്പിച്ചതും ഇതുതന്നെ കാരണം. 2017 ജൂണില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
നാല് വര്‍ഷത്തിന് ശേഷം 2021ലാണ് ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചത്. സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ചര്‍ച്ചയായിരുന്നു സമാധാനത്തിന് വഴിയൊരുക്കിയത്. കുവൈത്തും ഒമാനും ഉള്‍പ്പെട്ട രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായിരുന്നു ഉപരോധം അവസാനിച്ചത്. വീണ്ടും വര്‍ഷങ്ങള്‍ മൂന്ന് പിന്നിട്ടപ്പോള്‍ ഖത്തറിന്റെ സഹായം അഭ്യര്‍ഥിച്ച് എത്തിയിരിക്കുകയാണ് ഈജിപ്ത്.
യുഎഇ 35 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു
ഈജിപ്തില്‍ 750 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. അല്‍ സിസിയുടെ ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദോഹയിലെത്തിയ അല്‍ സിസി സാമ്പത്തിക വിഷയങ്ങളും പ്രാദേശിക രാഷ്ട്രീയകാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഏതൊക്കെ മേഖലയിലാണ് നിക്ഷേപം ഇറക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈജിപ്ത്. വിദേശ കരുതല്‍ ധനത്തിന്റെ കമ്മിയാണ് വെല്ലുവിളി. പണപ്പെരുപ്പം വര്‍ധിച്ചതും തിരിച്ചടിയാണ്. അവശ്യ വസ്തുക്കളുടെ തീവിലയാണ് ഈജിപ്തിലെ ജനങ്ങളെ പൊറുതിമുട്ടിക്കുന്നത്. വിദേശ നിക്ഷേപം വന്‍തോതില്‍ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാനാണ് ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ ശ്രമം.
ഈജിപ്തിനെ സഹായിക്കാന്‍ നേരത്തെ യുഎഇ തയ്യാറായിരുന്നു. 3500 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് യുഎഇ അറിയിച്ചത്. ഐഎംഎഫ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും സഹായ സന്നദ്ധത അറിയിച്ചത് ഈജിപ്തിന് നേട്ടമാണ്. ഇനി കുവൈത്തിലേക്കാണ് സിസി പോകുന്നത്. അവിടെ നിന്നുള്ള നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്.
ഈജിപ്തിന്റെ പ്രാധാന്യം
പശ്ചിമേഷ്യയിലെ എല്ലാ പ്രശ്‌നങ്ങളിലും മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. ഇസ്രായേല്‍ പലസ്തീന്‍ വിഷയത്തില്‍ ഖത്തറും ഈജിപ്തുമാണ് മധ്യസ്ഥ ശ്രമം നടത്തുന്നത്. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലും ഖത്തര്‍ തലസ്ഥാനമായ ദോഹയിലുമായിട്ടായിരുന്നു ഈ ചര്‍ച്ചകള്‍. ഇതുവരെ ചര്‍ച്ച ഫലം കണ്ടിട്ടില്ല എന്നത് വേറെ കാര്യം.
അറബ് രാജ്യങ്ങളിലെ പ്രധാന സൈനിക ശക്തി കൂടിയാണ് ഈജിപ്ത്. ഭൂമിശാസ്ത്രപരമായും തന്ത്ര പ്രധാന മേഖലയിലാണ് ഈജിപ്ത്. ടൂറിസത്തിന് അതീവ പ്രാധാന്യം നല്‍കിയാണ് രാജ്യം മുന്നോട്ട് പോകുന്നത്. കൂടുതല്‍ വിദേശ നിക്ഷേപം എത്തിയാല്‍ സാമ്പത്തിക രംഗം ശക്തിപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണകൂടം. എംഎ യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പ് ഈജിപ്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications